കാഞ്ഞങ്ങാട്ട്: (www.kasargodvartha.com) നഗരത്തിൽ റോഡിന് ഇരുവശത്തും ഡിവൈഡറിലും സ്ഥാപിച്ച അനധികൃത ബോർഡുകൾ നീക്കം ചെയ്‌തു. പുതിയകോട്ട മുതൽ കോട്ടച്ചേരി വരെയുള്ള മൂന്ന് കിലോമീറ്റർ ദൂരത്തെ ബോർഡുകളാണ് ട്രാഫിക് പൊലീസും നഗരസഭാ അധികൃതരും ചേർന്ന് നീക്കിയത്. ട്രാഫിക് എസ്ഐമാരായ പി വി മധുസൂദനൻ, ബാബു തുടങ്ങിയവരുടെ നേതൃത്വത്തിൽ നൂറിലധികം ബോർഡുകളാണ് നീക്കം ചെയ്തത്.
രാഷ്ട്രീയ പാർടികളുടെയും, സർകസ്, ഫുഡ് ഫെസ്റ്റ്, എക്സ്പോ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ലബുകളുടെ ഫുട്‍ബോൾ മത്സരങ്ങൾ തുടങ്ങിയവയുടെ പരസ്യങ്ങൾ അടങ്ങുന്ന ബോർഡുകളാണ് സ്ഥാപിച്ചിരുന്നത്. ഇവയെല്ലാം നീക്കം ചെയ്തു. ഹൈകോടതി നിർദേശപ്രകാരം റോഡിന് ഇരുവശവും ഒരുതരത്തിലുള്ള പരസ്യങ്ങളോ ബോർഡുകളോ കൊടി തോരണങ്ങളോ സ്ഥാപിക്കരുതെന്ന് ഉത്തരവ് നിലവിലുണ്ട്.
പൊലീസിന്റെ കൺട്രോൾ റൂം നമ്പറായ 112 (എമർജൻസി റെസ്‌പോൺസ് സപോർട് സിസ്റ്റം) ലേക്ക് വിളിച്ച് നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നതെന്ന് ട്രാഫിക് പൊലീസ് പറഞ്ഞു. തുടർന്നും ഇത്തരം നിയമ ലംഘനങ്ങൾ ഉണ്ടായാൽ പിഴയടക്കമുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ട്രാഫിക് എസ്ഐ മധുസൂദനൻ കാസർകോട് വാർത്തയോട് പറഞ്ഞു.
ഡിവൈഡറിലടക്കം സ്ഥാപിച്ചിട്ടുള്ള വിവിധ സ്ഥാപനങ്ങളുടെയും മത, രാഷ്ട്രീയ, സാമൂഹ്യ സംഘടനകളുടെയും ബോർഡുകൾ വാഹനമോടിക്കുന്നവരുടെ കാഴ്ച മറക്കുന്നതായും ഇത് അപകടത്തിന് വഴിവെക്കുമെന്നും പരാതി ഉയർന്നിരുന്നു. കൂടാതെ ഇത്തരം ബോർഡുകൾ നഗര മധ്യത്തിൽ സ്ഥാപിക്കുന്നതിന് നഗരസഭയുടെ വിലക്കുണ്ടെങ്കിലും പലരും ഇത് വകവെക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
പരസ്യ ബോർഡുകൾ സ്ഥാപിന്നതിന് നികുതി ഈടാക്കിയായിരുന്നു നേരത്തെ നഗരസഭ അനുമതി നൽകിയിരുന്നത്. എന്നാലിപ്പോൾ ഇത്തരമൊരു നിയമം ഇല്ലാത്തത് മൂലം നികുതി ഈടാക്കാൻ നഗരസഭയ്ക്ക് സാധിക്കുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് പലരും വലിയ ബോർഡുകൾ അടക്കം സ്ഥാപിക്കാൻ തുടങ്ങിയത്. പരാതി ശക്തമായതോടെയാണ് പൊലീസ് തന്നെ ശക്തമായി രംഗത്തിറങ്ങിയത്.
Keywords: News, Kanhangad, Kasaragod, Kerala, Road, Board, Divider, Illegal boards erected on both sides of road and on divider removed.
< !- START disable copy paste -->