മംഗ്ളുറു: (www.kasargodvartha.com) തിരഞ്ഞെടുപ്പ് കാലം സംസ്ഥാന അതിരുകൾ കടന്നെത്തുന്ന സൗഹൃദ പ്രചാരണങ്ങൾക്ക് ദക്ഷിണ കന്നഡ, ഉഡുപി ജില്ലകളിൽ തുടർച്ച. മഞ്ചേശ്വരം എംഎൽഎ എകെഎം അശ്റഫ്, അടുത്ത ബുധനാഴ്ച നടക്കുന്ന കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥികളുടെ പ്രചാരണത്തിൽ സജീവം. മുസ്‌ലിം ലീഗ് കേരള സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടിയുൾപെടെ പാർടി നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണിതെന്ന് അശ്റഫ് പറഞ്ഞു.
തിരഞ്ഞെടുപ്പ് കാലത്തെ കൊടുക്കൽ, വാങ്ങലിന്റെ ആവർത്തനം കൂടിയാണ് ഈ പ്രചാരണ ദൗത്യം. മഞ്ചേശ്വരം പ്രചാരണത്തിലും പിന്തുണ നൽകിയും സജീവമാവാറുള്ള യുടി ഖാദർ എംഎൽഎ മംഗ്ളൂറിലും മുൻമന്ത്രി ബി രമാനാഥ റൈ ബണ്ട്വാളിലും മുൻമന്ത്രി വിനയകുമാർ സൊറകെ ഉഡുപി ജില്ലയിലെ കൗപിലും ജനവിധി തേടുകയാണ്.
കർണാടകയിൽ കോൺഗ്രസ് ഹൈകമാൻഡ് പ്രചാരണത്തിന് നിയോഗിച്ച മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ, യുഡിഎഫ് കാസർകോട് ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജി , കാസർകോട് ഡിസിസി പ്രസിഡണ്ട് അഡ്വ. പികെ ഫൈസൽ, ഐഷൽ ഫൗൻഡേഷൻ ചെയർമാൻ അബ്ദുല്ലത്വീഫ് ഉപ്പള തുടങ്ങിയവർക്കൊപ്പമാണ് മംഗ്ളുറു നോർത് മണ്ഡലത്തിൽ പ്രചാരണം നടത്തിയത്. ഈ മണ്ഡലത്തിൽ കന്നിയങ്കം കുറിച്ച ഇനായത്ത് അലിക്ക് വേണ്ടി മഞ്ചേശ്വരം എംഎൽഎ കന്നഡയിലും തുളുവിലും വോടഭ്യർത്ഥിച്ചു. ഉളായിബട്ടു പ്രദേശത്തെ മൂന്ന് ബൂതുകളിലെ നൂറിലേറെ വീടുകളിൽ നേരിട് കയറിയിറങ്ങി.