കാഞ്ഞങ്ങാട്: (www.kasargodvartha.com) നഗരത്തിൽ വീണ്ടും പണം വേട്ട. രേഖകളില്ലാതെ സ്‌കൂടറിൽ കടത്തിയ 5.93 ലക്ഷം രൂപയുമായി യുവാവ് അറസ്റ്റില്‍. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ കെഎ മുഹമ്മദ് അനസ് (33) ആണ് അറസ്റ്റിലായത്. ഹൊസ്ദുർഗ് ഇന്‍സ്പെക്ടര്‍ കെപി ഷൈനിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൊവ്വാഴ്ച രാവിലെ കാഞ്ഞങ്ങാട് നഗരത്തില്‍ വാഹന പരിശോധനയ്ക്കിടെയാണ് പണം പിടികൂടിയത്. കുഴല്‍പണമാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
വൻതോതിൽ ജില്ലയിലേക്ക് പണം ഒഴുകുന്നതായി ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാഹന പരിശോധനയിൽ സ്‌കൂടറിൽ നിന്നും 5.93 ലക്ഷം രൂപയുടെ കുഴല്‍ പണം പിടികൂടിയതെന്ന് ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെപി ഷൈൻ കാസർകോട് വാർത്തയോട് പറഞ്ഞു.
ഏതാനും ദിവസം മുമ്പ് കാഞ്ഞങ്ങാട് കല്ലുരാവിയിൽ വെച്ച് നടത്തിയ പരിശോധനയിൽ 67 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടിയിരുന്നു. കെഎൽ 14 ടി 9449 നമ്പർ സ്കൂടറിൽ കടത്തുമ്പോഴാണ് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ നാലുപുരപ്പാട്ടിൽ ഹാരിസിനെ (39) അറസ്റ്റ് ചെയ്തിരുന്നത്. ഇതിന് പിന്നാലെയാണ് വീണ്ടും പണം പിടികൂടിയിരിക്കുന്നത്.
Keywords: News, Top-Headlines, Kasargod, Police, Kanhangad, Youth, Cash, Arrest, Scooter, Police Station, Money, Youth with cash worth over Rs. 5.93 lakh held.