കൈക്കൂലിക്കാരനായ ഉദ്യാഗസ്ഥനെ പിടികൂടിയ കേസിൽ ആദ്യമായി പട്ടയം ലഭ്യമാക്കിയതിന്റെ നിർവൃതിയിലായിരുന്നു വിജിലൻസ് ഡിവൈ എസ് പി കെവി വേണുഗോപാലും സഹപ്രവർത്തകരും. കൈക്കൂലി കേസിൽ ചീമേനി വിലേജ് ഓഫീസറെ വിജിലൻസ് പിടികൂടിയതിനാൽ ഇനി പട്ടയം കിട്ടില്ലെന്ന പലരുടെയും വാക്കുകൾ കേട്ട് ആശങ്കയിലായിരുന്ന നിഷയ്ക്കും സന്തോഷം മറച്ചുവെക്കാനായില്ല.
വിജിലൻസ് പിടികൂടിയ ദിവസം തന്നെ ഇനി പട്ടയം കിട്ടില്ലേ സാറെ, എന്ന് നിഷ ഡിവൈ എസ് പിയോട് ചോദിച്ചിരുന്നു. നിഷയ്‌ക്ക് അർഹതപ്പെട്ടതാണെങ്കിൽ കിട്ടിയിരിക്കും എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. അതിന്റെ സാഫല്യം കൂടിയായി പട്ടയ വിതരണം. വിജിലൻസ് അധികൃതരുടെ കരുതലിലും നടപടികളിലും ആശങ്കകൾ അസ്ഥാനത്താവുകയും തിങ്കളാഴ്ച രാവിലെ എത്തി അരയേകർ ഭൂമിയുടെ പട്ടയം നിഷ സ്‌പെഷ്യൽ തഹസിൽദാറിൽ നിന്ന് ഏറ്റുവാങ്ങുകയും ചെയ്തു. പട്ടയം വാങ്ങിയ ശേഷം വിജിലൻസ് ഓഫീസിലെത്തി ഡിവൈ എസ് പിക്കും സംഘത്തിനും നന്ദിപറഞ്ഞ ശേഷമാണ് നിഷ ചീമേനിയിലെ വീട്ടിലേക്ക് മടങ്ങിയത്.
2021 നവംബർ അഞ്ചിനാണ് നിഷയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ചീമേനി വിലേജ് ഓഫീസർ കെ വി സന്തോഷിനെയും ഫീൽഡ് അസിസ്റ്റൻഡ് കെസി മഹേഷിനെയും കയ്യോടെ പിടികൂടിയതെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. മുക്കട പാലത്തിന് അടുത്ത പെരിങ്ങാര മന്ദച്ചംവയലിലെ 50 സെന്റ് സ്ഥലത്തിന് നിഷയുടെ മുത്തശ്ശി മേലത്ത് വളപ്പിൽ ലക്ഷ്മി അമ്മയും അവരുടെ മകൻ നിഷയുടെ അച്ഛൻ കെ നാരായണനും 20 വർഷമായി നികുതി അടച്ചുവരുന്നുണ്ട്. 70 കൊല്ലമായി കൈയിലുള്ള ഈ സ്ഥലത്തിന് പട്ടയം കിട്ടാൻ 2019 മുതൽ വിലേജ് ഓഫീസിൽ കയറുന്നുണ്ട് ഈ കുടുംബം.
2019 ൽ നികുതി അടച്ചതിന് ശേഷം രേഖകൾ കംപ്യൂടറിൽ കയറ്റിയതിനാൽ തുടർന്ന് നികുതി അടക്കാൻ പറ്റില്ലെന്ന് പറഞ്ഞു. മറ്റു രേഖകളൊന്നും ഇല്ലാത്തതിനാൽ പട്ടയം കിട്ടാൻ ബുദ്ധിമുട്ടാകും, കാണേണ്ട പോലെ കണ്ടാൽ ശരിയാക്കി തരാമെന്നായിരുന്നു വിലേജ് ഓഫീസർ സന്തോഷ്, തന്നോടും അച്ഛനോടും പറഞ്ഞിരുന്നതെന്നാണ് നിഷ പറയുന്നത്. എൻഡോസൾഫാൻ ദുരിത ബാധിതനായ മകന്റെ ചികിത്സയടക്കം നടത്തി ജീവിക്കാൻ ദുരിതവഴികൾ താണ്ടുമ്പോൾ ആണ് വിലേജ് ഓഫീസറുടെ ഭാഗത്തുനിന്നും കരുണയില്ലാത്ത നടപടി ഉണ്ടായത്. ഒന്നര ലക്ഷം രൂപയാണ് ആദ്യം ആവശ്യപ്പെട്ടതെന്നും കെട്ടുതാലി മാത്രമാണുള്ളതെന്ന് പറഞ്ഞപ്പോൾ എങ്കിൽ അത് വിറ്റിട്ട് 25,000 രൂപയുമായി വരാൻ വിലേജ് ഓഫീസർ പറഞ്ഞെന്നുമാണ് ആരോപണം.
ധീരയായ നിഷ പക്ഷേ അതിന് മുമ്പിൽ തോറ്റു കൊടുക്കാൻ തയ്യാറായില്ല. വിവരം വിജിലൻസിനെ അറിയിച്ച ശേഷം ആദ്യ ഘഡുവെന്ന നിലയിൽ വിജിലൻസ് പൊടി വിതറിയ 10,000 രൂപയുമായി ചെന്നപ്പോൾ ആണ് വിലേജ് ഓഫീസർ വിജിലൻസിന്റെ കെണിയിൽ വീണത്. വിജിലൻസ് കേസിൽ അകപെട്ടതോടെ ഇനി പട്ടയം കിട്ടില്ലെന്ന് പ്രചരിപ്പിക്കാനും നിഷയെ കുറ്റപ്പെടുത്താനും പലരുമുണ്ടായി. എന്നാൽ കാസർകോട് വിജിലൻസ് ഡിവൈ എസ് പി കെ വി വേണുഗോപാലൻ കേസിന്റെ വിശദവിവരം ഉൾപെടുത്തി ചീഫ് സെക്രടറിക്ക് റിപോർട് നൽകി. കാസർകോട് കലക്ട്രേറ്റിൽ നിന്നും വിവരം തേടിയ ചീഫ് സെക്രടറി അന്വേഷണം നടത്താൻ ആവശ്യപ്പെട്ടു.
ഭൂമി സംബന്ധിച്ച എല്ലാ കാര്യങ്ങളും വിജിലൻസ് ലാൻഡ് ട്രിബ്യുണലിനെയും അറിയിച്ചു. തുടർന്നുള്ള നടപടികളെല്ലാം വേഗത്തിലായി. നിഷ ഭൂമിയുടെ നേരവകാശിയുമായി. നിഷയുടെ പോരാട്ടം കൈക്കൂലി ആവശ്യപ്പെട്ട് ബുദ്ധിമുട്ടിക്കുന്ന മറ്റുള്ളവർക്കും പ്രചോദനമാകണമെന്ന് വിജിലൻസ് ഡിവൈ എസ് പി കെവി വേണുഗോപാലൻ കാസർകോട് വാർത്തയോട് പറഞ്ഞു.
Keywords: News, Top-Headlines, Kasargod, Vigilance, Bribery, Case, Tax, Office, Investigation, Report, Vigilance help for Nisha of Cheemeni.