കോഴിക്കോട്: (www.kvartha.com) താമരശ്ശേരി ചുരത്തില്‍ ഏപ്രില്‍ അഞ്ച് മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പെടുത്തും. ചുരത്തിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പൊതു അവധി ദിവസങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളിലും വൈകുന്നേരം മൂന്നു മണി മുതല്‍ രാത്രി ഒന്‍പത് മണി വരെ ഭാരം കൂടിയ ട്രകുകള്‍, ലോറികള്‍, മള്‍ടി ആക്‌സില്‍ വാഹനങ്ങള്‍, ഓവര്‍ ഡൈമെന്‍ഷനല്‍ ട്രക് എന്നിവയ്ക്ക് ചുരത്തിലൂടെ പ്രവേശനമില്ല.
ഉത്സവാഘോഷങ്ങള്‍, സ്‌കൂള്‍ അവധിക്കാലം തുടങ്ങി പൊതു അവധികള്‍ മുന്നില്‍ കണ്ട് താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം ദുഷ്‌കരമാകുന്നത് തടയാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അതേസമയം ചുരത്തിലുണ്ടാകുന്ന അപകടങ്ങള്‍, വാഹന തകരാറുകള്‍ എന്നിവ അടിയന്തിരമായി പരിഹരിച്ച് ഗതാഗതം പുനഃസ്ഥാപിക്കാനായി എമെര്‍ജന്‍സി സെന്റര്‍ സംവിധാനം പൊലീസ് സ്റ്റേഷനില്‍ സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനിച്ചു. ചുരത്തില്‍ വാഹനങ്ങള്‍ പാര്‍ക് ചെയ്യാന്‍ അനുവദിക്കില്ല.
യാത്രക്കാര്‍ക്ക് ശുചിമുറി സൗകര്യം ഉറപ്പാക്കുന്നതിനായി അടിവാരത്തുള്ള ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ ശുചിമുറി അനുവദിക്കാനും യോഗത്തില്‍ തീരുമാനമായി. ചുരത്തിലെ എല്ലാ കടകളും സ്ഥാപനങ്ങളും അവരുടെ അമ്പത് മീറ്റര്‍ ചുറ്റളവിലുള്ള എല്ലാ മാലിന്യവും സ്വയം നീക്കം ചെയ്യണമെന്നും ഇല്ലെങ്കില്‍ പൊലീസിനും പഞ്ചായതിനും ഫൈന്‍ ഈടാക്കാമെന്നും യോഗം അറിയിച്ചു. ചുരത്തില്‍ പുറമ്പോക്ക് കയ്യേറ്റം നടത്തി കടകളും സ്ഥാപനങ്ങളും സ്ഥാപിച്ചത് ഒഴിവാക്കാനായി സര്‍വെ നടത്തി നടപടി സ്വീകരിക്കും. ചുരത്തില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടാകുന്ന സാഹചര്യമുണ്ടെങ്കില്‍ അടിവാരത്തില്‍ നിന്നും ലക്കിടിയില്‍ നിന്നും വാഹനങ്ങള്‍ കടത്തിവിടുന്നത് നിയന്ത്രിക്കാന്‍ പൊലീസ് നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.
Keywords: Kozhikode, news, Kerala, Traffic, Top-Headlines, Road, District Collector, Traffic control at Thamarassery Pass from April 5.