പിലിക്കോട്: (www.kasargodvartha.com) സമകാലീന ഇന്‍ഡ്യന്‍ സഹചര്യത്തില്‍ ശാസ്ത്ര പ്രവര്‍ത്തനം കൂടുതല്‍ ഗൗരവത്തില്‍ ഏറ്റെടുക്കേണ്ടതാണെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ ജെനറല്‍ സെക്രടറി ഡോ. സി രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പിലിക്കോട് യൂനിറ്റ് സമ്മേളനം കാലിക്കടവ് രമ്യ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയില്‍ Scientific temper എന്ന ലക്ഷ്യം മുന്നോട്ടുവെച്ച അപൂര്‍വം രാജ്യങ്ങളില്‍ ഒന്നാണ് ഇന്‍ഡ്യ. പക്ഷെ, ശാസ്ത്ര നേട്ടങ്ങളെ എല്ലാം തന്നെ ശാസ്ത്ര വിരുദ്ധത പ്രചരിപ്പിക്കാനും അതുവഴി ശാസ്ത്ര നിരാസം ലക്ഷ്യം വെക്കുകയും ചെയ്യുന്ന ഇന്‍ഡ്യന്‍ ഭരണകൂടത്തിന്റെ ചെയ്തികളെ കാണാതിരിക്കാനും കഴിയില്ല.
നമ്മുടെ നാട്ടിലും ജാതീയതയും വര്‍ഗീയതയും നമ്മള്‍ അറിയാതെ വര്‍ധിച്ചു വരുന്നത് കാണാന്‍ നമുക്ക് കഴിയേണ്ടതായിട്ടുണ്ട്. അതുകൊണ്ടുതന്നെ ശാസ്ത്രാവബോധം വികസിപ്പിക്കുക മാത്രമാണ് ഇതിനെതിരായ പ്രതിരോധത്തിന്റെ വഴി.
ഇത്തരം പ്രതിരോധങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരിക പരിഷത്ത് പോലുള്ള സംഘടനകളുടെ ഉത്തരവാദിത്വമായി മാറണം. ഈ ഭൂമുഖത്ത് ജീവന്റെ നിലനില്പിനെ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയുണ്ട്. കാലാവസ്ഥാ വ്യതിയാനവും, ആഗോളതാപനവും അതീവ ഗൗരവമായ ഒരു വിഷയമായി മാറിയിരിക്കുന്നു. ജീവരാശിയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയായി അവ വളര്‍ന്നു കഴിഞ്ഞു. 600 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള കടല്‍ത്തീരമുള്ള നമ്മുടെ നാട് കേരളം, പ്രത്യക്ഷമായി ഇത് ബാധിക്കുന്നയിടമായി മാറിക്കഴിഞ്ഞു.
ഇത് നമ്മുടെ കാലാവസ്ഥയില്‍ വന്ന മാറ്റങ്ങള്‍ വ്യക്തമാക്കുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് കാര്‍ബണ്‍ ന്യൂട്രല്‍ പ്രവര്‍ത്തനങ്ങളെ നമ്മള്‍ കാണേണ്ടത്.
ജീവിത സുരക്ഷയ്ക്കുള്ള പല തരത്തിലുള്ള പ്രവര്‍ത്തനങ്ങളും നാട്ടില്‍ നടക്കേണ്ടതുണ്ട്. അത്, ഭക്ഷ്യസുരക്ഷയാവാം, ജലസുരക്ഷയാവാം, ആരോഗ്യ സുരക്ഷയാവാം, പാരിസ്ഥിതിക സുരക്ഷയാവാം, യാത്രാ സുരക്ഷയാവാം, ഊര്‍ജ സുരക്ഷയാവാം, വയോജന സുരക്ഷയാവാം, മാലിന്യങ്ങളില്‍ നിന്നുള്ള സുരക്ഷയാവാം. ഇത്തരം മേഖലകളില്‍ പൊതു സമൂഹത്തിന്റെ വര്‍ധിതമായ പങ്കാളിത്തത്തോടെയും, അവരുടെ ജീവിതവുമായി ബന്ധപ്പെടുത്തിയും പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നമുക്ക് കഴിയണം.
ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദഗ്ധരേയും, സാമൂഹ്യ പ്രവര്‍ത്തകരേയും കൂട്ടിയിണക്കുന്ന കണ്ണിയായി മാറാന്‍ ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ക്ക് കഴിയേണ്ടതുണ്ട്.
കേന്ദ്ര നിര്‍വാഹക സമിതിയംഗം കെ പ്രേംരാജ്, ജില്ലാ കമിറ്റിയംഗം പി വി പ്രദീപ്, മുന്‍ ജില്ല സെക്രടറിമാരായ ടി വി ശ്രീധരന്‍, എം കെ ഹരിദാസ്, കെ ബാലചന്ദ്രന്‍, മുന്‍ ജില്ലാ കമിറ്റിയംഗം സി എം മീനാകുമാരി, കെ പ്രഭാകരന്‍, ഉമേഷ്, രതീഷ് പിലിക്കോട് എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു. പി ടി രാജേഷ് അധ്യക്ഷത വഹിച്ചു. കെ പി രാമചന്ദ്രന്‍ സ്വാഗതവും പി വി ശശീന്ദ്രന്‍ നന്ദിയും പറഞ്ഞു. പതിമൂന്നംഗ കമിറ്റിയെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍: ടി വി ശ്രീധരന്‍ -പ്രസിഡന്റ്. കെ ബാലചന്ദ്രന്‍ - വൈസ് പ്രസിഡന്റ്.
ഭരതന്‍ പിലിക്കോട്- സെക്രടറി. പി വി ശശീന്ദ്രന്‍ - ജോ. സെക്രടറി.