ന്യൂഡെല്‍ഹി: (www.kasargodvartha.com) ലോകത്തിലെ ഏറ്റവും കാഠിന്യമേറിയ മത്സരങ്ങളിലൊന്നായ ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ച് മലയാളി നാവികന്‍ അഭിലാഷ് ടോമി. നിലവില്‍ ദക്ഷിണാഫ്രികന്‍ വനിതതാരം കിര്‍സ്റ്റന്‍ ന്യൂഷാഫറാണ് ഒന്നാം സ്ഥാനത്ത്. ഗോള്‍ഡന്‍ ഗ്ലോബ് റേസിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത ഒന്നാമതെത്തുന്നത്.
ഫിനിഷിങ് പോയിന്റായ ലെ സാബ്ലേ ദൊലാനില്‍ അഭിലാഷ് ടോമി വെള്ളിയാഴ്ച രാത്രിയോടെ എത്തുമെന്നാണ് പ്രതീക്ഷ. 16 മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കുന്ന ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ ഇനി അവശേഷിക്കുന്നത് അഭിലാഷ് ടോമി ഉള്‍പെടെ മൂന്ന് പേര്‍ മാത്രമാണ്. ഇതാദ്യമായാണ് ഒരു ഇന്‍ഡ്യക്കാരന്‍ ഗോള്‍ഡന്‍ ഗ്ലോബ് റേസിന്റെ പോഡിയത്തില്‍ ഇടംനേടുന്നത്.
കടലിലെ തിരമാലകളോട് ഒറ്റയ്ക്ക് പൊരുതി മുന്നേറുന്ന അഭിലാഷ് വിജയിക്കുന്നതോടെ ഇന്‍ഡ്യയ്ക്കാകെ അത് അഭിമാനമായി മാറും. എട്ട് മാസത്തോളം പിന്നിട്ട മത്സരം പൂര്‍ത്തിയാക്കാന്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നതെന്ന് ഫിനിഷിങ് ലൈനിലേക്കെത്തും മുമ്പുള്ള അവസാന ഫോണ്‍ കോളില്‍ അഭിലാഷ് ടോമി വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച അഭിലാഷ് ടോമി ലീഡെടുത്തെങ്കിലും തൊട്ടടുത്ത ദിവസം തന്നെ കിര്‍സ്റ്റന്‍ ലീഡ് തിരിച്ച് പിടിച്ചിരുന്നു. അഭിലാഷ് ടോമിയേക്കാള്‍ നൂറ് നോടിക്കല്‍ മൈലില്‍ അധികം മുന്നിലുള്ള കിര്‍സ്റ്റണ്‍ കിരീടം ഉറപ്പിച്ചു കഴിഞ്ഞു.
അതേസമയം 2022 സെപ്റ്റംബറിലും 2018ലും അഭിലാഷ് ടോമി ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ പങ്കെടുത്തിരുന്നു. 2018ല്‍ പക്ഷേ ഇന്‍ഡ്യ്യന്‍ മഹാസമുദ്രത്തിലുണ്ടായ കൊടുങ്കാറ്റില്‍ യാച്ച് തകര്‍ന്നതോടെ ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. സാരമായി പരുക്കേറ്റ അഭിലാഷിന്റെ നില ഗുരുതരമായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും ചെയ്തിരുന്നു.
Keywords: New Delhi, News, National, Sports, Top-Headlines, Abhilash Tommy, Win, Golden Globe race, Sailor Abhilash Tommy secured second position in Golden Globe race.