Join Whatsapp Group. Join now!
Aster MIMS 22/05/2023

Eid-Ul-Fitr | ഈദുല്‍ ഫിത്വര്‍ ആശംസകള്‍ നേര്‍ന്ന് പ്രമുഖര്‍; സ്‌നേഹ സന്ദേശം പകര്‍ന്ന് ആഘോഷിക്കണമെന്ന് ജിഫ്രി തങ്ങള്‍; റമദാന്‍ പകര്‍ന്ന ആത്മീയ കരുത്തോടെ വരവേല്‍ക്കണമെന്ന് കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍; സൗഹൃദം വിതറി സജീവമാക്കണമെന്ന് കേരള മുസ്ലിം ജമാഅത്; ഐക്യവും കരുണയും നിലനിര്‍ത്തണമെന്ന് കല്ലട്ര മാഹിന്‍ ഹാജി

വിശ്വാസികൾ ശനിയാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും Eid-Ul-Fitr-News, #Ramadan-News, #Muslim-Festivals, #പെരുന്നാൾ-വാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) റമദാന്‍ വ്രതത്തിലൂടെ സംസ്‌കരിച്ച മനസും ശരീരവുമായി ഇസ്ലാം മത വിശ്വാസികള്‍ ശനിയാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. മത - സാമൂഹ്യ - സാംസ്‌കാരിക - രാഷ്ട്രീയ മേഖലകളിലെ നിരവധി പേര്‍ ഈദുല്‍ ഫിത്വര്‍ ആശംസകള്‍ നേര്‍ന്നു.
       
Eid-Ul-Fitr-News, Ramadan-News, Muslim-Festivals, Eid-Ul-Fitr 2023, Eid Mubarak, Kerala News, Kasaragod News, Malayalam News, Eid-Ul-Fitr Celebration, Muslim League Kasaragod, Prominent people wish Eid-ul-Fitr.

സ്‌നേഹ സന്ദേശം പകര്‍ന്ന് പെരുന്നാള്‍ ആഘോഷിക്കണമെന്ന് ജിഫ്രി തങ്ങള്‍

കാഞ്ഞങ്ങാട്: സ്‌നേഹം വിതയ്ക്കുകയും ശാന്തി കൊയ്‌തെടുക്കുകയും ചെയ്തിരുന്ന ഇന്‍ഡ്യന്‍ പൈതൃകത്തിന്റെ വീണ്ടെടുപ്പിനായുള്ള പ്രാര്‍ഥനയോടെയും സ്‌നേഹ സൗഹൃദങ്ങളുടെ പങ്കുവെക്കലുകളിലൂടെയും ഈദുല്‍ ഫിത്വര്‍ ആഘോഷത്തെ അര്‍ഥപൂര്‍ണമാക്കാന്‍ കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആഹ്വാനം ചെയ്തു. ശരീരത്തെയും മനസിനെയും ദൈവ പ്രീതിയുടെ ഉരകല്ലിലിട്ടുരയ്ക്കും വിധം സ്ഫുടം ചെയ്‌തെടുത്ത് ആസക്തിക്കെതിരെയുള്ള യുദ്ധം ജയിച്ച വിശ്വാസിയുടെ പുതുജീവിതത്തിലേക്കുള്ള പ്രവേശന കവാടമാണ് ഈദുല്‍ ഫിത്വര്‍.

ഭൂമിയിലൊരാളും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഫിത്വര്‍ സകാത് നിര്‍ബന്ധമാക്കിയ മതം സഹജീവികളുടെ ദാരിദ്ര്യവും പട്ടിണിയും പ്രയാസങ്ങളും പരിവട്ടങ്ങളും തിരിച്ചറിയുന്നതിനു വേണ്ടി കൂടിയാണ് പകല്‍ മുഴുവന്‍ ആഹാരനിഹാരാധികള്‍ കണിശമായി വെടിയുന്ന വ്രതം നിര്‍ബന്ധമാക്കിയത്. വ്രതത്തില്‍ നിന്ന് കൈവല്യമായ വിശ്വാസ ദാര്‍ഢ്യവും ജീവിത സംസ്‌കൃതിയും അടുത്ത പതിനൊന്നു മാസത്തെ വിശ്വാസിയുടെ ജീവിതത്തെ സമഗ്രമായി സ്വാധീനിക്കുന്നുണ്ട്. ദൈവപ്രീതിക്കായി അവന്റെ കല്പനകളെന്തും ശിരസാവഹിക്കുകയും നിരോധനങ്ങളെന്തും വര്‍ജിക്കുകയും ചെയ്യുന്നതോടൊപ്പം കാരുണ്യത്തിന്റെ മൂര്‍ത്തിമല്‍ഭാവമായ പടച്ചവന്റെ പ്രാതിനിധ്യ വ്യവസ്ഥയോട് നീതിപുലര്‍ത്തി പ്രപഞ്ചത്തോടും അതിലെ സകല ജീവജാലങ്ങളോടും കാരുണ്യ പൂര്‍ണമായ സമീപനം സ്വീകരിക്കുക എന്നതും ഈ സ്വാധീനത്തിന്റെ തേട്ടമാണ്.

ലോകമെങ്ങും വംശീയ വര്‍ഗീയ ശക്തികളും വെറുപ്പിന്റെ വ്യാപാരികളും അധീശത്വം സ്ഥാപിക്കുകയും മാനവികതയെ ഉന്മൂലനം ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രപഞ്ചത്തോടും അതിലെ ജീവജാലങ്ങളോടുമുള്ള ഗുണകാംക്ഷയാണ് മതമെന്ന് പഠിപ്പിച്ച പ്രവാചകാനുയായികളുടെ ആഘോഷം എല്ലാ ജനവിഭാഗങ്ങള്‍ക്കും പങ്കാളികളാകാനും അവര്‍ക്കെല്ലാം ആത്മഹര്‍ഷമടയാനും സാധിക്കുന്ന വിധത്തിലായിരിക്കണം. പശുവിന്റെ പേരിലും വേഷത്തിന്റെ പേരിലും വിശ്വാസത്തിന്റെ പേരിലും അനുദിനം മനുഷ്യര്‍ കൊല്ലപ്പെട്ടു കൊണ്ടിരിക്കുകയും നോമ്പെടുക്കുവാനോ പെരുന്നാള്‍ ആഘോഷിക്കുവാനോ കഴിയാത്ത വിധം വിശ്വാസ ജന കോടികള്‍ ദുരിതക്കയങ്ങളില്‍ കൈകാലിട്ടടിക്കുമ്പൊള്‍ അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആരാധനയായി പരിഗണിക്കപ്പെടേണ്ട ഒരാഘോഷത്തിന് എത്രമാത്രം പരിമിതിയെന്ന് ആലോചിക്കേണ്ട മുഹൂര്‍ത്തമാണിത്. മതം വിലക്കിയ ആഭാസങ്ങളുടെയും നിയമലംഘന പ്രവര്‍ത്തനങ്ങളുടെയും ബൈക് അഭ്യാസ പ്രകടനങ്ങളുടേയും കൂത്തരങ്ങായി പെരുന്നാളിനെ മാറ്റുന്ന ഒറ്റപ്പെട്ടവരെ അത്തരം പ്രക്രിയകളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മഹല്ല് നേതൃത്വവും മതപണ്ഡിതന്മാരും ജാഗ്രത പുലര്‍ത്തണമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

റമദാന്‍ പകര്‍ന്ന ആത്മീയ കരുത്തോടെ ഈദുല്‍ ഫിത്വറിനെ വരവേല്‍ക്കണമെന്ന് കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍

കുമ്പള : വിശുദ്ധ റമദാന്‍ പകര്‍ന്നു തന്ന ആത്മീമായ ഉണര്‍വും ഊര്‍ജവും കരുത്താക്കി ഈദുല്‍ ഫിത്വറിനെ വരവേല്‍ക്കണമെന്ന് ജാമിഅ സഅദിയ്യ പ്രസിഡന്റും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ഉപാധ്യക്ഷനുമായ സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പെരുന്നാള്‍ സന്ദേശത്തില്‍ അറിയിച്ചു. കുടുംബ അയല്‍പക്ക ബന്ധങ്ങള്‍ വളര്‍ത്താനും മതസൗഹാര്‍ദവും നാടിന്റെ സമാധാനവും നിലനിര്‍ത്താനും ആഘോഷ ദിനങ്ങളെ ഉപയോഗപ്പെടുത്തണെമെന്നും അദ്ദേഹം പറഞ്ഞു. ത്യാഗ സമര്‍പണത്തിന്റെ സാഫല്യമായി വിരുന്നെത്തിയ പെരുന്നാളിനെ സ്നേഹം കൊണ്ടും പരസ്പര സഹകരണം കൊണ്ടുമാണ് ധന്യമാക്കേണ്ടത്. ആഘോഷ ദിവസം മതം വിലക്കിയ ഒരു പ്രവര്‍ത്തനങ്ങളിലേക്കും തിരിയാതിരിക്കാന്‍ വിശ്വാസി സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും തങ്ങള്‍ ഉണര്‍ത്തി.

സ്നേഹ സൗഹൃദം വിതറി പെരുന്നാളിനെ സജീവമാക്കണമെന്ന് കേരള മുസ്ലിം ജമാഅത്

കാസര്‍കോട്: സഹജീവികളിലേക്ക് സ്നേഹം ചൊരിഞ്ഞും സൗഹൃദങ്ങളെ കൂടുല്‍ ഊഷ്മളമാക്കിയും പെരുന്നാളിനെ സജീവമാക്കണമെന്ന് കേരള മുസ്ലിം ജമാഅത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, ജെനറല്‍ സെക്രടറി അബ്ദുല്‍ ഖാദിര്‍ മദനി പള്ളങ്കോട് എന്നിവര്‍ ഈദ് സന്ദേശത്തില്‍ അറിയിച്ചു. റമളാനിന്റെ ആത്മ ചൈതന്യം നിറഞ്ഞ് തുളുമ്പുന്നതാകണം ആഘോഷങ്ങള്‍. സര്‍വ സൃഷ്ടികളോടും കരുണാര്‍ദ്രമായ മനസുമായി ജീവിക്കുന്നവര്‍ക്കു മാത്രമേ അല്ലാഹുവിന്റെ കാരുണ്യവും ഔദാര്യവും ലഭിക്കുകയുള്ളൂവെന്ന ബോധത്തോടെ ബന്ധുക്കളിലേക്കും അയല്‍പക്കങ്ങളിലേക്കും ശ്രദ്ധ പതിയണം. അവശതയനുഭവിക്കുന്നവരെ കണ്ടറിഞ്ഞ് സഹായിക്കാന്‍ കഴിയണം. ധൂര്‍ത്തിനും ദുര്‍വ്യയങ്ങള്‍ക്കും അവസരം നല്‍കാതെ ആരാധനകളാല്‍ ധന്യമാവണം പെരുന്നാളെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

മനുഷ്യര്‍ക്കിടയില്‍ സ്‌നേഹവും ഐക്യവും കരുണയും നിലനിര്‍ത്തണമെന്ന് കല്ലട്ര മാഹിന്‍ ഹാജി

കാസര്‍കോട്: റമദാനിലെ വ്രതാനുഷ്ഠാനത്തിലൂടെ ശുദ്ധീകരിച്ച വിശ്വാസികളുടെ മനസും ശരീരവും നന്മയുടെയും ധര്‍മത്തിന്റെയും പുന:സ്ഥാപനത്തിന് സമര്‍പിക്കപ്പെടണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി അഭ്യര്‍ഥിച്ചു. ത്യാഗസന്നദ്ധതയും, സമര്‍പണ മനസുമായി തങ്ങളിലെ വിശ്വാസത്തെ പ്രോജ്വലമാക്കിയ വിശ്വാസികളുടെ നിശ്ചയ ദാര്‍ഡ്യം ഏത് പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള പ്രാപ്തതയെ വെളിവാക്കുന്നതാണ്. മനുഷ്യര്‍ക്കിടയില്‍ സ്‌നേഹവും ഐക്യവും കരുണയും പുലര്‍ത്തി റമദാനിന്റെ പവിത്രത നിലനിര്‍ത്താന്‍ വിശ്വാസികള്‍ക്ക് സാധ്യമാകട്ടെയെന്നും കല്ലട്ര മാഹിന്‍ ഹാജി പെരുന്നാള്‍ ആശംസ നേര്‍ന്നുകൊണ്ട് പറഞ്ഞു.

Keywords: Eid-Ul-Fitr-News, Ramadan-News, Muslim-Festivals, Eid-Ul-Fitr 2023, Eid Mubarak, Kerala News, Kasaragod News, Malayalam News, Eid-Ul-Fitr Celebration, Muslim League Kasaragod, Prominent people wish Eid-ul-Fitr.
< !- START disable copy paste -->

Post a Comment