കൊല്ലം: (www.kasargodvartha.com) അഭിഭാഷകനായ ധീരജ് രവിയുടെ വീട് കുത്തിത്തുറന്ന് 27 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതായി പരാതി. വീട്ടുകാര്‍ രാത്രിയില്‍ സിനിമ കാണാന്‍ പോയ സമയത്തായിരുന്നു മോഷണം നടന്നതെന്ന് പൊലീസ് പറഞ്ഞു. വീട്ടുകാരെക്കുറിച്ച് കൃത്യമായി അറിയുന്ന ആരെങ്കിലുമാകാം മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തേവള്ളിയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.
പൊലീസ് പറയുന്നത്: ധീരജ് രവിയും കുടുംബവും വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ സിനിമയ്ക്ക് പോയി, 12 മണിയോടെ തിരിച്ചെത്തി. വീടിനകത്ത് കടന്നപ്പോള്‍ മാത്രമാണ് മോഷണം നടന്ന കാര്യം വീട്ടുകാര്‍ തിരിച്ചറിയുന്നത്. വീടിന്റെ പിന്നിലൂടെ എത്തിയ കള്ളന്‍ മുകള്‍ നിലയിലെ വാതില്‍ കുത്തിത്തുറന്നാണ് അകത്ത് കടന്നത്.
കിടപ്പ് മുറിയുടെ പൂട്ട് തകര്‍ത്ത മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന 27 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. മുറിയിലുണ്ടായിരുന്ന വസ്ത്രങ്ങളെല്ലാം വലിച്ചുപുറത്തിട്ട നിലയിലായിരുന്നു. കൊല്ലം എസിപി അഭിലാഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം.
Keywords: Kollam, News, Kerala, House, Robbery, Gold, Theft, Stolen, Kollam: Gold ornaments stolen from house.