കാസർകോട്: (www.kasargodvartha.com) നിയമ വിദ്യാർഥികളുടെ പാഠ പുസ്തക അധ്യായം ഇനി വിരൽ സ്പർശത്തിൽ ലഭ്യമാവുന്ന സുന്ദര പ്രതലത്തിന് സാക്ഷിയാവാൻ എടനീർ മഠം പീഠത്തിൽ സ്വാമി കേശവാനന്ദ ഭാരതി ഇല്ല. രാജ്യത്തിന്റെ നീതിന്യായ ചരിത്രത്തിൽ സമാനതകളില്ലാത്ത ഏടായ കേശവാനന്ദ ഭാരതി കേസ് വിധി പ്രസ്താവിച്ചതിന്റെ അമ്പതാമാണ്ടിൽ സുപ്രീം കോടതി അതിന്റെ വിശദാംശങ്ങൾ അടങ്ങിയ വെബ്പേജ് ലഭ്യമാക്കിയിരിക്കുകയാണ്. 1973 ഏപ്രിൽ 24ന് ചരിത്ര വിധിയോളം നിയമ പോരാട്ടം നടത്തിയ കേശവാനന്ദ ഭാരതി 2020 സെപ്റ്റംബർ ആറിന് എഴുപത്തി ഒമ്പതാം വയസിൽ അന്തരിച്ചിരുന്നു.
നീതിന്യായ മേഖലയിൽ സ്വാമിക്ക് മരണമില്ലെന്ന് ആധുനിക സങ്കേതങ്ങൾ കൂടി ഉറപ്പിച്ചു. കേശവാനന്ദ ഭാരതി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന നിലയിലാണ് ആ കേസ് വിഖ്യാതമായത്. ഭരണഘടനയുടെ മൂലഘടന മാറ്റിമറിക്കുന്ന ഭേദഗതികള്‍ കൊണ്ടുവരാന്‍ പാര്‍ലമെന്‍റിന് അധികാരമില്ലെന്നായിരുന്നു പതിമൂന്നംഗ ഭരണഘടന ബെഞ്ചില്‍ 7 - 6 ഭൂരിപക്ഷത്തോടെ സുപ്രീം കോടതിയുടെ ആ ചരിത്ര വിധി.
കാസര്‍കോട് ജില്ലയിലെ എടനീര്‍ മഠം വക സ്വത്തുക്കള്‍ ഭൂപരിഷ്കരണ നിയമപ്രകാരം ഏറ്റെടുക്കാന്‍ കേരള സര്‍കാര്‍ തീരുമാനിച്ചേടത്തുനിന്നായിരുന്നു കേസിന്റെ തുടക്കം. സർകാർ നടപടി ചോദ്യം ചെയ്ത് 1970 ഫെബ്രുവരിയില്‍ സ്വാമി കേശവാനന്ദ ഭാരതി സുപ്രീംകോടതിയെ സമീപിച്ചു. കേസില്‍ കേശവാനന്ദഭാരതി തോറ്റു. പക്ഷെ വാദത്തിനിടെ സുപ്രധാനമായ ഒരു ഭരണഘടന പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കേശവാനന്ദ ഭാരതിയുടെ അഭിഭാഷകനായ നാണി എ പല്‍ക്കിവാലയ്ക്ക് സാധിച്ചു.
ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാര്‍ലമെന്‍റിന്‍റെ അധികാരം അനിയന്ത്രിതവും പരിധികളില്ലാത്തതുമാണോ....?. ഭരണഘടന ഭേദഗതിക്ക് പാര്‍ലമെന്റിന് അധികാരം നല്‍കുന്നത് ഭരണഘടനയുടെ 368–ാം അനുഛേദമാണ്. ഈ അനുഛേദത്തില്‍ പാര്‍ലമെന്‍റിന്‍റെ അധികാരത്തിന് പരിധികളുളളതായി പറയുന്നില്ല. അതിനർഥം മൗലികാവകാശങ്ങളും മറ്റ് ഭരണഘടനയിലെ സുപ്രധാന സ്വഭാവവുമുള്‍പെടെ തിരുത്താന്‍ പാര്‍ലമെന്‍റിന് അധികാരമുണ്ട് എന്നതാണോ....?. ഈ ചോദ്യങ്ങളാണ് അന്നത്തെ ചീഫ് ജസ്റ്റിസ് എസ്എം സിക്രിയുടെ നേതൃത്വത്തിലുള്ള പതിമൂന്നംഗ ബെഞ്ചിന് മുമ്പാകെയെത്തിയത്.
ഭരണഘടനയില്‍ പറയുന്ന മൗലികാവകാശങ്ങള്‍ എടുത്ത് കളയുന്ന ഭേദഗതികള്‍ കൊണ്ടുവരാന്‍ പാര്‍ലമെന്‍റിന് അധികാരമില്ലെന്ന് ഗൊലക്നാഥ് കേസില്‍ സുപ്രീംകോടതിയുടെ പതിനൊന്നംഗ ബെഞ്ച് വിധിച്ചിരുന്നു. ഈ വിധിയുടെ പുന:പരിശോധനകൂടി ലക്ഷ്യമിട്ടാണ് പതിമൂന്നംഗ ബെഞ്ച് നിശ്ചയിച്ചത്. 1972 ഒക്ടോബര്‍ 31നാണ് പതിമൂന്നംഗ ബെഞ്ചില്‍ വാദം ആരംഭിച്ചത്. 1973 മാര്‍ച് 23ന് പൂര്‍ത്തിയായി. മൊത്തം 68 ദിവസം സുപ്രീംകോടതി വാദം കേട്ടു. അത്രയും ദിവസം ഒരു റെകോർഡായി.
1973 ഏപ്രില്‍ 24ന് സുപ്രീംകോടതിയുടെ ആ ചരിത്രവിധി വന്നു. പതിമൂന്നംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് എസ്എം സിക്രിയുള്‍പെടെ ഏഴ് പേര്‍ 708 പേജുകള്‍ വരുന്ന വിധിന്യായത്തില്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റിമറിക്കുന്ന ഭേദഗതികള്‍ കൊണ്ടുവരാന്‍ പാര്‍ലമെന്‍റിന് അധികാരമില്ലെന്ന വിധി എഴുതി. പിന്നീട് ചീഫ് ജസ്റ്റിസായ എഎന്‍ റേയുള്‍പെടേയുള്ള ആറ് പേര്‍ പാര്‍ലമെന്‍റിന്‍റെ അധികാരം പരിധികളില്ലാത്തതാണെന്ന ന്യൂനപക്ഷ വിധിയും എഴുതി.
Keywords: News, Malayalam-News, Kasargod, Kasaragod-News, Case, Supreme Court, Students, Kesavananda Bharati case: SC creates webpage to host petitions and judgments.
< !- START disable copy paste -->