2022-23 കാലയളവില്‍ ദക്ഷിണ റെയില്‍വേയുടെ മൊത്ത വരുമാനം 10,703 കോടിയായി ഉയര്‍ന്നിട്ടുണ്ട്. 2021-22 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 47 ശതമാനം വര്‍ധനയാണിത്. യാത്രക്കാരുടെ വിഭാഗത്തില്‍ 6,345 കോടി രൂപയുടെ ഏറ്റവും ഉയര്‍ന്ന വരുമാനമാണ് സോണ്‍ നേടിയത്. അതിന് മുമ്പത്തെ സാമ്പത്തിക വര്‍ഷത്തെ വരുമാനമായ 3,539.77 കോടിയേക്കാള്‍ 80% വളര്‍ചയാണ് രേഖപ്പെടുത്തിയത്. 2021-2022 കാലയളവിലെ 339.6 ദശലക്ഷത്തെ അപേക്ഷിച്ച് 2022-2023 കാലയളവില്‍ യാത്രക്കാരുടെ എണ്ണം 640 ദശലക്ഷമായി വര്‍ധിച്ചിട്ടുമുണ്ട്..
ദക്ഷിണ റെയിൽവേയുടെ വരുമാനത്തിന്റെ കാര്യത്തിൽ കേരളത്തിൽ നിന്നുള്ള മൂന്ന് സ്റ്റേഷനുകൾ ആദ്യ 10ൽ ഇടം നേടിയിട്ടുണ്ട്. നാലാം സ്ഥാനത്തുള്ള തിരുവനന്തപുരം (205.81 കോടി രൂപ), അഞ്ചാമതുള്ള എറണാകുളം (193.34 കോടി രൂപ), ഒമ്പതാമതുള്ള കോഴിക്കോട് (148.90 കോടി രൂപ). എന്നിവയാണ് പട്ടികയിലുള്ളത്. ചെന്നൈ സെൻട്രലാണ് ഒന്നാമതുള്ളത്, 1085 കോടി രൂപയാണ് ഇവിടെ വരുമാനം.
അതേസമയം, കാസര്‍കോട് വഴി കൂടുതല്‍ ട്രെയിനുകള്‍ അനുവദിച്ചാല്‍ വരുമാനം ഇനിയുമേറെ വര്‍ധിക്കുമെന്നാണ് യാത്രക്കാര്‍ പറയുന്നത്. വന്ദേ ഭാരത് എക്സ്പ്രസിലൂടെ ചരിത്രത്തില്‍ ആദ്യമായി ഒരു ട്രെയിന്‍ കാസര്‍കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുന്നുണ്ട്. മികച്ച പ്രതികരണമാണ് ഇതിന് യാത്രക്കാരുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്. കൂടാതെ, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കാസര്‍കോട് നിന്ന് ന്യൂഡെല്‍ഹിയിലേക്കും ഒരു സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തി. താത്കാലികമായെങ്കിലും കാസര്‍കോട്ട് ട്രെയിനുകള്‍ക്ക് വെള്ളം നിറക്കാന്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കാസര്‍കോട്ട് നിന്ന് ട്രെയിനുകള്‍ സര്‍വീസ് തുടങ്ങുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന വാദമാണ് നേരത്തെ അധികൃതര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍, സമീപദിവസങ്ങളിലെ സംഭവ വികാസങ്ങള്‍ ട്രെയിനുകള്‍ക്ക് കാസര്‍കോട് നിന്ന് സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്നാണ് തെളിയിക്കുന്നതെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂടീവ് ട്രെയിന്‍ 14 മണിക്കൂറിലധികവും കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി 13 മണിക്കൂറും കണ്ണൂര്‍-ഷൊര്‍ണൂര്‍ പാസന്‍ജര്‍ വണ്ടി എട്ട് മണിക്കൂറും കണ്ണൂര്‍-ബെംഗ്‌ളൂറു വണ്ടി (പാലക്കാട് വഴി) 10 മണിക്കൂറും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സര്‍വീസ് പൂര്‍ത്തിയാക്കിയ ശേഷം വെറുതെ കിടക്കുന്നുണ്ട്. ഇവ കാസര്‍കോട്ടേക്കോ അല്ലെങ്കില്‍ മംഗ്‌ളൂറിലേക്കോ നീട്ടിയാല്‍ ജില്ലയിലെ യാത്രക്കാര്‍ക്ക് വലിയ ആശ്വാസം പകരുകയും റെയില്‍വേയ്ക്ക് കൂടുതല്‍ വരുമാനം നേടിത്തരികയും ചെയ്യും.
ആഴ്ചയില്‍ രണ്ടുദിവസം മാത്രം സര്‍വീസ് നടത്തുന്ന മംഗ്ളുറു - തിരുവനന്തപുരം അന്ത്യോദയ എക്സ്പ്രസ് ദിവസേന ഓടിക്കണമെന്നതും യാത്രക്കാരുടെ ആവശ്യമാണ്. മെമുവിന് പകരം സര്‍വീസ് നടത്തുന്ന പാസന്‍ജര്‍ ട്രെയിനില്‍ നേരത്തെയുണ്ടായിരുന്ന 14 കോചിന് പകരം 10 കോചുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. യാത്രക്കാര്‍ തിരക്ക് മൂലം ട്രെയിനില്‍ കയറിപ്പറ്റാന്‍ പാടുപെടുകയാണ്. പാസന്‍ജറിന്റെ കോചുകള്‍ വര്‍ധിപ്പിക്കുന്നതിന് ഒപ്പം മെമു സര്‍വീസ് കൂടി നടത്തണമെന്നാണ് ആവശ്യം. ഒരുപാട് യാത്രാക്കാര്‍ ഉണ്ടെങ്കിലും ആവശ്യത്തിന് ട്രെയിനുകള്‍ ഇല്ലെന്നതാണ് കാസര്‍കോട്ടുകാര്‍ നേരിടുന്ന പ്രശ്നം. ഇതിന് പരിഹാരം കാണുന്നതിന് അധികൃതരുടെ ശക്തമായ ഇടപെടലാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.
Keywords: Vande Bharat, Train News, Railway News, Kasaragod Railway Station, Kerala News, Malayalam News, Kasaragod News, Southern Railway, Government of India, Indian Railway, Kasaragod is one of the best earning stations of Southern Railway.