കണ്ണൂര്‍: (www.kasargodvartha.com) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവിത സമ്പാദ്യമായ രണ്ട് ലക്ഷം രൂപ നല്‍കി ശ്രദ്ധേയനായ ബീഡി തൊഴിലാളി കുറുവയിലെ ചാലാടന്‍ ജനാര്‍ദനന്‍ വിട പറഞ്ഞു. ബുധനാഴ്ച രാത്രി പതിനൊന്നോടെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അന്ത്യം സംഭവിച്ചത്.
മൃതദേഹം ജില്ലാ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. പോസ്റ്റുമോര്‍ടത്തിന് ശേഷം കുറുവയിലെ വീട്ടില്‍ എത്തിക്കും. ഭാര്യ: പരേതയായ രജനി. മക്കള്‍: നവീന, നവന.
കോവിഡ് ദുരിതകാലത്ത് ആകെയുണ്ടായിരുന്ന ജീവിത സമ്പാദ്യവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും ശ്രദ്ധേയനായിരുന്നു ചാലാടന്‍ ജനാര്‍ദനന്‍. കേരള ബാങ്ക് കണ്ണൂര്‍ മുഖ്യശാഖയിലെ ഉദ്യോഗസ്ഥന്‍ സി പി സൗന്ദര്‍ രാജന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ജനാര്‍ദനന്റെ നന്‍മമനസ് പുറംലോകമറിഞ്ഞത്.
'മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കണ്ട ശേഷമാണ് വാക്സിന്‍ ചാലഞ്ചിനായി പണം നല്‍കാനായി തീരുമാനിച്ചത്. വാക്സിന് കേന്ദ്രം വില കൂട്ടിയപ്പോള്‍ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. അപ്പോഴാണ് ഭാര്യ രജനിയുടെ മരണശേഷം കിട്ടിയ ഗ്രാറ്റുവിറ്റി തുകയുടെ കാര്യം ഓര്‍ത്തത്. അടുത്ത ദിവസം തന്നെ ബാങ്കില്‍ പോയി അത് ദുരിതാശ്വാസനിധിയിലേക്ക് ഇടാന്‍ പറഞ്ഞു.
ഇത് ആരും അറിയരുതെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. എനിക്ക് ഈ പബ്ലിസിറ്റിയും ആളും ബഹളവും ഒന്നും ഇഷ്ടല്ല, പക്ഷേ എങ്ങനനെയൊ എല്ലാരും അറിഞ്ഞു. മനുഷ്യ സ്നേഹമുള്ളവര്‍ക്കേ കമ്യൂനിസ്റ്റാകാന്‍ കഴിയൂ. ഞാന്‍ നൂറ് ശതമാനം കമ്യൂനിസ്റ്റല്ല. പാര്‍ടിക്ക് വേണ്ടി ജീവന്‍ നല്‍കാന്‍ കഴിഞ്ഞാലേ നൂറ് ശതമാനം ആകൂ. എനിക്ക് അതിന് അവസരം ലഭിച്ചില്ല'- വാക്‌സിന്‍ ചലഞ്ചിനെ കുറിച്ചുള്ള ചോദ്യത്തിന് ഇതായിരുന്നു ജനാര്‍ദനന്റെ മറുപടി.
എന്നാല്‍ പിന്നീട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ തുകയുടെ വിനിമയത്തില്‍ ഉദ്യോഗസ്ഥന്‍മാര്‍ ക്രമക്കേട് നടത്തിയെന്ന വാര്‍ത്തയില്‍ അദ്ദേഹം കണ്ണീരോടെയാണ് പ്രതികരിച്ചത്. ഇതിനെക്കാളും ഭേദം തന്റെ കൊല്ലാമായിരുന്നുവെന്നാണ് ജനാര്‍ദനന്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ചെലവഴിച്ചുവെന്ന ലോകായുക്തയിലെ പരാതിയും അതിനെ തുടര്‍ന്നുള്ള വിവാദങ്ങളും കൊടുമ്പിരി കൊള്ളുമ്പോഴാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിക്കുന്നത്.