Join Whatsapp Group. Join now!
Aster MIMS 22/05/2023

AN Shamseer | കുട്ടികളുടെ അഭിരുചി തിരിച്ചറിഞ്ഞ് അതിനനുസരിച്ച് അവരെ വളര്‍ത്തിയെടുക്കണം, ഈ ലക്ഷ്യമാണ് അധ്യാപകരും രക്ഷിതാക്കളും നിര്‍വഹിക്കേണ്ടതെന്നും നിയമസഭാ സ്പീകര്‍

സ്‌കാഡിനേവിയന്‍ രാജ്യങ്ങളിലെ പൊതുവിദ്യാഭ്യാസ മാതൃക കേരളത്തിലേക്ക് പകര്‍ത്തണമെന്നതാണ് ലക്ഷ്യമിടുന്നത് # കാഞ്ഞങ്ങാട്-വാര്‍ത്തകള്‍, #Melangot-School-Pro

കാഞ്ഞങ്ങാട്: (www.kasargodvartha.com) കുട്ടികളുടെ അഭിരുചി തിരിച്ചറിഞ്ഞ് അതിനനുസരിച്ച് അവരെ വളര്‍ത്തിയെടുക്കുകയാണ് ചെയ്യേണ്ടതെന്നും ഈ ലക്ഷ്യമാണ് അധ്യാപകരും രക്ഷിതാക്കളും നിര്‍വഹിക്കേണ്ടതെന്നും നിയമസഭാ സ്പീകര്‍ എ എന്‍ ശംസീര്‍ പറഞ്ഞു. മേലാങ്കോട്ട് എ സി കണ്ണന്‍ നായര്‍ സ്മാരക ഗവ. യുപി സ്‌കൂള്‍ ശതാബ്ദി ആഘോഷം 2022-23 സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌കാഡിനേവിയന്‍ രാജ്യങ്ങളിലെ പൊതുവിദ്യാഭ്യാസ മാതൃക കേരളത്തിലേക്ക് പകര്‍ത്തണമെന്നതാണ് സംസ്ഥാന സര്‍കാര്‍ ലക്ഷ്യമിടുന്നത്. നോര്‍വേ, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളാണ് സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ലോകത്ത് മുന്‍പില്‍ നില്‍ക്കുന്നതെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അവിടെ 7-ാം ക്ലാസ് വരെ ഹോംവര്‍കുകള്‍ ഒന്നുമില്ല. കുട്ടികളുടെ അഭിരുചി കണ്ടെത്തി അതിനെ വളര്‍ത്തിയെടുക്കുന്ന രീതിയാണ് സ്‌കൂളുകള്‍ പിന്‍ തുടരുന്നത്. ഒരു കുട്ടിയും ഒരു കഴിവും ഇല്ലാത്തവനായി പിറക്കുന്നില്ല. കുട്ടികളില്‍ ഐക്യു കൊണ്ടു മാത്രമല്ല ഇഐഎയും (ഇമോഷനല്‍ ഇന്റലിജന്റ്) വളര്‍ത്താന്‍ അധ്യാപകര്‍ തയാറാകണം. 

Kanhangad, News, Kerala, AN Shamseer, Children, Speaker, Kanhangad: AN Shamseer says that Children's aptitude should be identified and nurtured accordingly.

ഇമോഷനല്‍ ഇന്റലിജന്‍സ് കൂടി വിജയിച്ചാല്‍ മാത്രമേ ഒരു വ്യക്തി പൂര്‍ണതയിലേക്ക് എത്തുകയുള്ളൂ. അതിനെ പ്രാപ്തമാക്കാന്‍ കുട്ടികളെ സ്‌കൂളില്‍ നിന്നു പരിശീലിപ്പിച്ചെടുക്കണം. സാങ്കേതിക വിദ്യയോട് പുറംതിരിഞ്ഞു നില്‍ക്കാന്‍ സാധ്യമല്ല. മൊബൈല്‍, കംപ്യൂടര്‍ എന്നിവ കുട്ടികള്‍ ഉപയോഗിക്കുമ്പോള്‍ നിയന്ത്രണം ഏര്‍പെടുത്താന്‍ സാധിക്കണം. സാങ്കേതികവിദ്യകളോട് സൗഹ്യദമുള്ള എന്നാല്‍ അതിനോട് അടിമപ്പെടാത്ത ഒരു തലമുറയെ ആണ് വാര്‍ത്തെടുക്കേണ്ടത്. ഇതിന് അധ്യാപകരും രക്ഷിതാക്കളും ഏറെ ശ്രദ്ധിക്കണം. 

ക്ലാസ് മുറികള്‍ മാത്രമല്ല നമ്മുക്ക് വേണ്ടത് കളി സ്ഥലങ്ങളും വേണം. ഈ രണ്ടുമാസം നിങ്ങള്‍ കുട്ടികളെ പൂര്‍ണമായി വിടണം. അവധിക്കാലത്ത് ഒരു കുട്ടിയും പഠിക്കേണ്ട. രണ്ട് മാസം പൂര്‍ണമായും കളിച്ചുല്ലസിച്ച് കുട്ടികള്‍ വളരണം. കുട്ടികള്‍ക്ക് അതിന് ഏറ്റവും പ്രധാനം കളി സ്ഥലങ്ങളാണ്. മൈതാനങ്ങള്‍ പ്രാമുഖ്യം നല്‍കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് തയാറാകണം. കുട്ടികളെ വിവിധ കായികരംഗങ്ങളിലേക്ക് വളര്‍ത്തിക്കൊണ്ടുവരാന്‍ സ്‌കൂളുകളെ സജ്ജമാക്കണം. ചെറുപ്പത്തില്‍ തന്നെ കുട്ടികളെ വായനയുടെ ലോകത്തേക്ക് കൊണ്ടു പോകാനും കഴിയണം. ഉള്ളടക്കമുള്ളവരായി മാറാന്‍ വായന അനിവാര്യമാണ്. സ്‌കൂളുകളില്‍ ലൈബ്രറി കെട്ടിപ്പടുക്കാനും സ്‌കൂള്‍ അധികൃതര്‍ തയാറാകണം. 

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ ഗൗരവമായി തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നത്. പൊതുവിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത് സര്‍ക്കാര്‍ വിദ്യാലയങ്ങളെ മാത്രമല്ല. സര്‍ക്കാര്‍, എയ്ഡഡ് മേഖലകള്‍ ചേര്‍ന്നതാണ് പൊതുവിദ്യാഭ്യാസം . എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സഹായിക്കാന്‍ സര്‍ക്കാര്‍ തയാറാണ്. അതാണ് ചാലഞ്ച് ഫണ്ട്. 50 ലക്ഷം രൂപ സ്‌കൂള്‍ വഹിക്കാന്‍ തയാറായാല്‍ സര്‍ക്കാര്‍ 50 ലക്ഷം രൂപ നല്‍കും. പൊതുവിദ്യാഭ്യാസത്തിന്റെ ഉന്നമനത്തിനായി പ്രതിബദ്ധതയോടെ  സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു. അതിന്റെ പ്രതിഫലനം  പൊതുവിദ്യാഭ്യാസ മേഖലയില്‍ കാണുന്നുണ്ട്. 

നേരത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നു വിദ്യാര്‍ഥികള്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികള്‍ പഠിക്കാന്‍ പോയിരുന്നു. ഇന്ന് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നു പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള റീവേഴ്‌സ് ഫ്‌ലോ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കാണാന്‍ സാധിക്കുന്നുവെന്നും സ്പീകര്‍ പറഞ്ഞു. 

ഇ ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷ കെ വി മായാകുമാരി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ ലത, കൗണ്‍സിലര്‍മാരായ സുജിത്ത് കുമാര്‍, എന്‍ അശോക് കുമാര്‍, ഡയറ്റ് പ്രിന്‍സിപല്‍ ഡോ. കെ രഘുരാമഭട്ട്, എഇഒ ഇന്‍ചാര്‍ജ് ജയശ്രീ, വര്‍കിങ് ചെയര്‍മാന്‍ പി അപ്പുക്കുട്ടന്‍, സാമ്പത്തിക കമിറ്റി ചെയര്‍മാന്‍ എം രാഘവന്‍, പൂര്‍വ വിദ്യാര്‍ഥി സംഘടന സെക്രടറി ബി ബാബു, പിടിഎ പ്രസിഡന്റ് ജി ജയന്‍, പ്രധാനാധ്യാപിക പി ശ്രീകല എന്നിവര്‍ സംസാരിച്ചു. നഗരസഭാധ്യക്ഷ കെ വി സുജാത സ്വാഗതവും പ്രോഗ്രാം കമിറ്റി ചെയര്‍മാന്‍ പപ്പന്‍ കുട്ടമത്ത് നന്ദിയും പറഞ്ഞു.

Keywords:  Kanhangad, News, Kerala, AN Shamseer, Children, Speaker, Kanhangad: AN Shamseer says that Children's aptitude should be identified and nurtured accordingly.

Post a Comment