കാര്യങ്ങൾ ഇവിടെ തന്നെ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇല്ലെങ്കിൽ സ്വമേധയാ കേസെടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലിഫ്റ്റ് കേടായി ഒരു മാസം കഴിഞ്ഞിട്ടും പരിഹരിക്കാത്തതിനെ കുറിച്ച് സൂപ്രണ്ടിനോട് വിശദീകരണം ആവശ്യപ്പെട്ട ജില്ലാ ജഡ്‌ജ് ശനിയാഴ്ച വൈകുന്നേരത്തിനകം അടിയന്തിര റിപോർട് സമർപിക്കാനും നിർദേശിച്ചിട്ടുണ്ട്. കേടായ ലിഫ്റ്റ് ശരിയാക്കാൻ ഇ-ടെൻഡർ ക്ഷണിച്ചിട്ടുണ്ടെന്നും ശരിയാക്കാൻ രണ്ടാഴ്ചയെങ്കിലും വേണ്ടി വരുമെന്നുമാണ് ആശുപത്രി സൂപ്രണ്ട് ഡോ. രാജാ റാം സബ് ജഡ്‌ജിനോട് വിശദീകരിച്ചത്.
കേരളത്തിൽ ഒരിടത്തും ഇല്ലാത്ത രീതിയിലാണ് റാംപ് പോലും ഇല്ലാതെ കാസർകോട് ജെനറൽ ആശുപത്രിക്കായി കെട്ടിടം നിർമിച്ചിട്ടുള്ളതെന്ന വിമർശനം വ്യാപകമാണ്. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പ് അടക്കം കുറ്റകരമായ അനാസ്ഥയാണ് കാട്ടിയിട്ടുള്ളതെന്നാണ് ആക്ഷേപം. ആശുപത്രി കെട്ടിടത്തിന്റെ നിർമാണ ഘട്ടത്തിൽ തന്നെ റാംപ് ഇല്ലാത്ത വിഷയം പൊതുപ്രവർത്തകരും ജനപ്രതിനിധികളും അടക്കമുള്ളവർ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ലിഫ്റ്റ് വഴി എല്ലാ കാര്യങ്ങളും നടത്താൻ കഴിയുമെന്ന വിശദീകരണമാണ് നൽകിയതെന്ന് ഇവർ പറയുന്നു.
താഴത്തെ നിലയിൽ സ്ഥാപിക്കേണ്ട ഓപറേഷൻ തീയറ്റർ, ഐസിയു, ഗൈനകോളജി വിഭാഗങ്ങളെല്ലാം പ്രവർത്തിക്കുന്നത് ആശുപത്രിയുടെ അഞ്ച്, ആറ് നിലകളിലാണ്. റാംപ് സംവിധാനം ഇല്ലാത്തതിനാൽ രോഗികളെ എത്തിക്കുന്നതും മാറ്റുന്നതും ഇത്തരത്തിൽ ചുമന്ന് കൊണ്ടുതന്നെയാണ്. മിക്ക കാര്യങ്ങളിലും അധികൃതരുടെ ഉദാസീനതയും അലംഭാവവുമാണ് പ്രകടമാകുന്നതെന്നാണ് പൊതുപ്രവർത്തകർ പറയുന്നത്. ഒരാഴ്ച കൊണ്ട് ലിഫ്റ്റ് തകരാർ പരിഹരിക്കാമായിരുന്നിട്ടും ഓരോ കാരണങ്ങൾ പറഞ്ഞു നീട്ടിക്കൊണ്ട് പോവുകയാണ് അധികൃതർ ചെയ്തതെന്നും ഇതിന്റെയെല്ലാം പരിണിത ഫലമാണ് കഴിഞ്ഞ ദിവസം ചുമട്ടുകാരെ കൊണ്ട് മൃതദേഹം താഴെയിറക്കേണ്ട സാഹചര്യം ഉണ്ടായതെന്നുമാണ് ആരോപണം.
നാല് ലക്ഷം രൂപയാണ് ലിഫ്റ്റിന്റെ അറ്റകുറ്റപ്പണികൾക്ക് ചിലവ് പ്രതീക്ഷിക്കുന്നത്. രണ്ടാഴ്ചയെങ്കിലും ഇത് ശരിയാക്കാൻ എടുക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം. ആശുപത്രിയിലെ നവീകരിച്ച കുട്ടികളുടെ വാർഡ് ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിയിൽ എത്തിയിരുന്നു. പുതിയ ലിഫ്റ്റ് ഒരുക്കുമെന്ന് മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മറ്റൊരു രോഗിയെ ഇത്തരത്തിൽ ചുമന്ന് താഴെ ഇറക്കിയ സംഭവത്തിൽ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ഹെൽത് സർവീസ് ഡയറക്ടറോട് (DHS) റിപോർട് നൽകാനും നിർദേശിച്ചിരുന്നു. മന്ത്രി മടങ്ങി പോയതിന്റെ ചൂടാറും മുമ്പാണ് ചുമട്ടുകാരെ കൊണ്ടുവന്ന് മൃതദേഹം താഴെയിറക്കിയ സംഭവം നടന്നത്.
Keywords: News, Kasaragod, Kerala, General Hospital, Dead Body, Judge, Report, Operation Theatre, Judge visited Kasaragod general hospital.
< !- START disable copy paste -->