ന്യൂഡെല്‍ഹി: (www.kasargodvartha.com) വരും ദിവസങ്ങളില്‍ ഇന്‍ഡ്യയുടെ കിഴക്ക്, വടക്ക്-പടിഞ്ഞാറന്‍ മേഖലകളില്‍ ഉഷ്ണതരംഗ സാധ്യത. കിഴക്കന്‍ സംസ്ഥാനങ്ങളിലെ ചിലയിടങ്ങളില്‍ അടുത്ത നാലുദിവസവും വടക്ക്-പടിഞ്ഞാറന്‍ മേഖലകളില്‍ രണ്ടു ദിവസവുമാണ് ഉഷ്ണതരംഗം പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
പശ്ചിമ ബംഗാളിലെയും ബീഹാറിലെയും ഗംഗാതീര ജില്ലകള്‍, സിക്കിം, ഒഡിഷ, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലും പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടും. ആന്ധ്രയുടെ തീരമേഖലകളിലും പതിവില്‍ കവിഞ്ഞ ചൂടിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
അതേസമം പഞ്ചാബ്, ഹരിയാന, ഡെല്‍ഹി, രാജസ്താന്‍ എന്നിവിടങ്ങളില്‍ ഏപ്രില്‍ 18-20 ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്. ജമ്മു-കശ്മീരിലെയും ലഡാക്കിലെയും പ്രദേശങ്ങളില്‍ 18ന് കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. ആന്ധ്രയുടെ വടക്കന്‍ പ്രദേശത്തും തെക്കന്‍ തീരമേഖലകളിലും ബുധനാഴ്ച വരെയാണ് ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുന്നത്. ശ്രീകാകുളം, വിഴിനഗരം, വിശാഖപട്ടണം, കാക്കിനട, ഗുണ്ടൂരു തുടങ്ങിയ മേഖലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.