കോഴിക്കോട്: (www.kasargodvartha.com) തട്ടിപ്പ് നമ്പറില്‍ നിന്നും യുപിഐ ഇടപാടുകള്‍ നടന്നുവെന്ന് ആരോപിച്ച് അകൗണ്ട് മരവിപ്പിക്കുന്നുവെന്ന പരാതിയുമായി പലരും രംഗത്ത് വരുന്നത് ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നു. ഓരോ ദിവസവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇത്തരത്തില്‍ നിരവധി പേരാണ് പരാതികളുമായി ബാങ്കുകളില്‍ എത്തുന്നത്. മരവിപ്പിച്ച സ്വന്തം അകൗണ്ടുകള്‍ തിരിച്ചുകിട്ടാന്‍ എന്തുവഴി സ്വീകരിക്കണമെന്ന് അറിയാത്തതിനാല്‍ കൂട്ടത്തോടെ ഹൈകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഒരുപറ്റം അകൗണ്ട് ഉടമകള്‍.
ചില യുപിഐ ഇടപാടുകള്‍, ഓണ്‍ലൈന്‍ ട്രേഡ്, ടെലഗ്രാം വഴിയോ മറ്റോ ഓണ്‍ലൈന്‍ ഇടപാടുകള്‍, ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍, സ്വന്തം അകൗണ്ടുകള്‍ ബിസിനസ് ആപുകള്‍ക്കോ മറ്റോ വാടകയ്ക്ക് നല്‍കിയവര്‍ അടക്കമുള്ളവരുടെ അകൗണ്ടുകളും ഈ അകൗണ്ടുകളില്‍ നിന്ന് പണമിടപാടുകള്‍ നടന്ന മറ്റ് അകൗണ്ടുകളുമാണ് മരവിപ്പിക്കപ്പെട്ടിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഓണ്‍ലൈന്‍ ഗെയിമുകളിലൂടെയോ മറ്റോ സാമ്പത്തിക തട്ടിപ്പിനിരയായെന്ന് വ്യക്തമാക്കി ആരെങ്കിലും ദേശീയ സൈബര്‍ ക്രൈം പോര്‍ടലില്‍ പരാതി നല്‍കിയാല്‍ ആ അകൗണ്ടുകളില്‍ നിന്ന് പണമിടപാടുകള്‍ നടത്തിയതും അതുമായി ബന്ധപ്പെട്ടതുമായ മറ്റ് അകൗണ്ടുകള്‍ മരവിപ്പിക്കുന്നതാണ് പരാതികള്‍ കൂടാന്‍ ഇടയാക്കുന്നതെന്നാണ് റിപോര്‍ട്.
തങ്ങള്‍ നേരിട്ട് ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നും പലതും വ്യാജ പരാതികളാണെന്നുമാണ് അകൗണ്ട് മരവിപ്പിക്കപ്പെട്ടവര്‍ പറയുന്നത്. മാസങ്ങളോളം അകൗണ്ടുകള്‍ മരവിപ്പിക്കപ്പെട്ട് ദുരിതത്തിലായവരാണ് ഹൈകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതെന്നാന്ന് റിപോര്‍ട്. ഏതെങ്കിലും ബാങ്ക് അകൗണ്ട് വഴിയോ യുപിഐ ഐഡി വഴിയോ ഇടപാട് നടത്തിയവരുടെയൊക്കെ അകൗണ്ടുകളാണ് ഇത്തരത്തില്‍ മരവിപ്പിക്കുന്നത്. വ്യാജ കേസുകളുടെ ഭാഗമായും അകൗണ്ട് മരവിപ്പിച്ച് ബുദ്ധിമുട്ടിക്കുകയാണെന്നും ബാങ്കില്‍ അന്വേഷിച്ച് ചെല്ലുമ്പോഴാണ് ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത സൈബര്‍ കുറ്റകൃത്യത്തില്‍ ഉള്‍പെട്ടുവെന്നതിന്റെ പേരില്‍ കേസിന്റെ ഭാഗമായി അകൗണ്ട് മരവിപ്പിച്ചത് അറിയുന്നതെന്നും ഉപയോക്താക്കള്‍ പറയുന്നു.
തങ്ങള്‍ എന്തു തെറ്റുചെയ്തു എന്ന ചോദ്യത്തിന് ബാങ്കധികൃതര്‍ കൃത്യമായ മറുപടി നല്‍കുന്നുമില്ലെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു. കോഴിക്കോട് ഈങ്ങാപ്പുഴയിലെ യുവാവിന്റെ അകൗണ്ടിലെ മൂന്നരലക്ഷം രൂപയാണ് ഫ്രീസ് ചെയ്തിരിക്കുന്നതെന്നാണ് പരാതി. മൊബൈല്‍ റീചാര്‍ജ്, ഡിടിഎച് തുടങ്ങിയ സേവനങ്ങള്‍ക്കായി നടത്തുന്ന സ്ഥാപനത്തിന്റെ പേരിലുള്ള അകൗണ്ടാണ് കഴിഞ്ഞ മെയ് മാസം മുതല്‍ മരവിപ്പിച്ചിരിക്കുന്നതെന്നും പണം പിന്‍വലിക്കാനോ മറ്റു ഇടപാടുകള്‍ നടത്താനോ കഴിയുന്നില്ലെന്നും യുവാവ് പറയുന്നു.
പരാതി അറിയിക്കുന്നവരോട് വക്കീലിനെ കണ്ട് നിയമവഴി തേടാനാണ് ബാങ്ക് മാനജര്‍മാര്‍ ആവശ്യപ്പെടുന്നതെന്ന് ഉപയോക്താക്കള്‍ പറയുന്നു. നാഷണല്‍ സൈബര്‍ ക്രൈമില്‍ ലഭിക്കുന്ന പരാതികള്‍ അതാത് സംസ്ഥാന സൈബര്‍ വിംഗിന് കൈമാറുകയാണ് ചെയ്യുന്നത്. പഞ്ചാബ്, യുപി, ഗുജറാത്, ഹരിയാന, ജാര്‍ഖണ്ട്, ബീഹാര്‍, ഒഡീഷ സംസ്ഥാനങ്ങളിലാണ് ഇത്തരം സൈബര്‍ ക്രൈമുകള്‍ കൂടുതലും രജിസ്റ്റര്‍ ചെയ്യുന്നത്. ഇത്തരം കേസുകളുടെ പേരിലാണ് ബാങ്ക് അകൗണ്ടുകള്‍ മരവിപ്പിക്കുന്നതെന്നാണ് റിപോര്‍ട്.
ഏതെങ്കിലും അകൗണ്ടിനെ കുറിച്ച് പരാതി വന്നാല്‍ ആ അകൗണ്ടുമായി ഇടപാട് നടന്ന എല്ലാ ബാങ്ക് അകൗണ്ടും മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം ലഭിക്കുന്നതായും ഇതാണ് പ്രധാന പ്രശ്‌നമായി തീരുന്നതെന്നുമാണ് ആക്ഷേപം. ഇതുപോലെ യുപിഐ ഇടപാട് നടത്തിയെന്നതിന്റെ പേരില്‍ മാത്രം നിരവധി പേരുടെ അകൗണ്ടുകള്‍ മരവിപ്പിക്കപ്പെട്ടുവെന്നാണ് പരാതി. ഇത്തരക്കാരുടെ കണക്കുകള്‍ ശേഖരിച്ച് ഇവര്‍ക്കായി നിയമസഹായം നല്‍കാന്‍ മുസ്ലിം യൂത് ലീഗ് മുന്നോട്ട് വന്നിട്ടുണ്ട്. അകൗണ്ടുകള്‍ ഫ്രീസ് ചെയ്യുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നും ഇത്തരത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനും ആശങ്കകള്‍ പരിഹരിക്കാനും സര്‍കാര്‍ ഇടപെടണമെന്നും മുസ്ലിം യൂത് ലീഗ് ആവശ്യപ്പെട്ടു.
.
മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെന്ന കേസ് ആയതിനാല്‍ മറ്റ് എന്തെങ്കിലും വിധത്തില്‍ ഇടപെടാനും മരവിപ്പിക്കുന്ന അകൗണ്ടിലെ പണം ലഭിക്കാനും കഴിയുന്നില്ല. സര്‍കാര്‍ തലത്തില്‍ സാങ്കേതിക, നിയമ സഹായങ്ങള്‍ ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാണ്. പരിചയമില്ലാത്തവരുടെയോ തട്ടിപ്പുകാരുടെയോ ഇടപാടുകളില്‍ കുടുങ്ങാതിരിക്കാന്‍ ജാഗ്രത വേണമെന്ന സന്ദേശമാണ് അധികൃതര്‍ നല്‍കുന്നത്.
Keywords: News, Kerala, Kozhikode-News, Top-Headlines,Bank Account, Transaction, UPI, Complaint, High Court, Mobile Recharge, Case, Muslim League, Freezing of bank accounts where UPI transactions done with fraudulent numbers widespread.