Join Whatsapp Group. Join now!
Aster MIMS 06/06/2023

Railway | വന്ദേ ഭാരത് മംഗ്‌ളുറു വരെ നീട്ടിയാലും തീരുന്നതല്ല കാസര്‍കോട്ടെ റെയില്‍വേ മേഖലയിലെ പ്രശ്നങ്ങള്‍; അതിവേഗ വണ്ടിക്കൊപ്പം വേണം കൂടുതല്‍ ട്രെയിനുകളും സ്റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യങ്ങളും

കുമ്പളയില്‍ 30 ഏകറോളം ഭൂമിയാണ് റെയില്‍വേയുടെ കൈവശമുള്ളത് #Railway-News, #Vande-Bharat-Express, #Kasaragod-Railway-News, #മലബാര്‍-വാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസ് സര്‍വീസിന്റെ കാര്യത്തില്‍ കാസര്‍കോടിനെ അവഗണിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെ വന്ദേ ഭാരത് മംഗ്‌ളുറു വരെ നീട്ടിയാലും തീരുന്നതല്ല ജില്ലയിലെ റെയില്‍വേ മേഖലയിലെ പ്രശ്നങ്ങളെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. രൂക്ഷമായ യാത്രാക്ഷാമം നേരിടുന്ന കാസര്‍കോട്ടെ ജനങ്ങള്‍ക്കായി വന്ദേ ഭാരത് എക്സ്പ്രസ് മംഗ്‌ളൂറിലേക്ക് നീട്ടുന്നതിനൊപ്പം കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുകയും സ്റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യണമെന്നാണ് ആവശ്യം.
            
Railway-News, Vande-Bharat-Express, Kasaragod-Railway-News, Train-News, Kerala News, Malayalam News, Kasaragod News, Kasaragod Railway Station, Even if Vande Bharat extended to Mangalore, problems in Kasaragod railway sector will not be solved.

2022 ജനുവരി 26ന് കൊട്ടിഘോഷിച്ച് സര്‍വീസ് ആരംഭിച്ച കണ്ണൂര്‍ - മംഗ്‌ളുറു മെമു സര്‍വീസ് ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ സര്‍വീസ് അവസാനിപ്പിച്ചതും യാത്രാദുരിതം വര്‍ധിപ്പിച്ചു. കണ്ണൂര്‍ - മംഗ്‌ളുറു റൂടില്‍ പാസന്‍ജര്‍ ട്രെയിനിന് പകരമായിട്ടായിരുന്നു മെമു സര്‍വീസ് തുടങ്ങിയത്. എന്നാല്‍ വീണ്ടും പാസന്‍ജര്‍ വണ്ടി ഓടാന്‍ തുടങ്ങിയതോടെ നേരത്തെയുണ്ടായിരുന്ന 14 കോചിന് പകരം 10 കോചുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. മെമു റേക് ചെന്നൈ ഡിവിഷനിലേക്ക് കൈമാറുമെന്നാണ് സൂചന. മെമു റേക് തിരിച്ചുകൊണ്ടുപോകാതെ പാസന്‍ജര്‍ ട്രെയിനിന് പുറമെ സര്‍വീസ് നടത്തിയാല്‍ കാസര്‍കോടിന് അത് വലിയ ആശ്വാസമാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

ഉത്തരമലബാറിലെ യാത്രാ ദുരിതത്തിന് പരിഹാരമായി മംഗ്ളുറു - കോഴിക്കോട് റൂടില്‍ കൂടുതല്‍ മെമു സര്‍വീസുകള്‍ ആരംഭിക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നതിനിടെയാണ് ഏക മെമു സര്‍വീസും നിര്‍ത്തലാക്കിയത്. കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂടീവ് ട്രെയിന്‍ 14 മണിക്കൂറിലധികമാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെറുതെ കിടക്കുന്നത്. കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി 13 മണിക്കൂറും കണ്ണൂര്‍-ഷൊര്‍ണൂര്‍ പാസന്‍ജര്‍ വണ്ടി എട്ട് മണിക്കൂറും കണ്ണൂര്‍-ബെംഗ്ളൂറു വണ്ടി (പാലക്കാട് വഴി) 10 മണിക്കൂറും ഇങ്ങനെ വെറുതെ കിടക്കുന്നു. ഈ വണ്ടികള്‍ മംഗ്ളൂറിലേക്ക് നീട്ടിയാല്‍ ജില്ലയിലെ യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകുന്നതിന് ഒപ്പം റെയില്‍വേയുടെ വരുമാനം വര്‍ധിക്കുകയും ചെയ്യുമായിരുന്നു.

രാമേശ്വരം-മംഗ്ളുറു, ബെംഗ്ളൂറു-കണ്ണൂര്‍ ട്രെയിന്‍ എന്നിവ കോഴിക്കോട് വരെയും രാവിലെ ഓടുന്ന മംഗ്ളുറു-കോഴിക്കോട് പാസന്‍ജര്‍ പാലക്കാട് വരെയും നീട്ടണമെന്ന ആവശ്യത്തിന് ഇനിയും പരിഹാരമായിട്ടില്ല. ആഴ്ചയില്‍ രണ്ടുദിവസം മാത്രം സര്‍വീസ് നടത്തുന്ന മംഗ്‌ളുറു - തിരുവനന്തപുരം അന്ത്യോദയ എക്‌സ്പ്രസ് ദിവസേന ഓടിച്ചാല്‍ ഏറെ പ്രയോജനപ്പെടുക സാധാരണക്കാര്‍ക്കാണ്. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിച്ചപ്പോള്‍ മുമ്പുണ്ടായിരുന്ന പല സ്റ്റോപുകളും എടുത്തുകളഞ്ഞതും യാത്രക്കാര്‍ക്ക് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. മാവേലി, പരശുറാം എക്‌സ്പ്രസുകള്‍ തിരുവനന്തപുരത്ത് നിന്നും മംഗ്ളൂറിലേക്ക് തിരിച്ചുവരുമ്പോള്‍ ചെറുവത്തൂര്‍, കോട്ടിക്കുളം, കുമ്പള, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ സ്റ്റോപുകള്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.

മംഗ്ളുറു - എറണാകുളം ജന്‍ക്ഷന്‍ റൂടില്‍ പുതുതായി ജനശദാബ്ദി ട്രെയിന്‍ ആരംഭിക്കുകയാണെങ്കില്‍ മലബാറുകാര്‍ നേരിടുന്ന യാത്രാപ്രതിസന്ധിക്ക് അല്‍പമെങ്കിലും പരിഹാരം കാണാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കാസര്‍കോട്ടേക്ക് ട്രെയിനുകള്‍ നീട്ടുന്നതിന് സ്ഥലപരിമിതിയാണ് കാരണമെങ്കില്‍ കുമ്പളയില്‍ 30 ഏകറോളം ഭൂമിയാണ് റെയില്‍വേയുടെ കൈവശമുള്ളത്. ഇത് കാടുമൂടി കിടക്കുന്നതിന് പകരം കൂടുതല്‍ പ്ലാറ്റ് ഫോമുകള്‍ നിര്‍മിച്ചും മറ്റും ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ പ്രയോജനപ്പെടുത്താമെന്നാണ് നിര്‍ദേശം.
               
Railway-News, Vande-Bharat-Express, Kasaragod-Railway-News, Train-News, Kerala News, Malayalam News, Kasaragod News, Kasaragod Railway Station, Even if Vande Bharat extended to Mangalore, problems in Kasaragod railway sector will not be solved.

കാസര്‍കോട്ട് റെയില്‍വേ സ്റ്റേഷനുകളുടെ അവസ്ഥയും പരിതാപകരമാണ്. ജില്ലാ ആസ്ഥാനമായ കാസര്‍കോട്ട് പ്രമുഖ ട്രെയിനുകള്‍ക്ക് സ്റ്റോപ് ഇല്ല എന്നതിന് പുറമെ ആവശ്യത്തിനുള്ള സൗകര്യങ്ങള്‍ പോലുമില്ല. ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അടഞ്ഞുകിടക്കുകയാണ്. ടികറ്റ് കൗണ്ടറില്‍ നിന്ന് വെയിലും മഴയും കൊള്ളാതെ നേരിട്ട് പ്ലാറ്റ്ഫോമിലേക്ക് പോകാനുള്ള പ്രവേശനം കവാടം തുറക്കണമെന്ന ആവശ്യവും നടപ്പിലായിട്ടില്ല. ഇരു ഭാഗങ്ങളിലേക്കുമായി ദിവസേന 12000ത്തോളം യാത്രക്കാരാണ് കാസര്‍കോട് സ്റ്റേഷനില്‍ ഉള്ളത്. പ്രതിദിന വരുമാനം നാല് മുതല്‍ അഞ്ച് ലക്ഷം വരെയാണ്. എന്നിട്ടും അധികൃതര്‍ അവഗണന കാട്ടുകയാണ്. ഇത്രയ്ക്ക് ദുരവസ്ഥ കേരളത്തില്‍ മറ്റൊരു ജില്ലാ ആസ്ഥാനത്തെ അല്ലെങ്കില്‍ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലുമുണ്ടാകില്ലെന്നാണ് ആക്ഷേപം. ഇതുതന്നെയാണ് കാസര്‍കോട്ടെ മിക്ക സ്റ്റേഷനുകളുടെയും അവസ്ഥ. അടിയന്തരമായി കാസര്‍കോടിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുന്ന നടപടികള്‍ റെയില്‍വേ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവണമെന്നാണ് ഉയരുന്ന ആവശ്യം.

Keywords: Railway-News, Vande-Bharat-Express, Kasaragod-Railway-News, Train-News, Kerala News, Malayalam News, Kasaragod News, Kasaragod Railway Station, Even if Vande Bharat extended to Mangalore, problems in Kasaragod railway sector will not be solved.
< !- START disable copy paste -->

Post a Comment