(www.kasargodvartha.com) ശഅബാന്‍ മാസം കഴിയുന്നതോടെ തെരുവ് കച്ചവടക്കാരും കടകമ്പോളങ്ങളും ഒരുക്കങ്ങളുടെ തിരക്കിലേക്ക് വഴി മാറുകയാണ്. റമദാന്‍ തുടക്കം മുതല്‍ പെരുന്നാള്‍ ദിവസം വരെ കച്ചവടങ്ങളുടെ പേമാരി പെയ്തു കൊണ്ടേയിരിക്കും. കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളും പലപല മോഡലുകളും ഓരോരുത്തരുടെ ബഡ്ജറ്റിനൊത്ത ക്വാളിറ്റികളിലുമുള്ള വസ്ത്ര വിതാനങ്ങളും എല്ലാം പെരുന്നാളിനെ വരവേല്‍ക്കാനുള്ളതും അണിഞ്ഞൊരുങ്ങി സെല്‍ഫിയെടുക്കാനുള്ളതുമാണ്. അതു പോലെ മെഹന്ദി (മൈലാഞ്ചി) ഫാന്‍സികളും വിപണനങ്ങളെ കീഴടക്കിയപ്പോള്‍ ഓരോ ഡ്രസിന് അനുയോജ്യമായതും വര്‍ണങ്ങളാള്‍ മനസ് കുളിര്‍ക്കുന്നതുമായ കാതിന്റെ ലോലാക്കും പെണ്‍തരുണികളുടെ ഹരമായി മാറിയിരിക്കുകയാണ്. നോമ്പ് തുടങ്ങിയാല്‍ പെരുന്നാളിന്റെ വരവും നോക്കി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിപ്പിലാണ് ഓരോരുത്തരും.
പണ്ടത്തെ പെരുന്നാളിന്റെ പൊലിവുകള്‍ ഇന്നത്തെ തലമുറകളോട് പറഞ്ഞാല്‍ അവര്‍ കളിയാക്കി ചിരിക്കും. ഇന്നത്തെ പോലെ പലതരത്തിലുള്ള വിഭവങ്ങളോ പല മോഡലിലുള്ള വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. അന്നൊക്കെ പെരുന്നാളിന് ഒരു വെള്ളമുണ്ടോ നിക്കറോ കുപ്പായവും വാങ്ങിയാല്‍ അടക്കാനാവാത്ത സന്തോഷവും ആഹ്ലാദവുമായിരുന്നു. ചെറിയ പെരുന്നാളിന് ഒരു ജോഡി ഡ്രസ് വാങ്ങിയാല്‍ അത് വലിയ പെരുന്നാളിലേക്ക് മടക്കി സൂക്ഷിച്ച് വച്ചിരുന്നു. ഇടയ്ക്കിടക്ക് അതിനെ എടുത്ത് മണത്തു നോക്കുമായിരുന്നു. ഹാ...അതെല്ലാമൊരു കാലമായിരുന്നു.
ഇന്നത്തെ തലമുറകള്‍ക്ക് രണ്ടോ മൂന്നോ ജോഡികളില്‍ കുറയാതെ വാങ്ങിയാലും കണ്ണും മനസ്സും തൃപ്തിയാകുന്നില്ല. അയ്യായിരത്തിന്റേയും പതിനായിരത്തിന്റേയും വസ്ത്രങ്ങള്‍ വാങ്ങി പെരുന്നാള്‍ ദിവസം അണിഞ്ഞ് അതിന് ശേഷം അതിനെ ഒരു മൂലയിലേക്കോ അല്ലെങ്കില്‍ അലമാരയിലോ വലിച്ചൊരേറാണ്. കാലങ്ങളുടെ കടന്നു കയറ്റമാണ് ഇതിനെല്ലാം കാരണമാകുന്നത്. പ്രവാസി ഭര്‍ത്താക്കന്മാരുടെ പണം ധൂര്‍ത്തടിച്ച് ആഢംബര ജീവിതം നയിക്കുന്ന ചില ഭാര്യമാരും മക്കളുമാണ് പെരുന്നാള്‍ പൊലിവില്‍ നിറകുടമാകുന്നത്. ഇവിടെ നാം മറന്നു പോകുന്ന ഒരു കാര്യമുണ്ട്. പെരുന്നാളിന് പുതുവസ്ത്രം വാങ്ങാന്‍ ഗതിയില്ലാത്ത, സാമ്പത്തികമായി വളരേയേറെ ഞെരുക്കം കൊള്ളുന്ന ഒരുപാട് കുടുംബങ്ങള്‍ നമുക്ക് ചുറ്റുമുണ്ടെന്ന കാര്യം. നമ്മള്‍ ചിലവഴിക്കുന്നതിന്റെ മൂന്നിലൊരു പങ്ക് അവര്‍ക്ക് നല്‍കി അവരുടെ കണ്ണീരൊപ്പിയാല്‍ അതിലോളം പുണ്യം വേറെയില്ല.
അത്തറും സ്‌പ്രേയുമില്ലാതിരുന്ന കാലത്ത് പണ്ടത്തെ വസ്ത്രങ്ങള്‍ക്ക് അത്തറിനേക്കാളും മണമായിരുന്നു. ആ ജീവിതം തിരികെ കിട്ടുമോയെന്നു പോലും ആശിച്ചു പോകുന്നു. പണ്ടുള്ളവര്‍ മൈലാഞ്ചി ചെടിയില്‍ നിന്നും ഇലകള്‍ പറിച്ചെടുത്ത് ആട്ടുക്കല്ലിലിട്ട് അരച്ചാണ് കൈവെള്ളയില്‍ (ഉള്ളം കൈ) മൈലാഞ്ചി അണിഞ്ഞിരുന്നത്. അത് പതിയെ വഴി മാറി ട്യൂബായി മാറി. ഇപ്പോള്‍ മൈലാഞ്ചി ചെടിയുടെ അടി വേരുകള്‍ പിഴുത് കാലയവനികയ്ക്കുള്ളിലേക്ക് വലിച്ചെറിഞ്ഞതോടെ അതും കാണാനില്ല. അന്നത്തെ കാലത്ത് വീട്ടില്‍ കോഴി കറി വെക്കണമെങ്കില്‍ പെരുന്നാളാകണം. നാടന്‍ കോഴിയുടെ കറിയും നെയ്‌ച്ചോറും ആര്‍ത്തിത്തിയോടെ കഴിച്ചിരുന്ന കാലം, പെരുന്നാള്‍ പൊലിവിന്റെ കുളിരലകള്‍ വീടുകളില്‍ പാറിക്കളിച്ചിരന്ന കാലമെല്ലാം വെറും ഓര്‍മ്മകളുടെ ചെപ്പില്‍ ഒതുങ്ങിയിരിക്കുകയാണ്.
ഇന്നത്തെ പെരുന്നാളിന് പൊലിവ് കുറവാണ്. കാരണം,ആര്‍ഭാടവും ആഭാസവുമായി മാറിയിരിക്കുകയാണ്. മുപ്പതു നാളുകളില്‍ വിശപ്പും ദാഹവും സഹിച്ച് നോമ്പെടുത്ത് അവസാനം ഒരു ദിവസം കൊണ്ട് അതിന്റെ പ്രതിഫലങ്ങളെ കളഞ്ഞു കുളിക്കും. ടൗണിലേക്ക് പോയാല്‍ എവിടെ നോക്കിയാലും, വഴിയോരങ്ങളിലും കടകളിലും വലിയ തിരക്കാണ്. കടകളില്‍ തിങ്ങി നിറഞ്ഞ് കവിഞ്ഞ് കടയിലെ ജോലിക്കാര്‍ക്കു പോലും നില്‍ക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ രണ്ട് വര്‍ഷം പെരുന്നാള്‍ ആഘോഷങ്ങള്‍ വീടുകളില്‍ മാത്രം ഒതുങ്ങുകയായിരുന്നു. കാരണം കൊറോണ മൂര്‍ച്ഛിച്ച സമയമായിരുന്നു. ഇന്ന് അതിന്റെ ഇരട്ടിയാഘോഷങ്ങളൊരുക്കുവാനുള്ള തയ്യാറെടുപ്പിലാണ്.
പഴയകാല പെരുന്നാളിന് ചൈനാ സില്‍ക്കിന്റെ തുണി കൊണ്ട് പെണ്‍കുട്ടികള്‍ക്ക് പാവാടയും ബ്ലൗസുമായിരുന്നു തുന്നിയിരുന്നത്. ആണ്‍കുട്ടികള്‍ക്ക് നിക്കറും കുപ്പായവുമായിരുന്നു, അതുമല്ലെങ്കില്‍ വെള്ളമുണ്ടും കുപ്പായവുമായിരുന്നു. അതെല്ലാം കാലക്രമേണ വഴിമാറി തുടങ്ങിയപ്പോള്‍ ബെല്‍ബോട്ടന്‍ പാന്റും വലിയ കോളറുള്ള കുപ്പായവുമായി. അതു ചൈനാ സില്‍ക്കില്‍ സഫാരിയിലേക്ക് വഴിമാറി, അന്നതൊരു ട്രെന്റായിരുന്നു. അതും മാഞ്ഞു പോയപ്പോള്‍ ഇന്നതെല്ലാം പഴയ ഓര്‍മ്മകള്‍ മാത്രമായി. ഇന്ന് മൂട് കീറിയതും,കാല്‍മുട്ട് കീറിയതുമായ ജീന്‍സ് പാന്റുകളും, ശരീര പ്രകൃതി ആസ്വദിക്കുവാന്‍ പറ്റിയ മോഡലുകളാണ് വിപണിയില്‍ ലഭ്യമാകുന്നത്. ഇങ്ങനെയുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് ഇന്നത്തെ തലമുറയില്‍ പലരും പെരുന്നാള്‍ പൊലിവാക്കുന്നതും ആഘോഷിക്കുന്നതും. പണ്ടുള്ളവര്‍ പറയുമായിരുന്നു കാലം മാറുന്തോറും കോലവും മാറുമെന്ന്, അത് എത്ര സത്യമാണ്.
Keywords: Eid Celebration, Eid-Ul-Fitr-News, Muhammad Ali Nellikunnu, Ramadan-News, Muslim-Festivals, Eid-Ul-Fitr, Eid-Ul-Fitr 2023, Eid Mubarak, Eid celebration; Then and now.
< !- START disable copy paste -->