കൊലപാതകത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 'കോട്ടപ്പുറം - കടിഞ്ഞിമൂല പാലത്തിന്റെ പൈലിങ് ജോലി ചെയ്യുന്ന തൊഴിലാളികൾ താമസിക്കുന്ന വാടക കെട്ടിടത്തിലാണ് രമേശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ കെട്ടിടത്തിൽ മലയാളികളും അന്യ സംസ്ഥാന തൊഴിലാളികളും അടക്കം 11പേരാണ് താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി 10 മണിയോടെ തലക്കടിച്ച് കൊലപ്പെടുത്തിയ പ്രതികൾ തന്നെ പ്രദേശവാസികളെ വിളിച്ച് തങ്ങളുടെ കൂടെയുള്ള ഒരാൾ ഹൃദയ സ്തംഭനം മൂലം മരിച്ചുകിടക്കുന്നതായി അറിയിച്ചു.
പ്രദേശവാസികൾ നീലേശ്വരം പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് ഉടൻ സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ് മോർടത്തിൽ തലക്കടിയേറ്റാണ് മരണകാരണമെന്ന് വ്യക്തമായതോടെ വാടക വീട്ടിൽ താമസിച്ചിരുന്ന 11 പേരെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കേസിന്റെ ചുരുൾ അഴിഞ്ഞത്. ഒന്നാം പ്രതി കെപി ബൈജു എറണാകുളം ജില്ലയിലെ തോപ്പുംപടി, ഐലൻഡ് ഹാർബർ, വൈപ്പിൻ, എറണാകുളം സെൻട്രൽ എന്നീ പൊലീസ് സ്റ്റേഷനുകളിലായി 14 കേസുകളിൽ പ്രതിയാണ്'.
ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ കാഞ്ഞങ്ങാട് ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായർ, നീലേശ്വരം ഇൻസ്‌പെക്ടർ പ്രേംസദൻ, എസ്ഐ ശ്രീജേഷ്, സീനിയർ സിവിൽ ഓഫീസർമാരായ ഗിരീഷ്, മഹേഷ്, സി പി ഒമാരായ പ്രബീഷ്, ഷാജിൽ, ഷിജു, ഡാൻസഫ് സ്‌ക്വാഡ് അംഗങ്ങളായ രാജേഷ് മാണിയാട്ട്, ഹരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആണ് 24 മണിക്കൂറിനുള്ളിൽ കേസിനു തുമ്പുണ്ടാക്കി പ്രതികളെ പിടികൂടിയത്.