ഉദുമ പടിഞ്ഞാറിലെ ഉമ്മുഹാനി (52) യുടെ നേതൃത്വത്തിലാണ് ഒരുകൂട്ടം വനിതകൾ ആശയറ്റ ഒരുപാട് പേർക്ക് പ്രതീക്ഷയാകുന്നത്. റഈസ ടീചർ, സുഹറ അബൂബകർ, സഫിയ മുത്വലിബ്, ഫറീന സാദിഖ്, ഖമറുന്നീസ ശാഹുൽ എന്നിവർ കൈകോർത്ത് ഒപ്പമുണ്ട്. കാരുണ്യത്തിന്റെ കൈത്താങ്ങാവുന്ന നിരവധി കർമപദ്ധതികൾ ആസൂത്രണം ചെയ്താണ് കൂട്ടായ്‌മ ദേശീയ തലത്തിൽ പോലും കാരുണ്യപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. വാട്സ് ആപ് കൂട്ടായ്‌മ രൂപീകരിച്ച് സഹായം ആവശ്യമുള്ളവർക്ക് എത്തിക്കാനും ഇവർ മുൻപന്തിയിലാണ്.
ഡെൽഹിയിലെ റോഹിൻഗ്യൻ അഭയാർഥി കേന്ദ്രങ്ങളിലെത്തി 2000 പേർക്ക് ഭക്ഷണ കിറ്റുകളും മരുന്നുകളും വിതരണം ചെയ്ത് ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. സംസ്ഥാനത്തെ 258 അനാഥ കുടുംബങ്ങൾക്ക് പ്രതിമാസം 2500 രൂപ നിരക്കിൽ സൗജന്യമായി നൽകുന്ന പദ്ധതി വർഷങ്ങളായി കൂട്ടായ്‌മ തുടരുന്നുണ്ട്. പാറപ്പള്ളി, സീതാംഗോളി, മാന്യ, ചാലിങ്കാൽ, കല്യോട്ട്, പള്ളിക്കര എന്നിവിടങ്ങളിൽ നിർമിച്ച വീടുകളുടെ താക്കോൽദാനമാണ് മാർച് 18ന് നടക്കുക.