Join Whatsapp Group. Join now!
Aster mims 04/11/2022

TE Abdulla | ടിഇ അബ്ദുല്ല: സ്‌നേഹത്തിന്റെ മറുപേര്

TE Abdulla: Another name for love, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
അനുസ്മരണം

-അബ്ബാസ് ബീഗം

(www.kasargodvatha.com) കാസര്‍കോടിന്റെ സമസ്ത മേഖലകളിലും നിറഞ്ഞുനിന്ന ടിഇ അബ്ദുല്ലയുടെ വേര്‍പാടിന്റെ വേദനകള്‍ മനസില്‍ നിന്ന് മായുന്നില്ല. പ്രിയപ്പെട്ടവരുടെ വേര്‍പാട് സൃഷ്ടിക്കുന്ന ശൂന്യത ആഴമേറിയതായിരിക്കും. അത് മാറ്റാന്‍ കാലത്തിന് പോലും സാധിച്ചെന്നു വരില്ല. ജീവിതത്തിലുടനീളം സൗമ്യ സാന്നിധ്യമായി നിറഞ്ഞുനിന്ന ടിഇ അബ്ദുല്ല ബാക്കിവെച്ചുപോയ നല്ല അനുഭവങ്ങള്‍ മാത്രമാണ് മുന്നിലുള്ളത്.
    
TE Abdulla

സ്‌നേഹത്തിന്റെ മറുപേരായിരുന്നു ടിഇ അബ്ദുല്ലയെന്നത്. സഹപ്രവര്‍ത്തകരെ, ജനങ്ങളെ, പാര്‍ട്ടി പ്രവര്‍ത്തകരെ ഇത്രമേല്‍ ചേര്‍ത്തുപിടിച്ചൊരു മനുഷ്യന്‍ അപൂര്‍വമായിരിക്കും. അവരുടെ ഏത് പ്രശ്നത്തിലും പരിഹാരം കാണാന്‍ ആത്മാര്‍ത്ഥമായ ഇടപെടലുകള്‍ ടിഇ അബ്ദുല്ലയുടെ മുഖമുദ്രയായിരുന്നു. ഏറെ വാത്സല്യ നിധിയുമായിരുന്നു അദ്ദേഹം. വാത്സല്യത്തോടെയുള്ള ഇടപഴലും തലോടലും പലര്‍ക്കും വലിയ ആശ്വാസമായിരുന്നു. അധികാര സ്ഥാനങ്ങള്‍ അദ്ദേഹത്തിന് അലങ്കാരങ്ങളായിരുന്നില്ല. എല്ലാവരിലും നന്മ കണ്ടെത്താനാണ് അദ്ദേഹം ശ്രമിച്ചത്.

നാടിന്റെ വികസനത്തിന് നേതൃത്വം നല്‍കിയ മുന്‍ എംഎല്‍എ ടിഎ ഇബ്രാഹിമിന്റെ മകനായ ടിഇ അബ്ദുല്ല പിതാവിന്റെ ഗുണഗണങ്ങള്‍ കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു. ഭരണകര്‍ത്താവെന്ന നിലയിലും ഏവര്‍ക്കും സ്വീകാര്യനായ വ്യക്തിയായിരുന്നു. കാസര്‍കോട് നഗരത്തിന്റെ വികസനത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ടൗണ്‍ ഹാള്‍, നഗരസഭ സ്റ്റേഡിയം, സന്ധ്യാരാഗം ഓഡിറ്റോറിയം, നഗരസഭ ജനസേവന കേന്ദ്രം, കഫേശ്രീ കന്റീന്‍ അങ്ങനെ ടിഇ അബ്ദുല്ലയുടെ കയ്യൊപ്പ് പതിഞ്ഞ അടയാളങ്ങള്‍ ഏറെ.

സൗമ്യത തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ മുതല്‍ക്കൂട്ട്. സംഘര്‍ഷഭരിതമായ പല സമയങ്ങളിലും സൗമ്യതയോടെ ഇടപെട്ടു. മിതമായും മൃദുവായും മാത്രമാണ് സംസാരിക്കാറുള്ളതെങ്കിലും പറയുന്ന വാക്കുകളെല്ലാം ശക്തമായിരുന്നു. യോഗങ്ങളിലും പൊതു പരിപാടികളിലുമൊക്കെ നിറസാന്നിധ്യമായി നിലകൊണ്ടു. യാതൊരു മടിയുമില്ലാതെ തന്നെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും മുന്‍നിരയില്‍ നില്‍ക്കാന്‍ അദ്ദേഹം കാണിച്ച സന്മനസ് എടുത്ത് പറയേണ്ടത് തന്നെയാണ്.
                      
T.E Abdulla

കാസര്‍കോടിന്റെ റഫറന്‍സ് പുസ്തകം എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തി കൂടിയാണ് ടിഇ അബ്ദുല്ല. അദ്ദേഹത്തോളം കാസര്‍കോടിന്റെ ചരിത്രം പറയാനറിയാവുന്നവര്‍ ചുരുക്കമായിരിക്കും. ആഴത്തിലുള്ള വായനയാണ് അദ്ദേഹത്തിന്റെ ശക്തി. കലാസാഹിത്യ പ്രവര്‍ത്തനങ്ങളെ വളര്‍ത്താനും പ്രോത്സാഹിപ്പിക്കാനും അതിന് വേണ്ടി വേദികള്‍ ഒരുക്കാനും അദ്ദേഹം മുന്നിലായിരുന്നു. എന്നെപ്പോലുള്ള വ്യക്തികളുടെ ജീവിതത്തിലെ വലിയ പ്രകാശമാണ് കെട്ടുപോയത്. ആ സൗമ്യ സാന്നിധ്യം ഒരു തണലായിരുന്നു. തണല്‍ നഷ്ടപ്പെടുമ്പോഴാണ് അതിന്റെ വേദന ഏറെ അറിയുന്നത്.

(കാസർകോട് നഗരസഭാ വികസനകാര്യ സ്റ്റാൻഡിങ് കമിറ്റി ചെയര്‍മാനാണ് ലേഖകൻ)

Keywords: Article, Kasaragod, Kerala, T.E Abdulla, Politics, Political Party, Muslim-League, Muslim-league-Leaders, Remembrance, Remembering, TE Abdulla: Another name for love.
< !- START disable copy paste -->

Post a Comment