മംഗ്ളുറു: (www.kasargodvartha.com) ഹാസൻ ജില്ലയിൽ ബെളുർ ചെന്നകേശവ ക്ഷേത്രം ഉത്സവപരിപാടിയിൽ നിന്ന് വിശുദ്ധ ഖുർആൻ പാരായണം നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദൾ തുടങ്ങിയ തീവ്രഹിന്ദുത്വ സംഘടനകൾ രംഗത്ത്. ബെളുരിൽ ഖുർആൻ വിരുദ്ധ പ്രകടനം നീങ്ങുന്നതിനിടെ 'ഖുർആൻ സിന്ദാബാദ്' വിളിച്ചതിന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
'യുനസ്കോ'യുടെ പൈതൃക സ്ഥാപന പട്ടികയിൽ ഇടം നേടിയ ഈ ക്ഷേത്രത്തിലെ രഥോത്സവം അടുത്ത മാസം നാലിനാണ് തുടങ്ങുന്നത്. പൈതൃക ഭാഗമായ ഖുർആൻ പാരായണം ഒഴിവാക്കാനാവില്ലെന്നിരിക്കെ സാമുദായിക കലാപം സൃഷ്ടിക്കാനാണ് ശ്രമമെന്നാണ് ആക്ഷേപം. സംഘ്പരിവാർ പ്രകടനം കടന്നു പോവുന്നതിനിടെയാണ് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ഒരാൾ ഉച്ചത്തിൽ 'ഖുർആൻ സിന്ദാബാദ്' വിളിച്ചത്. ഇതോടെ പ്രകടനക്കാർ അങ്ങോട്ട് തിരിഞ്ഞ് അയാളെ വട്ടമിട്ടു. ഉടൻ പൊലീസ് എത്തി ആൾക്കൂട്ടത്തെ ലാതിവീശി ഓടിക്കുകയും മുദ്രാവാക്യം മുഴക്കിയ ആളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
'പൊലീസ് ഇതെല്ലാം മുന്നിൽ കണ്ടാണ് പ്രവർത്തിച്ചത്. 100 സമരക്കാരെ നേരിടാൻ 150 പൊലീസുകാരെയാണ് വിന്യസിച്ചത്. ഖുർആൻ സിന്ദാബാദ് വിളിച്ചത് പഴയ ഗുണ്ടയാണെന്ന് പൊലീസിന് മനസിലായി. അവനെ പൊക്കി ഉടൻ പൊലീസ് വാഹനത്തിൽ കയറ്റി. പ്രതിഷേധക്കാർ വാഹനത്തിന് നേരെ പാഞ്ഞടുത്ത് അയാളെ അക്രമിക്കാൻ മുതിർന്നു. അവരെ തള്ളിമാറ്റി വാഹനം പൊലീസ് സ്റ്റേഷനിലേക്ക് കുതിച്ചു', ഹാസൻ ജില്ല പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കർ പറഞ്ഞു. സാമുദായിക സ്പർധയുണ്ടാക്കാൻ ശ്രമിച്ചു എന്നതിന് കേസെടുത്ത് കോടതിയിൽ ഹാജരാക്കും എന്ന് അദ്ദേഹം അറിയിച്ചു.
വിജയനാരായണ ക്ഷേത്രം എന്നും അറിയപ്പെടുന്ന ഈ ആധനാലയം പന്ത്രണ്ടാം നൂറ്റാണ്ടിൽ വിഷ്ണുവർധൻ രാജ പരമ്പര കാലത്ത് സ്ഥാപിച്ച് പരിപാലിച്ചു പോരുന്നതാണെന്ന് വികിപീഡിയ പറയുന്നു. ഹാസൻ നഗരത്തിൽ നിന്ന് 35 കിലോമീറ്ററും കർണാടക തലസ്ഥാനത്ത് നിന്ന് 220 കിലോമീറ്ററും അകലെ സ്ഥിതിചെയ്യുന്ന ക്ഷേത്രം 103 വർഷം കൊണ്ടാണ് ഇന്ന് കാണുന്ന രൂപത്തിൽ പൂർത്തിയാക്കിയത്. ഉത്സവങ്ങളിലെ ഖുർആൻ പാരായണം പൈതൃക രീതിയാണ്. എന്നാൽ 1932 അടിച്ചേല്പിച്ച ഇനമാണ് ഇതെന്നാണ് പ്രതിഷേധക്കാരുടെ വാദം. പൈതൃകം ഒഴിവാക്കാനാവില്ലെന്ന് ക്ഷേത്രം ഭരിക്കുന്ന മുസ്റായ് വകുപ്പ് കമീഷണർ രോഹിണി സിന്ദൂരി പറഞ്ഞു. 2002ലെ ഹിന്ദു മത നിയമം ഭാഗം 58പ്രകാരം ഇതിന് തടസമില്ലെന്ന് അവർ പറഞ്ഞു.
അല്ലാഹ് മാത്രമാണ് ദൈവം എന്ന് വിശ്വസിക്കുന്നവരുടെ ഗ്രന്ഥം പാരായണം ചെയ്യുന്നതിനെയാണ് ഞങ്ങൾ എതിർക്കുന്നത് എന്ന് ബജ്റംഗ്ദൾ ഡിവിഷനൽ കൺവീനർ ശരത് യെലഗുണ്ട പറഞ്ഞു. എല്ലാ ദൈവങ്ങളും ഒരുപോലെയാണെന്ന് അവർ പറയുമെങ്കിൽ എതിർപ്പില്ല. തങ്ങളുടെ ആവശ്യം മുൻനിറുത്തി അധികൃതർക്ക് നിവേദനം നൽകും. ഖുർആൻ പാരായണം തുടരാൻ തന്നെയാണ് തീരുമാനമെങ്കിൽ കുഴപ്പം ഉണ്ടാക്കില്ല. കാൽലക്ഷം ഭക്തരുടെ സുരക്ഷ പ്രധാനമാണെന്ന് ശരത് കൂട്ടിച്ചേർത്തു. ഉത്സവ ദിനങ്ങളിൽ പ്രതിഷേധം ഉണ്ടായാൽ കൂടുതൽ പൊലീസിനെ വിന്യസിച്ച് ക്രമസമാധാന പാലനം ഉറപ്പുവരുത്തുമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് പറഞ്ഞു.
Keywords: Mangalore, National, News, Temple, Festival, Arrest, Police, Custody, Case, Court, Vehicle, Attack, Police Station, Protest, Top-Headlines, Hindus protesting Quran recitation during Belur temple festival.
< !- START disable copy paste -->