ആഗോള ഭീകര പ്രവർത്തനവുമായി ബന്ധമുള്ള സ്ഫോടനമാണ് മംഗ്ളൂറിൽ നടന്നതെന്നാണ് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയത്. ഓടോറിക്ഷയിൽ യാത്രക്കാരനായിരുന്നു ശാരിഖ്. ബികോം ബിരുദ ധാരിയായ യുവാവ് ഓൺലൈൻ ബിസിനസ് രംഗത്താണ് പ്രവർത്തിച്ചത്. കുകർ സ്ഫോടനത്തിന് ആഗോള ഭീകര പ്രവർത്തന ബന്ധമുള്ളതായി കർണാടക പൊലീസിന് തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി അലോക് കുമാറിനെ ഉദ്ധരിച്ച് ഉദയവാണി പത്രം റിപോർട് ചെയ്തു.
ശാരിഖിനൊപ്പം സബീഉല്ലയേയും തെളിവെടുപ്പിനായി എൻഐഎ ഷിവമോഗ്ഗയിൽ എത്തിച്ചു. ഷിവമോഗ്ഗ തുംഗ പുഴയോരത്ത് ബോംബ് സ്ഫോടന പരീക്ഷണം നടത്തി എന്ന കേസിൽ പ്രതിയാണ് സബീഉല്ല. അതിനിടെ കുകർ സ്ഫോടനം നടന്ന ഓടോറിക്ഷ ഓടിച്ച പുരുഷോത്തം പൂജാരിക്ക് ബിജെപി സഹായമായി പുതിയ ഓടോറിക്ഷയും അഞ്ചു ലക്ഷം രൂപയും പാർടി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ എംപി കൈമാറി. സ്ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റ ഡ്രൈവർ ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയ വേളയിലാണ് സഹായം കൈമാറിയത്.