മംഗ്ളുറു: (www.kasargodvartha.com) ആസൂത്രണം ചെയ്ത മൂന്ന് പ്രധാന നഗര നവീകരണ പദ്ധതികൾ ആരംഭിക്കുന്നതോടെ മംഗ്ളുറു നഗരത്തിന്റെ മുഖച്ഛായ മാറുമെന്ന് വിലയിരുത്തൽ. നേത്രാവതി റെയിൽവേ പാലം (മോർഗൻസ് ഗേറ്റിന് സമീപം) മുതൽ ബോളാർ കടൽമുഖം വരെ 60 കോടി രൂപ ചിലവിൽ ആളുകൾക്ക് വിനോദത്തിനും സഞ്ചാരത്തിനുമുള്ള നിരവധി പദ്ധതികൾ, സുൽത്താൻ ബത്തേരി മുതൽ തണ്ണീർബാവി വരെ കാൽനടയാത്രക്കാർക്ക് മാത്രമായി 40.31 കോടി രൂപ ചിലവിൽ തൂക്കുപാലം, 3.6 ഏകർ സ്ഥലത്ത് 114 കോടി രൂപ ചിലവിൽ പിപിപി മാതൃകയിൽ പുതിയ സെൻട്രൽ മാർകറ്റ് എന്നിവയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. മംഗ്ളുറു സ്മാർട് സിറ്റി ലിമിറ്റഡാണ് (MSCL) പദ്ധതികൾ നടപ്പിലാക്കുന്നത് .
നേത്രാവതി റെയിൽവേ പാലം മുതൽ ബോളാർ കടൽമുഖം വരെയുള്ള പദ്ധതിയിലൂടെ, വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പൂന്തോട്ടങ്ങൾ, പാർകുകൾ, കാൽനടയാത്രക്കാർക്ക് അനുയോജ്യമായ നടപ്പാതകൾ, സൈകിൾ ട്രാക്, ബോർഡ് വാക്, സാഹസിക കായിക വിനോദങ്ങൾ തുടങ്ങിയവ നടപ്പിലാക്കാനാണ് തീരുമാനം. സജീവമായ വിനോദ-വാണിജ്യ കേന്ദ്രമായി വികസിപ്പിക്കാൻ എംഎസ്‌സിഎലിന് പദ്ധതിയുണ്ട്. ഇതിന് കീഴിലുള്ള 10 പദ്ധതികളുടെയും കരാറുകൾ എംഎസ്‌സിഎൽ ഇതിനകം നൽകിയിട്ടുണ്ട്. പരിസ്ഥിതി മന്ത്രാലയത്തിൽ നിന്ന് സിആർസെഡ് (CRZ) അനുമതിയും ലഭിച്ചിട്ടുണ്ട്.
ജൈവവൈവിധ്യ പാർക്, നേത്രാവതി റെയിൽവേ പാലത്തിന് സമീപം പക്ഷിനിരീക്ഷണ മേഖല, 2.1 കിലോമീറ്റർ നീളത്തിൽ ആറ് മീറ്റർ വീതിയിൽ പാത, പാലം മുതൽ ബോളാർ കടൽ വരെ മൂന്ന് മീറ്റർ വീതിയിൽ സൈകിൾ ട്രാക്, ഔട് ഡോർ ജിം, കുട്ടികൾക്കായി കളിസ്ഥലം എന്നിവയും പദ്ധതിയിൽ പെടുന്നു.
രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിക്ക് 60 കോടി രൂപയാണ് ചിലവ്. ഒന്നാം ഘട്ടം നേത്രാവതി പാലം മുതൽ സൗത് പോയിന്റ് വരെ 1.3 കിലോമീറ്ററും രണ്ടാം ഘട്ടം സൗത് പോയിന്റ് മുതൽ ബോളാർ കടൽമുഖം വരെ 0.75 കിലോമീറ്ററുമാണ്.
ഫാൽഗുനി നദിക്ക് കുറുകെ സുൽത്താൻ ബത്തേരിക്കും തണ്ണീർഭാവിക്കും ഇടയിൽ കാൽനടയാത്രക്കാർക്ക് മാത്രമായി ഒരു തൂക്കുപാലം പ്രദേശവാസികളുടെ ഏറെ നാളത്തെ സ്വപ്നമാണ്. രണ്ട് പതിറ്റാണ്ട് മുമ്പ് ആസൂത്രണം ചെയ്ത പദ്ധതിക്കായി എംഎസ്‌സിഎൽ 45 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. 2010-ൽ തൂക്കുപാലത്തിന് തറക്കല്ലിടുകയും 2012-ൽ നിർമാണം ആരംഭിക്കുകയും ചെയ്തു. എന്നാൽ തുകയുടെ കുറവ് ചൂണ്ടിക്കാട്ടി പിന്നീട് ഉപേക്ഷിച്ചു. ചരിത്രപ്രസിദ്ധമായ സുൽത്താൻ ബത്തേരി ക്ലോക് ടവറിന് സമീപമാണ് തൂക്കുപാലം നിർമിക്കുന്നത്. ഇത് യാഥാർഥ്യമായാൽ സുൽത്താൻ ബത്തേരിയിൽ എത്തുന്ന സഞ്ചാരികൾക്ക് തൂക്കുപാലത്തിലൂടെ പടിഞ്ഞാറുവശത്തുള്ള തണ്ണീർബാവി ബീചിലേക്ക് നടന്നുപോകാം.
3.6 ഏക്കർ സ്ഥലത്ത് 114 കോടി രൂപ ചിലവിൽ പിപിപി മാതൃകയിലാണ് പുതിയ മാർകറ്റ് നിർമിക്കുന്നത്. സെൻട്രൽ മാർകറ്റിലും പരിസരത്തുമുള്ള റോഡ് ഇതിനകം വികസിപ്പിച്ചിട്ടുണ്ട്. പദ്ധതി അനുസരിച്ച് അഞ്ച് നിലകളും പാർകിംഗ് സ്ഥലവുമുള്ളതാണ് പുതിയ മാർകറ്റ്. മംഗ്ളുറു ആസ്ഥാനമായുള്ള സോമയാജി എസ്റ്റേറ്റ്‌സാണ് പദ്ധതിയുടെ കരാർ ഏറ്റെടുത്തിരിക്കുന്നത്. ഹൈകോടതി സ്‌റ്റേ ഉത്തരവ് നീക്കിയതിനെത്തുടർന്ന്, 2022 ഏപ്രിലിൽ പുതിയ കെട്ടിടം പണിയുന്നതിനായി 60 വർഷം പഴക്കമുള്ള സെൻട്രൽ മാർകറ്റ് കെട്ടിടം സിറ്റി കോർപറേഷൻ പൊളിച്ചുനീക്കിയിരുന്നു. പുതിയ പദ്ധതികളെ ജനങ്ങളും ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
Keywords: Karnataka, Mangalore, News, Top-Headlines, City, Development Project, Sea, High-Court, Bridge, Project, Mangaluru Cityscape Set To Transform.< !- START disable copy paste -->
Mangaluru City | മംഗ്ളുറു നഗരത്തിന്റെ മുഖച്ഛായ തന്നെ മാറും; അണിയറയിൽ ഒരുങ്ങുന്നത് 3 വൻ നഗര നവീകരണ പദ്ധതികൾ; പ്രവൃത്തികൾ തുടങ്ങി
Mangaluru Cityscape Set To Transform#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍