Join Whatsapp Group. Join now!
Aster MIMS 06/06/2023

Stay Order | അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന് സ്റ്റേ; ബുധനാഴ്ച വരെ നടപടി പാടില്ലെന്ന് ഹൈകോടതി ഉത്തരവ്

Kerala High Court Stays Mission Arikkomban Until Wednesday#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kasargodvartha.com) ഇടുക്കിയിലെ മൂന്നാര്‍ ചിന്നക്കനാലില്‍ അക്രമകാരിയായ ഒറ്റയാന്‍ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം മാറ്റിവയ്ക്കാന്‍ ഹൈകോടതി ഉത്തരവ്. അടുത്ത ബുധനാഴ്ച വരെ നടപടികള്‍ പാടില്ലെന്നാണ് ഉത്തരവ്. വ്യാഴാഴ്ച രാത്രി 8 മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തിയാണ് മാര്‍ച് 29 വരെ ദൗത്യം നിര്‍ത്തിവെക്കാന്‍ ഹൈകോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്. 

ഓപറേഷന്‍ അരിക്കൊമ്പനെതിരെ തിരുവനന്തപുരം ആസ്ഥാനമായ മൃഗസംരക്ഷണ സംഘടന നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഹൈകോടതി ഈ നിര്‍ദേശം നല്‍കിയത്. ഉത്തരവ് അശാസ്ത്രീയമാണെന്നും ആനയെ മനുഷ്യവാസമില്ലാത്ത വനമേഖലയില്‍ തുറന്നു വിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. നിലവിലെ സ്ഥലത്ത് നിന്നും ആനയെ മാറ്റുമ്പോള്‍ മൃഗത്തിന്റെ ക്ഷേമവും ശാസ്ത്രീയ സമീപനവും പ്രധാനമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

മൃഗങ്ങളോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട് ഹൈകോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി. രാത്രി 9.20 വരെയാണ് ഇതിനായി ഹൈകോടതിയുടെ പ്രത്യേക സിറ്റിംഗ് ഉണ്ടായിരുന്നത്. ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, വിജു എബ്രഹാം എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. 29 ന് ഹൈകോടതി കേസ് വീണ്ടും പരിഗണിക്കും. അതുവരെ ആനയെ നിരീക്ഷിക്കാനും കോടതി നിര്‍ദേശിച്ചു.

അരിക്കൊമ്പനെ പിടികൂടാന്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായ ഘട്ടത്തിലാണ് ഹൈകോടതി ഇടപെടല്‍. ആനയെ പിടികൂടുകയെന്നത് അവസാന നടപടിയെന്ന് നിരീക്ഷിച്ച ഹൈകോടതി, ബദല്‍ മാര്‍ഗങ്ങള്‍ പരിശോധിക്കണമെന്നും നിര്‍ദേശിച്ചു. കോളര്‍ ഘടിപ്പിക്കുക, ആനയെ ട്രാക് ചെയ്യുക തുടങ്ങി മാര്‍ഗങ്ങളുണ്ട്. ഇതൊന്നും ചെയ്യാതെ നടപടികള്‍ പൂര്‍ത്തിയാക്കും മുമ്പ് ആനയെ പിടികൂടുക എന്നതിലേക്ക് എങ്ങനെയാണ് കടന്നതെന്നും കോടതി ചോദിച്ചു. 

ഇത്തരം കാര്യങ്ങളേക്കാള്‍, പൊതുജനങ്ങള്‍ക്ക് ഭീഷണിയാകുന്ന തരത്തിലാണ് അരിക്കൊമ്പന്റെ നീക്കമെന്നായിരുന്നു വനം വകുപ്പിന്റെ മറുപടി. ഈ സാഹചര്യത്തിലാണ് ആനയെ പിടികൂടാനുള്ള നടപടിയിലേക്ക് കടന്നതെന്നും വനംവകുപ്പ് വിശദീകരിച്ചു.

ഹൈകോടതി വിധിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച കോട്ടയത്ത് വനം വകുപ്പിന്റെ ഉന്നതതല യോഗം ചേരുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. ഹൈകോടതി ഉത്തരവില്‍ തുടര്‍നടപടികള്‍ ആലോചിക്കുമെന്നും ചിന്നക്കനാലിലെ ജനങ്ങള്‍ക്ക് ആശങ്കവേണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

നേരത്തെ കോവളത്ത് ഒരു നായയോട് ക്രൂരത കാട്ടിയതുമായി ബന്ധപ്പെട്ട് ഹൈകോടതി സ്വമേധയാ കേസെടുത്തിരുന്നു. പിന്നീട് മൃഗങ്ങളോടുള്ള ക്രൂരത കൂടി ഈ വിഷയത്തില്‍ ഉള്‍പെട്ടു. നാട്ടാനകളോടുള്ള ക്രൂരത കൂടി ഈ കേസില്‍ ഉള്‍പെടുത്തുകയും ഇതില്‍ അമികസ് ക്യൂറിമാരെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇവരാണ് അരിക്കൊമ്പനുമായി ബന്ധപ്പെട്ട റിപോര്‍ട് ഹൈകോടതിയുടെ ശ്രദ്ധയില്‍പെടുത്തിയത്. തുടര്‍ന്ന് ഹൈകോടതി പ്രത്യേക സിറ്റിംഗ് നടത്തുകയായിരുന്നു. 

news, Kerala, State, Kochi, Top-Headlines, High Court of Kerala, court order, Elephant-Attack, Kerala High Court Stays Mission Arikkomban Until Wednesday


ഈ ഞായറാഴ്ചയാണ് അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാന്‍ നിശ്ചയിച്ചിരുന്നത്. മയക്കുവെടി വയ്ക്കുന്നതിന് മുന്നോടിയായുള്ള മോക് ഡ്രില്‍ ശനിയാഴ്ച നടത്താനും നിശ്ചയിച്ചിരുന്നു. അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തില്‍ പങ്കെടുക്കുന്ന രണ്ടു കുങ്കിയാനകള്‍ ഉള്‍പെടെ ചിന്നക്കനാലില്‍ എത്തുകയും ചെയ്തു. രണ്ടു കുങ്കിയാനകള്‍ കൂടി വെള്ളിയാഴ്ച എത്താനിരിക്കെയാണ് ദൗത്യം നീട്ടിവയ്ക്കാനുള്ള ഉത്തരവ് വന്നത്.

നേരത്തെ, അരിക്കൊമ്പനെ പിടിക്കാനുള്ള വനംവകുപ്പിന്റെ തീരുമാനത്തിനെതിരെ സൊസൈറ്റി ഫോര്‍ ദ് പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് എന്ന സംഘടനയുടെ എറണാകുളം ജില്ലാ സെക്രടറി പി കെ സജീവ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിനും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും പരാതി നല്‍കിയിരുന്നു. വനത്തിനുള്ളില്‍ ആഹാരവും മറ്റു സംരക്ഷണവും ഒരുക്കി കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ വനം വകുപ്പ് പരാജയപ്പെട്ടെന്നും അരിക്കൊമ്പനെ പിടിക്കാനുള്ള നീക്കം തടയണമെന്നുമാണ് പരാതിയിലുള്ളത്.

Keywords: news, Kerala, State, Kochi, Top-Headlines, High Court of Kerala, court order, Elephant-Attack, Kerala High Court Stays Mission Arikkomban Until Wednesday

Post a Comment