കാസർകോട്: (www.kasargodvartha.com) കർണാടക സർകാർ സഹായത്തോടെ കവി കയ്യാർ കിഞ്ഞണ്ണ റൈക്ക് സ്‌മാരകം പണിയുന്നതിനെ ചൊല്ലി വിവാദം. മാർച് 23ന് ബത്തേരി കല്ലക്കളയയില്‍ രാവിലെ 11ന് കര്‍ണാടക മന്ത്രി വി സുനില്‍കുമാറാണ് കിഞ്ഞണ്ണ റൈ സാംസ്‌കാരിക കന്നഡ പഠന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുന്നത്. കര്‍ണാടക സര്‍കാര്‍ അനുവദിച്ച രണ്ട് കോടി രൂപ ചിലവഴിച്ച് കവിയുടെ കുടുംബം വിട്ടു നല്‍കുന്ന 30 സെന്റ് സ്ഥലത്താണ് സ്മാരകം നിര്‍മിക്കുന്നത്.
അതേസമയം ശിലാസ്ഥാപന ചടങ്ങിൽ കാസർകോട് ജില്ലാ പഞ്ചായത് പ്രസിഡന്റ് ബേബി ബാലകൃഷ്‌ണന് ക്ഷണമില്ല, നോടീസിൽ ജില്ലാ കലക്ടറുടെയും പേരില്ല. ചടങ്ങിനെ കുറിച്ച് ഔദ്യോഗിക ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്ന് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. 2015 ഓഗസ്റ്റിലാണ് കയ്യാർ കിഞ്ഞണ്ണ റൈ വിടവാങ്ങിയത്. സാംസ്കാരിക കേന്ദ്രത്തിനായി 2018ൽ കവിയുടെ വീടായ കവിതാ കുടീരയോട് ചേർന്ന് 30 സെന്‍റ് സ്ഥലം കുടുംബം ജില്ലാ പഞ്ചായതിനായി വിട്ടു നൽകി. സ്‌മാരകം പണിയാൻ സംസ്ഥാന സർകാർ ബജറ്റിൽ 40 ലക്ഷവും ജില്ലാ പഞ്ചായത് 10 ലക്ഷവും നീക്കി വച്ചിരുന്നു.
പിന്നീട് ചർചകളുടെ അടിസ്ഥാനത്തിൽ ജില്ലാ പഞ്ചായത് പ്രസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ കേരള സര്‍കാര്‍ ബജറ്റില്‍ വകയിരുത്തിയ അരക്കോടി രൂപയും കര്‍ണാടക ബോര്‍ഡര്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഒരു കോടി രൂപയും ചിലവഴിച്ച് സ്മാരകം പണിയാൻ തീരുമാനിച്ചു. എന്നാൽ പിന്നീട് കർണാടക സർകാർ ധനസഹായത്തിൽ സ്‌മാരകം പണിയാൻ മകന്‍ പ്രസാദ് റൈ ഒറ്റയ്ക്ക് തീരുമാനിക്കുകയായിരുന്നുവെന്ന് ബേബി ബാലകൃഷ്‌ണൻ ആരോപിച്ചു.
അതേസമയം സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കർണാടക സർകാരുമായി പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായതിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെന്നും കർണാടക സർകാർ അനുവദിച്ച ഒരുകോടി രൂപ ലാപ്‌സാകുന്ന സാഹചര്യത്തിലാണ് കർണാടക സർകാർ ധനസഹായത്തിൽ സ്‌മാരകം പണിയാൻ തീരുമാനിച്ചതെന്നും പ്രസാദ് റൈ വിശദീകരിച്ചു. ഇത് കർണാടക സർകാരിന്റെ പരിപാടിയാണെന്നും പ്രോടോകോൾ പ്രകാരം ജില്ലാ പഞ്ചായത് പ്രസിഡന്റിനെ വിളിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ മഞ്ചേശ്വരം രാഷ്ട്ര കവി ഗോവിന്ദ പൈ സ്മാരകത്തിന് സംസ്ഥാന സര്‍കാര്‍ 57 ലക്ഷം രൂപ സാമ്പത്തികസഹായം അനുവദിച്ചു. സ്മാരക സമിതി സെക്രടറി നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി. രാഷ്ട്രകവി സ്മാരകത്തിന് സാമ്പത്തിക സഹായം നല്‍കിയ സര്‍കാരിനെ രാഷ്ട്രകവി ഗോവിന്ദപൈ സ്മാരക സമിതി സെക്രടറി ഉമേഷ് സാലിയന്‍ നന്ദി അറിയിച്ചു.