Join Whatsapp Group. Join now!
Aster MIMS 10/10/2023

IMA | ഡോക്ടര്‍ക്ക് മര്‍ദനമേറ്റ സംഭവം: ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് ഐഎംഎ; കോഴിക്കോട് തിങ്കളാഴ്ച മുതല്‍ കാഷ്വാലിറ്റിയും ലേബര്‍ റൂമും ഒഴികെയുള്ള ഒപി സേവനങ്ങള്‍ ബഹിഷ്‌കരിക്കും

IMA condemns attack against doctor, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kasargodvatha.com) ശനിയാഴ്ച കോഴിക്കോട് ഫാത്വിമ ആശുപത്രിയില്‍ സ്‌കാന്‍ റിപോര്‍ട് വൈകി എന്നാരോപിച്ച് 60 വയസുകാരനായ മുതിര്‍ന്ന കാര്‍ഡിയോളജി ഡോക്ടറെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത് തികഞ്ഞ കാടത്തമാണെന്നും ഇത്തരം മര്‍ദനങ്ങള്‍ക്ക് വിധേയമായി ചികിത്സ തുടരാനാകില്ലെന്നും ഇന്‍ഡ്യന്‍ മെഡികല്‍ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു.
             
Latest-News, Kerala, Thiruvananthapuram, Kozhikode, Top-Headlines, Hospital, Doctor, Assault, Health, Treatment, Protest, IMA, Indian Medical Association, IMA condemns attack against doctor.

ചികിത്സയിലായിരുന്ന രോഗിയുടെ സിടി സ്‌കാന്‍ റിപോര്‍ട് വൈകിയെന്നാരോപിച്ചാണ് ഗൈനകോളജിസ്റ്റായ ഡോക്ടറെ അവഹേളിക്കുകയും ആശുപത്രി തല്ലിത്തകര്‍ക്കുകയും തുടര്‍ന്ന് കാര്‍ഡിയോളജി ഡോക്ടറെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തത്. ഇത് കേരളത്തിലെ വൈദ്യശാസ്ത്ര സമൂഹത്തെയും പൊതുസമൂഹത്തിനെയും ഞെട്ടിപ്പിക്കുന്നതാണ്. കോഴിക്കോട് എല്ലാ ആശുപത്രികളിലും പ്രതിഷേധ സൂചകമായി ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

ഇത്തരം നീച പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ കേരളത്തിലാകമാനം ചികിത്സ നടപടികള്‍ നിര്‍ത്തിവച്ച് സമര രീതികളിലേക്ക് പോകേണ്ടിവരും. ആശുപത്രി സംരക്ഷണ നിയമം ഉടനടി ഉടച്ചു വാര്‍ക്കുകയും ഹൈകോടതി ഉത്തരവിന് അനുസൃതമായി പൊലീസ് നടപടികള്‍ ശുഷ്‌കാന്തിയൊടെ നടപ്പിലാക്കുകയും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന നിലയിലേക്ക് എത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

ആശുപത്രി ആക്രമണങ്ങള്‍ ഡോക്ടര്‍മാരെ പ്രതിരോധ ചികിത്സാരീതിയിലേക്ക് തള്ളിവിടും. അത് ആയിരക്കണക്കിന് ജീവനുകള്‍ നഷ്ടപ്പെടുവാന്‍ ഇടയാക്കും. ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ കേരളത്തിന്റെ പൊതുസമൂഹം ശക്തമായി പ്രതികരിക്കണമെന്നും ഐഎംഎ സംസ്ഥാന പ്രസിഡണ്ട് ഡോ. സുല്‍ഫി നൂഹു, സെക്രടറി ഡോ. ജോസഫ് ബനവന്‍ എന്നിവര്‍ കൂട്ടിച്ചേര്‍ത്തു.

ഒ പി ബഹിഷ്‌കരിക്കും:

കോഴിക്കോട്: ഫാത്വിമ ആശുപത്രിയില്‍ നടന്നത് കേരളത്തിന്റെ ആരോഗ്യരംഗത്ത് ഇന്നുവരെ കേട്ടുകേള്‍വി പോലും ഇല്ലാത്ത സംഭവമാണെന്നും ഐഎംഎ കോഴിക്കോട്ട് ഘടകം തിങ്കളാഴ്ച മുതല്‍ കാഷ്വാലിറ്റിയും ലേബര്‍ റൂമും ഒഴിച്ചുള്ള എല്ലാ ഒപി സേവനങ്ങളും ബഹിഷ്‌കരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

പനി ബാധിച്ച് ഗര്‍ഭിണിയായ രോഗിയുടെ കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ വച്ച് തന്നെ മരിച്ചുപോയതിനെ തുടര്‍ന്ന്, സിടി സ്‌കാനിന്റെ റിപോര്‍ട് വൈകി എന്ന് ആരോപിച്ച് ബന്ധുക്കളും കൂട്ടിരിപ്പുകാരും ആശുപത്രി ഉപകരണങ്ങള്‍ തകര്‍ക്കുകയും ഗൈനകോളജിസ്റ്റിനെ ചീത്തവിളിക്കുകയും അന്യായമായി തടഞ്ഞുവെക്കുകയും വളരെ മോശമായി പെരുമാറുകയും ചെയ്യുകയാണ് ഉണ്ടായതെന്ന് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

കുട്ടിയെ കൊന്നതുപോലെ അമ്മയെയും കൊല്ലാന്‍ ആണോ ഇനി പോകുന്നത് എന്ന തരത്തില്‍ പറഞ്ഞ് വനിതാ ഡോക്ടറെ മാനസികമായി പീഡിപ്പിച്ചു. ഭര്‍ത്താവും അതേ ആശുപത്രിയില്‍ തന്നെ ജോലി ചെയ്യുന്ന സീനിയര്‍ കാര്‍ഡിയോളജിസ്റ്റുമായ ഡോ. അശോകന്‍ അവരെ വീട്ടിലേക്ക് കൊണ്ടുവിട്ടു. എന്താണ് സംഭവിച്ചത് എന്നറിയാന്‍ വീണ്ടും ആശുപത്രിയിലേക്ക് വന്ന് ബന്ധുക്കള്‍ കൂട്ടം കൂടിയിരുന്ന സ്ഥലത്ത് എത്തി അന്വേഷിച്ചു. അതിനിടെ ഒരുപറ്റം ആളുകള്‍ ചേര്‍ന്ന്, പൊലീസ് സംഘം നോക്കി നില്‍ക്കുമ്പോള്‍ ആക്രോശത്തോടെ ഡോക്ടറുടെ മുഖത്ത് മാരകമായി ഇടിച്ച് പരിക്കേല്‍പ്പിക്കുകയും വധിക്കാന്‍ ശ്രമിക്കുകയുമാണ് ഉണ്ടായത്.

പൊലീസുകാര്‍ പിടിച്ച് മാറ്റിയത് കൊണ്ട് മാത്രം ജീവന്‍ രക്ഷിക്കാനായി. മൂക്കിന്റെ എല്ലിന് പൊട്ടല്‍ ഏല്‍ക്കുകയും മുന്‍നിര പല്ലുകള്‍ക്ക് സാരമായി കേടുപാടുകള്‍ വരികയും ചെയ്തിട്ടുണ്ട്. ബോധരഹിതരായ അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ ഡോക്ടര്‍മാര്‍ക്ക് ഭയത്തോട് കൂടിയല്ലാതെ ഇന്ന് ജോലി ചെയ്യാനുള്ള സാഹചര്യമില്ല. തങ്ങളുടെ ജീവന് പോലും ഭീഷണിയായി നില്‍ക്കുന്ന ഒരു സമൂഹത്തിലാണ് ഡോക്ടര്‍മാര്‍ ഇന്ന് ജോലി തുടരുന്നത്. ഈ സ്ഥിതി ഇനി തുടര്‍ന്നുകൊണ്ടുപോകുവാന്‍ സാധ്യമല്ല.

ആക്രമണം നടത്തിയ മുഴുവന്‍ പേരെയും പിടികൂടുകയും ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്തില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഐഎംഎ കോഴിക്കോട് പ്രസിഡന്റ് ഡോ. വേണുഗോപാലന്‍, സെക്രടറി ഡോ. സന്ധ്യ കുറുപ്പ് എന്നിവര്‍ പറഞ്ഞു.

Keywords: Latest-News, Kerala, Thiruvananthapuram, Kozhikode, Top-Headlines, Hospital, Doctor, Assault, Health, Treatment, Protest, IMA, Indian Medical Association, IMA condemns attack against doctor.
< !- START disable copy paste -->

Post a Comment