വെള്ളരിക്കുണ്ട്: (www.kasargodvartha.com) ടൗണിൽ ബുധനാഴ്ച വൈകിട്ട് വിൽപന നടത്തിയ മീനിൽ പുഴു കണ്ടെത്തിയെന്ന് ആരോപിച്ച് പ്രദേശവാസികൾ സംഘടിച്ചെത്തി മീൻ വിൽപന കേന്ദ്രം പൂട്ടിച്ചു. പുതിയ ബസ് സ്റ്റാൻഡിനോട് ചേർന്ന് പുറമ്പോക്കിൽ ഷെഡ് കെട്ടിയുള്ള മീൻ വിൽപന കേന്ദ്രത്തിൽ നിന്നും വിൽപന ചെയ്ത ഓല മീനിലാണ് പുഴു കണ്ടെത്തിയതെന്നാണ് ആരോപണം.
ബുധനാഴ്ച വൈകീട്ട് താൻ വാങ്ങിയ ഓലമീൻ കഷ്ണങ്ങളിലാണ് ഏകദേശം ഒരു സെന്റി മീറ്റർ നീളമുള്ള കറുത്ത നിറത്തിലുള്ള പുഴുവിനെ കണ്ടെത്തിയതെന്ന് വെള്ളരിക്കുണ്ട് കാറളത്തെ വട്ടമല ജോസ് പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികളായിരുന്നു മീൻ വിൽപന ചെയ്തിരുന്നത്. ഇവർ കഷ്ണങ്ങളാക്കി നൽകിയ ഓലമീൻ വീട്ടിൽ കൊണ്ടുപോയി കഴുകി വൃത്തിയാക്കുന്നതിനിടെ പുഴു പുറത്തേക്ക് ഇഴഞ്ഞുവരുന്ന നിലയിലായിരുന്നുവെന്ന് ജോസ് പറയുന്നു.
ഉടൻ അയൽവാസി കൂടിയായ പരപ്പ ബ്ലോക് പഞ്ചായത് അംഗം ഷോബി ജോസഫിനെയും സുഹൃത്തുക്കളെയും വിരം അറിയിച്ചു. രാത്രി എട്ടുമണിയോടെ മീൻ വിൽപന കേന്ദ്രത്തിലെത്തി നടത്തിയ തിരച്ചിലിൽ മുഴുവൻ മീനുകളും പഴകി ദ്രവിച്ച അവസ്ഥയിലും അതിൽ പുഴുക്കളെയും കണ്ടത്തിയതായി ഇവർ പറഞ്ഞു. വിവരം ആരോഗ്യ വകുപ്പിനെയും പൊലീസിനെയും അറിയിച്ചു. പൊലീസ് ഉടൻ സ്ഥലത്ത് എത്തി മീൻ വിൽപന നിർത്തിവെക്കാൻ നിർദേശം നൽകി.
ഇതിനിടയിൽ പ്രദേശവാസികൾ മീൻ വിൽപന കേന്ദ്രത്തിലെ പഴകി ദ്രവിച്ച ഫ്രിഡ്ജിൽ നിന്നും നാലടി നീളവും ഒത്തവണ്ണവും ഉള്ള ഓലമീൻ കണ്ടെത്തിയതായും ഈ മീനിനും ദിവസങ്ങളുടെ പഴക്കം ഉണ്ടെന്നും അഴുകിയ മണം ഉണ്ടായിരുന്നതായും ദൃക്സാക്ഷികൾ പറഞ്ഞു. പൊലീസ് വിവരം അറിയിച്ചതിനെ തുടർന്ന് മീൻ വിൽപന കേന്ദ്രം നടത്തുന്ന ചിറ്റാരിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ വ്യക്തി വെള്ളരിക്കുണ്ടിൽ എത്തുകയും ഇയാളോട് മീൻ വിൽപന നിർത്തിവെക്കാനും പൊലീസ് സ്റ്റേഷനിൽ എത്താനും പൊലീസ് നിർദേശിച്ചു.
നേരത്തെയും ഈ മീൻ വിൽപന കേന്ദ്രത്തിൽ വിൽപന നടത്തിയ മീനിൽ അഴുകിയതും പഴകിയതുമായ മീനുകൾ ഉണ്ടായിരുന്നുവെന്നും അന്ന് ആരോഗ്യ വകുപ്പ് ഇവർക്ക് താക്കീത് നൽകിയിരുന്നതായും പ്രദേശവാസികൾ പറഞ്ഞു. നിരവധി പേരാണ് ബുധനാഴ്ച ഉച്ചമുതൽ രാത്രി വൈകി വരെ വെള്ളരിക്കുണ്ടിലെ ഈ മീൻ വിൽപന കേന്ദ്രത്തിൽ നിന്നും മീൻ വാങ്ങിയതെന്നാണ് വിവരം.