ഇക്കഴിഞ്ഞ മാർച് 19ന് സന്ധ്യക്ക് 7.30 മണിയോടെ ബേക്കൽ കോട്ടക്കുന്നിലെ ആപിൾ റെസ്റ്റോറന്റിലേക്ക് ചായ കുടിക്കാൻ സ്‌കൂടറിൽ പോകുമ്പോൾ, പൊലീസ് ഉദ്യോഗസ്ഥൻ സഞ്ചരിച്ച ആൾട്ടോ കാർ അശ്രദ്ധയിൽ പിറകോട്ട് എടുക്കുകയും സ്‌കൂടർ ഇടിക്കാനായപ്പോൾ അശ്രദ്ധയിൽ വാഹനമെടുത്തത് ചോദ്യം ചെയ്തതിന് ബേക്കൽ എസ്ഐ പ്രദീപിന്റെയും മറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ കോളറിന് കുത്തിപ്പിടിച്ച് മുഖത്തടിച്ച് പൊലീസ് ജീപിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് യുവാക്കൾ പറഞ്ഞു. കാറോടിച്ചയാൾ മഫ്‌തിയിൽ ആയിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥൻ ആയിരുന്നുവെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും യുവാക്കൾ കൂട്ടിച്ചേർത്തു.
അശ്ലീലവും അസഭ്യവുമായ ഭാഷയിൽ തെറി വിളിക്കുകയും ജീപിൽ കയറ്റി സ്റ്റേഷനിൽ പിറകെ ഭാഗത്തേക്ക് കൊണ്ടുപോയി അവിടെവെച്ച് ക്രൂരമായി ചവിട്ടുകയും നാഭിക്ക് തൊഴിക്കുകയും ചെയ്തതായി യുവാക്കൾ പറഞ്ഞു. പാന്റിന്റെ പോകറ്റിൽ ഉണ്ടായിരുന്ന മഞ്ജുനാഥന്റെ ഭാര്യയുടെ എടിഎം കാർഡും പാൻ കാർഡും ആധാർ കാർഡും ബലമായി പിടിച്ചെടുത്ത് കൈക്കലാക്കിയെന്നും കയ്യിൽ കെട്ടിയ ചരടും രാഖിയും പൊട്ടിക്കാൻ ശ്രമിച്ചെന്നും ഇക്കാര്യം പുറത്തുപറഞ്ഞാൽ മയക്കുമരുന്ന് കേസിൽ പെടുത്തി അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇവർ ആരോപിച്ചു.
ഒടുവിൽ ഇവരുടെ സുഹുത്തുക്കളായ പ്രദീപ് കൂട്ടാക്കനി, ബൽരാജ് എന്നിവർ സ്റ്റേഷനിലെത്തി സിഐ വിപിനോട് അഭ്യർഥിച്ചത് പ്രകാരമാണ് ഉദുമ നഴ്‌സിംഗ് ഹോമിലേക്ക് കൊണ്ടുപോയതെന്ന് യുവാക്കൾ പറഞ്ഞു. പരുക്ക് ഗുരുതരമായതിനാൽ പിന്നീട് പാലക്കുന്നിലെ ഇൻഡ്യാന ആശുപത്രിയിലേക്ക് മാറ്റുകയും പിന്നീട് അവിടെ നിന്ന് മംഗ്‌ളൂറിലെ ഇൻഡ്യാന ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി യുവാക്കൾ ആരോപിച്ചു. എസ്ഐ പ്രദീപും കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പൊലീസുകാരുമാണ് തങ്ങളെ മർദിച്ചതെന്നും ഇടത് ചെവിയുടെ ഭാഗത്തും തോളിന്റെ ഭാഗത്തും നെഞ്ചത്തും ദേഹാഹമാസകാലം വേദനയും ശ്വാസ തടസവും നേരിടുകയും ദേഹം മുഴുവൻ ചതവുകളും സംഭവിച്ചതായും പരുക്ക് പറ്റിയതിന്റെ എല്ലാ ആശുപത്രി രേഖകൾ സഹിതമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും മനുഷ്യാവകാശ കമീഷനും പരാതി നൽകിയിരിക്കുന്നതെന്നും യുവാക്കൾ വ്യക്തമാക്കി.
അതേസമയം പൊലീസിന്റെ ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയതിനും പാലക്കുന്നിലെ ഇൻഡ്യാന ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനോട് തട്ടിക്കയറുകയും ചെയ്തതിന് കേസെടുത്തതിന്റെ വിരോധത്തിലാണ് പൊലീസ് മർദിച്ചുവെന്ന് പറയുന്നതെന്ന് ബേക്കൽ പൊലീസ് വിശദീകരിക്കുന്നു.
Keywords: Kasaragod, Kerala, News, Complaint, Youth, Police Station, Assault, BJP, Hospital, Case, Police, Top-Headlines, Complaint that youths taken to police station and assaulted