മംഗ്‌ളുറു: (www.kasargodvartha.com) മുന്‍ മുഖ്യമന്ത്രിയും ബിജെപി കര്‍ണാടക മുന്‍ അധ്യക്ഷനും പാര്‍ടി ദേശീയ പാര്‍ലിമെന്ററി ബോര്‍ഡ് അംഗവുമായ ബിഎസ് യദ്യൂരപ്പ എംഎല്‍എ സഞ്ചരിച്ച കാര്‍ വളഞ്ഞ് സ്വന്തം അണികള്‍ ഗോബാക് വിളിക്കുക, ഈ കാഴ്ചയില്‍ ഊറിച്ചിരിച്ച് പാര്‍ടി ദേശീയ ജെനറല്‍ സെക്രടറിയും മുന്‍ മന്ത്രിയുമായ സിടി രവി എംഎല്‍എയും അനുയായികളും അര്‍മാദിക്കുക, റാലിയും റോഡ്‌ഷോയും നിറുത്തി വെച്ച് പ്രവര്‍ത്തകരും നേതാക്കളും പിരിഞ്ഞതോടെ വേദിയില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ വന്ന് പെരുവഴിയിലായ കലാകാരന്മാര്‍ വണ്ടിക്കൂലിക്കും ആഹാരത്തിനും വകയില്ലാതെ കരയേണ്ടി വരിക-സങ്കല്പിക്കാന്‍ പോലും കഴിയാത്ത സംഭവങ്ങളാണ് കേന്ദ്രവും കര്‍ണാടകയും ഭരിക്കുന്ന ബിജെപി നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സംഘടിപ്പിച്ച വിജയ സങ്കല്പ യാത്രയുടെ പ്രയാണത്തിനിടെ ചികമംഗ്‌ളൂറു മുഡിഗെരെയില്‍ വ്യാഴാഴ്ച സന്ധ്യയില്‍ അരങ്ങേറിയത്.
ഈ സംഭവത്തോട് വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുമ്പോള്‍ മുഡിഗെരെ എംഎല്‍എ എംപി കുമാരസ്വാമി വിതുമ്പുന്നുണ്ടായിരുന്നു. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ മുഡിഗെരെയില്‍ സിറ്റിംഗ് എംഎല്‍എയെ സ്ഥാനാര്‍ഥിയാക്കരുതെന്ന ആവശ്യവുമായാണ് സിടി രവി അനുയായികള്‍ യെദ്യൂരപ്പയെ തടഞ്ഞത്. പ്ലകാര്‍ഡുകള്‍ ഉയര്‍ത്തി വളഞ്ഞ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ബോലോ ഭാരത് മാതാ കീ ജയ് വിളിക്ക് പിറകെ എണ്‍പതുകാരനായ നേതാവിനോട് ഗോ ബാക് പറഞ്ഞു. 'ബേഡാ ബേഡാ കുമാര സ്വാമി ബേഡാ ബേഡ', മുദ്രാവാക്യം കൊണ്ട് ശബ്ദമുഖരിതമായ അന്തരീക്ഷം സംഘര്‍ഷകലുഷമാവുന്നതിനിടെ റോഡ്‌ഷോയും റാലിയും നിറുത്തിവെച്ചതായി അറിയിപ്പ് വന്നു.
കര്‍ണാടക മന്ത്രി സ്ഥാനത്ത് നിന്ന് സിടി രവിയെ മാറ്റി പാര്‍ടി ദേശീയ ജെനറല്‍ സെക്രടറിമാരില്‍ ഒരാളായി ഒതുക്കിയപ്പോള്‍ തന്നെ രാഷ്ട്രീയ നിരീക്ഷകര്‍ മുന്നില്‍ കണ്ടതാണ് ഇതെല്ലാം എന്ന് പറയുന്നു. കഴിഞ്ഞ വാരമാണ് യദ്യൂരപ്പ താന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. താന്‍ പ്രതിനിധാനം ചെയ്യുന്ന ഷിവമോഗ്ഗ ജില്ലയിലെ ശിക്കാരിപുര മണ്ഡലത്തില്‍ മകന്‍ ബിവൈ വിജയേന്ദ്രയാവും സ്ഥാനാര്‍ഥി എന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തതാണ്. പിന്നാലെ വന്നു സിടി രവിയുടെ പ്രതികരണം -'അങ്ങിനെ ഒരു തീരുമാനം പാര്‍ടി കൈക്കൊണ്ടിട്ടില്ല'.
ദലിതരെ ഉന്നമിട്ടുള്ള നീക്കങ്ങളാണ് മുഡിഗെരെ സംഭവത്തിന് പിന്നില്‍ എന്ന് എംപി കുമാര സ്വാമി എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലക്ഷങ്ങള്‍ മുടക്കി സംഘടിപ്പിച്ച റാലിയും റോഡ് ഷോയും നിറുത്തി വെക്കേണ്ടിവന്നതും യദ്യൂരപ്പയുടെ ദുരനുഭവവും പരാമര്‍ശിക്കുന്നതിനിടെ അദ്ദേഹം വിങ്ങിപ്പൊട്ടി. സാമുദായിക വിഭാഗീയത വിതച്ചാണ് മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ കെഎസ് ഈശ്വരപ്പ വിജയ സങ്കല്പ യാത്ര മംഗ്‌ളൂറില്‍ നിന്ന് കൊണ്ടുപോയതെന്ന ആക്ഷേപം നില നില്‍ക്കുന്നുണ്ട്. മുസ്ലിം ആരാധനാലയങ്ങളില്‍ നിന്നുള്ള ബാങ്ക് വിളിയോടുള്ള അധിക്ഷേപം ഉഡുപി ജില്ലയില്‍ അദ്ദേഹം ന്യായീകരിക്കുകയായിരുന്നു. യാത്ര ചികമംഗ്‌ളൂറില്‍ കടന്നപ്പോള്‍ ആഭ്യന്തര വിഭാഗീയത മറനീക്കി തമ്മില്‍ തല്ലായി.
Keywords: Latest-News, National, Karnataka, Mangalore, Top-Headlines, BJP, Politics, Political-News, Controversy, Protest, BJP's Vijaya Sankalpa yatra turns protest in Mudigere.
< !- START disable copy paste -->