/ സൂപ്പി വാണിമേൽ
മംഗ്ളുറു: (www.kasargodvartha.com) സുഗന്ധം പരത്തേണ്ട ചന്ദന സോപിന് കർണാടകയിൽ അഴിമതി ദുർഗന്ധം. കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് (KSDL) എന്ന പൊതുമേഖല സ്ഥാപനത്തിൽ അസംസ്കൃത സാധനങ്ങൾ എത്തിക്കുന്നതിനുള്ള കരാറുമായി ബന്ധപ്പെട്ട 80 ലക്ഷം രൂപയുടെ അഴിമതിയാണ് ഒടുവിൽ പുറത്തായത്. മകൻ 40ലക്ഷം രൂപ ആദ്യ ഗഡു കൈക്കൂലി വാങ്ങുന്നത് ലോകായുക്ത കൈയോടെ പിടികൂടിയതോടെ സ്ഥാപനത്തിന്റെ ചെയർമാൻ സ്ഥാനം ബിജെപിയുടെ ചന്നഗിരി എംഎൽഎ മഡൽ വിരുപ്രകാശപ്പ രാജിവെച്ചു. കാബിനറ്റ് റാങ്ക് മന്ത്രിയുടെ എല്ലാ സൗകര്യങ്ങളും 2020 മുതൽ അനുഭവിച്ചു പോന്ന പദവിയാണിത്.
വലിയ വിറ്റുവരവുള്ള സ്ഥാപനമാണ് കെഎസ്ഡിഎൽ. 2021-22ൽ ഇതിന്റെ വരുമാനം 92,961.94 ലക്ഷം രൂപയാണ്. പ്രധാന ഉൽപ്പന്നമായ 23,319.86 മെട്രിക് ടൺ ചന്ദന സോപ് വില്പനയിലൂടെ കൈവന്ന 85,725.46 ലക്ഷം രൂപയാണ് പ്രധാന വരുമാനം. എംഎൽഎയുടെ മകൻ ജല അതോറിറ്റി ഉദ്യോഗസ്ഥൻ പ്രശാന്ത് മഡലിൽ നിന്ന് ലോകായുക്ത പിടിച്ചെടുത്ത തുക എട്ട് കോടി കവിഞ്ഞു.
എന്തിനും 40 ശതമാനം കമീഷൻ വാങ്ങുന്നതാണ് കർണാടകയിലെ ബിജെപി ഭരണം എന്ന കോൺഗ്രസ് ആരോപണം ശരിവെക്കുന്ന രണ്ടാമത്തെ പ്രധാന സംഭവമാണ് ചന്ദനം ഉല്പന്ന ഫാക്ടറിയുമായി ബന്ധപ്പെട്ട് പുറത്തുവന്നതെന്നാണ് വിമർശനം. മുതിർന്ന ബിജെപി നേതാവ് കെഎസ് ഈശ്വരപ്പ കഴിഞ്ഞ ഏപ്രിലിൽ ഗ്രാമ വികസന-പഞ്ചായത് മന്ത്രി സ്ഥാനം രാജി വെച്ചത് സമാന സാഹചര്യത്തിലായിരുന്നു. മന്ത്രി ആവശ്യപ്പെട്ട 40 ശതമാനം കമീഷൻ നൽകാനാവാതെ ആത്മഹത്യ ചെയ്ത കരാറുകാരന്റെ കുറിപ്പായിരുന്നു മന്ത്രിയെ കുടുക്കിയതെന്നാണ് റിപോർട്.
സംഭവത്തിന് പിന്നിൽ ഗൂഡാലോചന ഉണ്ടെന്നാണ് ചന്ദന ഫാക്ടറി ചെയർമാൻ സ്ഥാനം രാജിവെച്ചതിന് പിന്നാലെ വിരുപ്രകാശപ്പ പറഞ്ഞത്. സംഘ്പരിവാർ പശ്ചാത്തലമില്ലാത്ത നേതാവാണ് ഇദ്ദേഹം. കോൺഗ്രസിൽ നിന്ന് ബിജെപിയിൽ ചേക്കേറി 2004ൽ നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടതാണ്. 2008ലായിരുന്നു കന്നി വിജയം. ബിഎസ് യദ്യൂരപ്പയുടെ കർണാടക ജനത പക്ഷ (കെജെപി) സ്ഥാനാർത്ഥിയായി 2014ൽ മത്സരിച്ചെങ്കിലും തോറ്റു. യദ്യൂരപ്പയോടൊപ്പം ബിജെപിയിൽ തിരിച്ചെത്തിയ ശേഷമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വീണ്ടും എംഎൽഎയായത്.
താൻ ഇനി മത്സരത്തിന് ഇല്ല, മകൻ മഡൽ മല്ലികാർജുനെ കളത്തിൽ ഇറക്കാം എന്നായിരുന്നു ഭാര്യ ലീലാവതിയും മറ്റു മക്കളായ പ്രശാന്ത് മഡൽ,രാജു മഡൽ എന്നിവർ ചേർന്നെടുത്ത തീരുമാനം.
Keywords: Mangalore, News, National, BJP,MLA, Corruption, Karnataka, Congress, Allegation, Leader, Suicide, Report, Top-Headlines, BJP MLA Virupakshappa resigns as KSDL chairman.