മംഗ്‌ളുറു: (www.kasargodvartha.com) അവധി ചോദിക്കുന്നത് ആർത്തവക്കാരി കോൺസ്റ്റബിൾ ആയാൽ പോലും ഇൻസ്പെക്ടർ ശരണ ഗൗഡക്ക് കൈമടക്കണമെന്ന് ആക്ഷേപം. ഇല്ലെങ്കിൽ ആട്ടും രാജിവെച്ച് വീട്ടിൽ പോ എന്നും അഞ്ചായിരം രൂപയെങ്കിലും കൈക്കൂലി വാങ്ങി എത്തിച്ചു കൊടുക്കാത്ത സഹപ്രവർത്തകർ ലീവ് ഉൾപെടെ എന്താവശ്യപ്പെട്ടിട്ടും കാര്യമില്ലെന്നുമാണ് ആരോപണം. എന്താണിങ്ങിനെയൊക്കെ എന്ന് സ്റ്റേഷൻ യോഗത്തിൽ ആരാഞ്ഞ സഹപ്രവർത്തകരോട് ഇൻസ്പെക്ടർ പരസ്യമായി പറഞ്ഞത് ഇങ്ങിനെയെന്നാണ് പറയുന്നത്: 'ചുമ്മാതല്ല, 25 ലക്ഷം കൊടുത്ത് കിട്ടിയതാണ് ഈ കസേര'.
കർണാടകയിൽ സമൂഹമാധ്യമങ്ങളിൽ സുബ്രഹ്മണ്യ നഗർ പൊലീസ് സ്റ്റേഷനിലെ വിശേഷങ്ങൾ പറക്കുകയാണ്. സ്റ്റേഷനിൽ ജോലിചെയ്യുന്നവർ രാഷ്ട്രപതി ദ്രൗപദി മുർമുറുവിന് അയച്ച ഒമ്പത് പേജ് കത്തിലെ വിവരങ്ങൾ കർണാടക ഭരണത്തിനെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങളുടെ പൊലീസ് സ്റ്റേഷൻ പതിപ്പെന്നാണ് വിമർശനം. 'ബീറ്റ് പൊലീസ് ഡ്യൂടിക്ക് ഉപയോഗിക്കാൻ ഇരുചക്ര വാഹനം ഉണ്ട്. എന്നാൽ അതിന്റെ താക്കോൽ കിട്ടണമെങ്കിൽ 5000 രൂപയാണ് കൈക്കൂലി. അത് ആളുകളിൽ നിന്ന് ഈടാക്കാം. ഇൻസ്പെക്ടറുടെ ഭാര്യ സ്റ്റേഷനിൽ വരും. ഇരുവരും സംസാരിച്ചിരിക്കും. മക്കളെ നീന്തൽ കുളത്തിൽ കൊണ്ടുപോവുന്നത് ഔദ്യോഗിക വാഹനത്തിൽ. പീഡനം സഹിക്കാതെ ഒരു കോൺസ്റ്റബിൾ ജീവനൊടുക്കി', കത്തിൽ പറയുന്നു.
വ്യാജ പരാതിയിൽ അറസ്റ്റ് ചെയ്ത യുവാവ് ആത്മഹത്യ ചെയ്ത കേസിൽ ബന്ധപ്പെട്ടവരിൽ നിന്ന് വാങ്ങിയത് മൂന്ന് ലക്ഷം രൂപ. അതിൽ നിന്ന് ഒന്നര ലക്ഷം പൊടിച്ച് കേസ് തേച്ചു മാച്ചു. പരാതികൾ രജിസ്റ്റർ ചെയ്ത് എഫ്ഐആർ ഇടണമെങ്കിൽ ഒപ്പം പണം റൊക്കം വെക്കണം. ഇരുചക്ര വാഹനം മോഷണം പോയ കേസിൽ 15000 രൂപയാണ് കൈക്കൂലി വാങ്ങിയത്. ലാപ്ടോപ് മോഷണം പോയ ആളിൽ നിന്ന് 5000 രൂപ.
ബാറുകൾ, മാളുകൾ, പബുകൾ തുടങ്ങി വിവിധ മേഖലയിൽ നിന്നും നിരക്ക് വെച്ച് പിരിവുണ്ടെന്ന് കത്തിൽ ആരോപിക്കുന്നു. ഈ ഇൻസ്പെക്ടറെ സ്ഥലം മാറ്റി മറ്റൊരാളെ സ്റ്റേഷൻ ചുമതലയിൽ നിയമിക്കാൻ സർകാറിന് നിർദേശം നൽകണമെന്ന് രാഷ്ട്രപതിയോട് അഭ്യർഥിച്ചു.
Keywords: Mangalore, National,News, Complaint, President, India, Police, Bribe, Allegation, Karnataka, Police Station, Arrest, Youth, Case, Theft, Bar, Top-Headlines, Bengaluru cops complains to President of India against inspector.
< !- START disable copy paste -->