മംഗ്ളുറു: (www.kasargodvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഉദ്ഘാടനം ചെയ്ത മൈസൂറു-ബെംഗ്ളുറു അതിവേഗ 10 വരിപ്പാത പൂർത്തിയായ ചില ഭാഗങ്ങളിൽ നിർമാണത്തകരാറെന്ന് ആക്ഷേപം. ബിഡഡിയിൽ പാതയിൽ കോൺക്രീറ്റിൽ വിള്ളൽ വീണ് കരിങ്കല്ലുകൾ ചിതറി ഇരുമ്പ് ദണ്ഡുകൾ പുറത്തായ നിലയിലാണെന്ന് പരാതി ഉയർന്നു. ഇതേത്തുടർന്ന് ഈ ഭാഗത്തൂടെയുള്ള വാഹന ഗതാഗതം ഡിവൈഡറുകൾ വെച്ച് തടഞ്ഞു. അമിത ഭാരം കയറ്റിയ വാഹനങ്ങൾ മണിക്കൂറിൽ 65 കിലോമീറ്റർ എന്ന നിയന്ത്രിത വേഗ പരിധിയും കടന്ന് കുതിക്കുന്നതാണ് കാരണമെന്നും ഇരുമ്പ് വടി തട്ടി വാഹനങ്ങളുടെ ചക്രങ്ങൾ കേടുവരാതിരിക്കാൻ അടിയന്തര പ്രവൃത്തികൾ നടക്കുകയാണെന്നും പാത പ്രൊജക്ട് ഡയറക്ടർ ബിടി ശ്രീധർ പറഞ്ഞു.
ബെംഗ്ളുറു ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ സർവീസ് റോഡിലൂടെ ടോൾ ബൂതുകൾ വെട്ടിച്ച് കടന്നുപോവുന്നത് ചുങ്കം വരവിനെ വൻതോതിൽ ബാധിക്കുന്നതായി അദ്ദേഹം പരാതിപ്പെട്ടു. കമ്പളഗോഡ് മേൽപാലം കടന്ന് കണിമിനികെ ടോൾ ബൂത് എത്തും മുമ്പേ ക്രിസ്ത്യൻ സർവകലാശാലക്കടുത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് സർവീസ് റോഡിൽ ഇറങ്ങുകയാണ് വാഹനങ്ങൾ ചെയ്യുന്നത്. തുടർന്ന് അതിവേഗ പാതയിൽ കയറുന്നു. 100 മീറ്റർ സ്ഥലമെടുപ്പ് നടപടികൾ കോടതി സ്റ്റേ ഉത്തരവ് കാരണം തടസപ്പെട്ട് കിടക്കുന്നുണ്ട്. ഈ ഭാഗത്ത് അതോറിറ്റി ബാരികേഡ് സ്ഥാപിച്ചെങ്കിലും ആളുകൾ അത് എടുത്ത് മാറ്റുകയാണ്. ഈ പഴുതിലൂടെ ലോറികൾ, ബസുകൾ, വൻ ചരക്ക് ലോറികൾ, ചെറുകിട വാഹനങ്ങൾ കടന്നു പോവുന്നു.
10 ശതമാനം വാഹനങ്ങൾ മാത്രമേ ടോൾബൂതുകളിലൂടെ സഞ്ചരിക്കുന്നുള്ളൂ എന്നതാണ് അവസ്ഥ. പ്രതിദിനം 65 ലക്ഷം രൂപ ചുങ്കം കരാറെടുത്ത ഏജൻസി ദേശീയ പാത അതോറിറ്റിക്ക് അടക്കേണ്ടതുണ്ട്. പിരിവ് തകിടം മറിയുമ്പോൾ ഏജൻസി അതോറിറ്റിയോട് ഇളവ് ആവശ്യപ്പെടുകയാണെന്ന് ശ്രീധർ പറഞ്ഞു. അതേസമയം ടോൾ പിരിവ് ബസ് യാത്രക്കാരെ ബാധിച്ചു തുടങ്ങി. കർണാടക ആർടിസിയുടെ സരിഗെ ബസിൽ ടികറ്റ് നിരക്കിനൊപ്പം 15 രൂപ സർചാർജ് ഈടാക്കുകയാണ്. രാജഹംസ ബസ് യാത്രക്കാർ 18 രൂപയും മൾടി ആക്സിൽ ബസുകളിലെ യാത്രക്കാർ 20 രൂപ വീതവും അധികം നൽകണം.