വെള്ളരിക്കുണ്ട്: (www.kasargodvartha.com) സാമ്പത്തിക വർഷം അവസാനത്തിൽ ബളാൽ പഞ്ചായതിലെ പതിനാലാം വാർഡിൽ മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമിന്റെ പേരിൽ ഉൾപെടെ ഗതാഗതത്തിനായി തുറന്ന് കൊടുത്തത് ഏഴ് റോഡുകൾ. 2022-23 സാമ്പത്തിക വർഷത്തിലാണ് ഏകദേശം 41 ലക്ഷം രൂപയോളം ചിലവഴിച്ച് ബളാൽ പഞ്ചായത് ഒരു വാർഡിൽ മാത്രം ഇത്രയേറെ റോഡുകൾ നിർമിച്ച് ചരിത്രം കുറിച്ചിരിക്കുന്നത്.
എസ് ടി ഉൾപെടെ 350 കുടുംബങ്ങളുള്ള 14-ാം വാർഡിൽ പുതുതായി ഗതാഗതത്തിനായി ഒരുക്കിയിരിക്കുന്നത് 140 മീറ്റർ ദൂരമുള്ള കോൺക്രീറ്റ് റോഡുകളും രണ്ട് ടാർ റോഡുകളുമാണ്. കരുവെള്ളടുക്കത്താണ് ഡോ. എപിജെ അബ്ദുൽ കലാമിന്റെ പേരിലുള്ള റോഡ് നിർമിച്ചത്. റോഡിന് അബ്ദുൽ കലാമിന്റെ പേര് നിർദേശിച്ചതും പ്രദേശവാസികളാണ്.
ഇവരുടെ ആവശ്യം അതേപടി അംഗീകരിച്ച പഞ്ചായതും മറ്റു ബന്ധപ്പെട്ടവരും ഇതേ പേരിൽ തന്നെയാണ് റോഡിന്റെ പ്രാരംഭ പ്രവർത്തനം മുതൽ ഉദ്ഘാടനം വരെ നടത്തിയത്. അബ്‌ദുൽ കലാമിന്റെ പേരിൽ പൂർത്തീകരിച്ച റോഡ് പഞ്ചായത് പ്രസിഡന്റ് രാജു കട്ടക്കയം പ്രദേശത്തെ ചെറിയകുട്ടിയെ കൊണ്ട് നാടമുറിച്ച് ഉദ്ഘാടനം നടത്തി.
വൈസ് പ്രസിഡന്റ് എം രാധാമണി അധ്യക്ഷവഹിച്ചു. ജില്ലാ പഞ്ചായത് അംഗം ജോമോൻ ജോസ്, പരപ്പ ബ്ലോക് പഞ്ചായത് അംഗം ഷോബി ജോസഫ്, സ്ഥിരം സമിതി അംഗങ്ങളായ ടി അബ്ദുൽ ഖാദർ, പത്മാവതി, വാർഡ് മെമ്പർ വിനു കെആർ, പഞ്ചായത് അംഗങ്ങളായ കെ വിഷ്ണു, ജോസഫ് വർക്കി, സന്ധ്യ ശിവൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ, ജോർജ് തോമസ്, ഷാജി മാണിശേരി, ടിജോ തോമസ്, ദിലീപ് മാത്യു, സുമേഷ് എൻജെ, ആന്റണി കുമ്പുക്കൽ, ജോണി മുതുപുരയിടം, ജിമ്മി എടപ്പാടി, സാബു കോനാട്ട്, ജാക്സ്ൺ കോട്ടയിൽ, എംപി ജോസഫ്, തോമസ് നരിമറ്റം, റോഷൻ പൂവന്നികുന്നേൽ, മാത്യു ജോസഫ് പൂവന്നികുന്നേൽ, ജോസ് വട്ടമല, ഷിജോ പാറപ്പായിൽ, ലിസി കാടംകുഴി തുടങ്ങിയവർ പ്രസംഗിച്ചു.
കരാറുകാരൻ അഞ്ജിത് കെ തോമസിനെ പഞ്ചായത് പ്രസിഡന്റ് പൊന്നാട അണിയിച്ച് അനുമോദിച്ചു. മയ്യക്കുടി കോളനി റോഡ്, പാത്തിക്കര കാറളം റോഡ്, വെള്ളരിക്കുണ്ട് ചർച് പ്രകാശ് എസ്റ്റേറ്റ് റോഡ്, പാത്തിക്കര കൂളിപ്പാററോഡ്, കൂളിപ്പാറ വെള്ളരിക്കുണ്ട് ടൗൺഷിപ് റോഡ്, വെള്ളരിക്കുണ്ട് ബൈപാസ് റോഡ് എന്നിവയാണ് ഗതാഗതത്തിനായി നാടിന് സമർപിച്ച മറ്റുറോഡുകൾ.