കാസര്‍കോട്: (www.kasargodvartha.com) റെയില്‍വേ മേഖലയില്‍ മലബാറുകാര്‍ നേരിടുന്ന യാത്രാപ്രതിസന്ധിക്ക് അല്‍പമെങ്കിലും പരിഹാരം കാണുന്നതിന് മംഗ്‌ളുറു - എറണാകുളം ജന്‍ക്ഷന്‍ റൂടില്‍ ജനശദാബ്ദി ട്രെയിന്‍ ആരംഭിക്കണമെന്ന നിര്‍ദേശവുമായി യാത്രക്കാര്‍. നിലവില്‍ എറണാകുളത്ത് നിന്ന് ഉച്ച തിരിഞ്ഞ് വൈകുന്നേരത്തിനുള്ളില്‍ മലബാറിലേക്ക് സൗകര്യപ്രദമായ ട്രെയിന്‍ ഇല്ല. കൂടാതെ കോഴിക്കോട് നിന്ന് വൈകീട്ട് 5.15 കഴിഞ്ഞാല്‍ കാസര്‍കോട്, മംഗ്‌ളുറു ഭാഗത്തേക്കും ട്രെയിന്‍ ഇല്ല.
മംഗ്‌ളുറു, കാസര്‍കോട് ഭാഗത്തു നിന്ന് കോഴിക്കോട്ടേക്ക് ഓഫീസ് സമയം കണക്കാക്കി രാവിലെ 10 മണിക്ക് തൊട്ടുമുന്‍പായി എത്തുന്ന സൂപര്‍ ഫാസ്റ്റ് ട്രെയിനും നിലവിലില്ല. തന്നെയുമല്ല, വടക്കേ മലബാറിലും ദക്ഷിണ കന്നഡയിലും ജനശദാബ്ദി ഇത് വരെ ഇല്ല. ഈ നാല് പ്രശ്‌നങ്ങള്‍ക്കും പുതിയ മംഗ്‌ളുറു - എറണാകുളം ജന്‍ക്ഷന്‍ റൂടില്‍ ജനശദാബ്ദി സര്‍വീസ് നടത്തുകയാണെങ്കില്‍ പരിഹാരം കാണാനാവും.
രാവിലെ 6.30 ന് മംഗ്‌ളൂറില്‍ നിന്ന് ഈ ട്രെയിനിന് യാത്ര പുറപ്പെടാനാവും. തുടര്‍ന്ന് കാസര്‍കോട് - 7.10, കാഞ്ഞങ്ങാട് - 7.30, പയ്യന്നൂര്‍ 7.55, കണ്ണൂര്‍ 8.20, തലശേരി 8.40, വടകര - 9.00, കോഴിക്കോട് - 9.35, തിരൂര്‍ - 10.15,
ഷൊര്‍ണൂര്‍ - 10. 50, തൃശൂര്‍ - 11. 30, ആലുവ - 12.15, എറണാകുളം ജന്‍ക്ഷന്‍ 1.00 എന്നിങ്ങനെ സര്‍വീസ് നടത്താം. തിരിച്ച് വൈകീട്ട് 3.30ന് പുറപ്പെടുന്ന ട്രെയിനിന് തൃശൂര്‍ - 4.40, ഷൊര്‍ണൂര്‍ - 5.30, തിരൂര്‍ - 6.00, കോഴിക്കോട് - 6.50, വടകര - 7.10, തലശേരി - 7.30, കണ്ണൂര്‍ - 8.00, പയ്യന്നൂര്‍ - 8.30, കാഞ്ഞങ്ങാട് - 8.55, കാസര്‍കോട് - 9.15, മംഗ്‌ളുറു - 10.15 എന്നിങ്ങനെ സഞ്ചരിക്കാമെന്നാണ് ഉയരുന്ന നിര്‍ദേശം.
ഇത് യാഥാര്‍ഥ്യമാകുന്നതിന് കക്ഷി രാഷ്ട്രീയ ഭേദമന്യേ ഏവരുടെയും യോജിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണ്. മലബാറിലെ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതായതിനാല്‍ മലബാറിലെ എംപിമാര്‍ ഒറ്റക്കെട്ടായി ആവശ്യമുയര്‍ത്തേണ്ടതുണ്ട്. അതിനായി എല്ലാവരും മുന്നിട്ടിറങ്ങണമെന്നാണ് യാത്രക്കാര്‍ പറയുന്നത്.
Keywords: Latest-News, Nisar Peruvad, Kerala, Kasaragod, Top-Headlines, Indian-Railway, Railway, Train, Travel, Passenger, Mangalore, Ernakulam, Proposal for new train in Mangalore - Ernakulam route.
< !- START disable copy paste -->