എന്നാല്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നീങ്ങുകയും ജനജീവിതം പഴയ രീതിയിലേക്ക് എത്തുകയും ചെയ്തതോടെ കോപ്രായങ്ങള്‍ വീണ്ടും ആരംഭിക്കുകയായിരുന്നു. വിവാഹത്തിന്റെ പേരില്‍ ഒരുവിഭാഗം ആളുകള്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ ചില്ലറയൊന്നുമല്ല. ഒത്തു ചേരലുകളുടെ സന്തോഷങ്ങളെയെല്ലാം തല്ലിക്കെടുത്തുന്ന തരത്തിലാണ് പല വിവാഹ ആഘോഷങ്ങളുമെന്നും ഇവ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് ആഭാസങ്ങളായി പരിണമിക്കുകയുമാണെന്നാണ് ഉയരുന്ന ആക്ഷേപം.
ഏറ്റവും ഒടുവിലായി ഞായറാഴ്ച പുലര്‍ചെ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ചയായി. പുലര്‍ചെ മൂന്ന് മണിയോടെ മണവാളനെ റാഞ്ചിക്കൊണ്ട് വന്ന് ഒരുസംഘം യുവാക്കള്‍ കറങ്ങിനടക്കുകയും കടയില്‍ കയറി ചായ കുടിച്ചും മറ്റും സമയം കളയുകയും പിന്നെയും കാസര്‍കോട് ഭാഗത്തേക്ക് കറങ്ങാന്‍ കൊണ്ടുപോവുകയും ചെയ്തുവെന്നാണ് പറയുന്നത്. മണവാളന്‍ ദേഷ്യപ്പെടുന്നുണ്ടെങ്കിലും ഒപ്പമുണ്ടായിരുന്ന യുവാക്കള്‍ അതൊന്നും ചെവികൊണ്ടില്ലെന്നുമുള്ള ദൃക്സാക്ഷിയുടെ ശബ്ദ സന്ദേശം വൈറലായി.
മണവാളന്റെ വരവും അതോടനുബന്ധിച്ചുള്ള തോന്ന്യാസങ്ങളും വിവാഹപ്പന്തലിലും മണിയറയിലും പലപ്പോഴും അരോചകം സൃഷ്ടിക്കാറുണ്ട്. പടക്കം പൊട്ടിച്ചും, ചായം വിതറിയും, തെറിപ്പാട്ട് പാടിയും റാഗിങ് ചെയ്തും കോമാളി വേഷം കെട്ടിച്ചും വിവാഹ ദിനത്തെ ഇവര്‍ മലീനസമാക്കുന്നു. ആഘോഷങ്ങള്‍ എത്ര അതിരുകടന്നാലും നോക്കി നില്‍ക്കാന്‍ മാത്രമേ വധൂ വരന്മാരുടെ രക്ഷിതാക്കള്‍ക്കും കാരണവന്മാര്‍ക്കും കഴിയുന്നുള്ളൂ. ഒരുസമയത്ത് ബൈക് റൈസും ഹോണടിച്ചുള്ള വാഹന റാലിയുമായിരുന്നു തരംഗമെങ്കില്‍ അത് ഏറെക്കുറെ അവസാനിക്കുകയും ഇത്തരം കലാപരിപാടികള്‍ വര്‍ധിക്കുകയും ചെയ്യുന്നു.
കോമാളിത്തരങ്ങള്‍ക്കും പേക്കൂത്തുകള്‍ക്കുമെതിരെ മതസംഘടനകളും, പള്ളികളും, മതസ്ഥാപനങ്ങളും, മഹല്ല് കമിറ്റികളും ഉത്‌ബോധനവും ബോധവത്കരണവുമൊക്കെ നടത്തുന്നുണ്ടെങ്കിലും ചിലയിടങ്ങളില്‍ തോന്നിവാസങ്ങള്‍ അവസാനിക്കുന്നില്ല. വിവാഹത്തിന് പുതുമണവാളനെ ആനയിക്കുമ്പോള്‍ മാന്യമായ വസ്ത്രം ധരിക്കണം, ആഭാസകരമായ രീതിയില്‍ ജെസിബി, കാളവണ്ടി, സൈകിള്‍ തുടങ്ങിയ വാഹങ്ങളില്‍ വേഷം കെട്ടിച്ച കൊണ്ടുപോവരുത്, മണിയറ തകര്‍ക്കലും അലങ്കോലപ്പെടുത്തലും പാടില്ല, വരനെ തട്ടിക്കൊണ്ട് പോകലും തടഞ്ഞുവെച്ച് മോചനദ്രവ്യം ആവശ്യപ്പെടലും ഏറെ വൈകി വധൂഗൃഹത്തില്‍ എത്തിക്കുന്നതും നിരോധിച്ചിരിക്കുന്നു എന്നിങ്ങനെയുള്ള കര്‍ശന നടപടികള്‍ മാലിക് ദീനാര്‍ വലിയ ജുമുഅത് പള്ളി കമിറ്റി എടുത്തിട്ടുണ്ട്. സമാന നപടികള്‍ മിക്ക ജമാഅതുകളും കൈക്കൊണ്ടിട്ടുണ്ട്.
എന്നിട്ടും തുടരുന്ന ആഭാസങ്ങള്‍ക്കെതിരെ പൊലീസ് നടപടികള്‍ക്ക് പുറമെ കര്‍ശനമായ നിയമ വ്യവസ്ഥ ഉണ്ടാവണമെന്നും രക്ഷിതാക്കള്‍ ആര്‍ജവത്തോടെ എതിര്‍ക്കാനുള്ള കരുത്ത് പ്രകടിപ്പിക്കണമെന്നുമാണ് ഉയരുന്ന ആവശ്യം.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Marriage-House, Marriage, Wedding, Wedding Days, Celebration, No end to indecency on wedding day.
< !- START disable copy paste -->