സോള്‍: (www.kasargodvartha.com) ഉത്തര കൊറിയന്‍ ഭരണാധിപതി കിം ജോങ് ഉന്നിന്റെ മകളുടെ പേര് മറ്റാര്‍ക്കും പാടില്ലെന്ന് വിചിത്രമായ ഉത്തരവ്. കിം ജോങ് ഉന്നിന്റെ മകളുടെ പേര് മറ്റുള്ളവര്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പെടുത്തിയതായി റിപോര്‍ട്. പേര് നിലവില്‍ ഏതെങ്കിലും സ്ത്രീകള്‍ക്കോ പെണ്‍കുട്ടികള്‍ക്കോ ഉണ്ടെങ്കില്‍ അതും മാറ്റാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഫോക്‌സ് ന്യൂസ് റിപോര്‍ട് ചെയ്യുന്നത്.
ഉത്തര കൊറിയന്‍ നേതാവിന്റെ ഒമ്പതോ പത്തോ പ്രായമുള്ള മകളുടെ പേര് 'ജു ഏ' എന്നാണ്. റേഡിയോ ഫ്രീ ഏഷ്യയെ ഉദ്ധരിച്ച് കൊണ്ടാണ് പേരുമാറ്റാനുള്ള നിര്‍ദ്ദേശം വന്നതിനെ കുറിച്ച് ഫോക്‌സ് ന്യൂസ് വാര്‍ത്ത റിപോര്‍ട് ചെയ്തിരിക്കുന്നത്. ജു ഏ എന്ന് പേരുള്ള സ്ത്രീകളോടും പെണ്‍കുട്ടികളോടും തങ്ങളുടെ ജനന സര്‍ടിഫികറ്റുകളില്‍ നിന്ന് മുതല്‍ പേര് മാറ്റാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപോര്‍ടുകള്‍ പറയുന്നത്.
ജിയോങ്ജു സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന സുരക്ഷാ മന്ത്രാലയം ഈ പേരുള്ള സ്ത്രീകളെ തങ്ങളുടെ ഓഫീസിലേക്ക് വിളിപ്പിച്ചതായും ഒരാഴ്ചയ്ക്കകം പേര് മാറ്റണം എന്ന് നിര്‍ദേശിച്ചതായും റിപോര്‍ടുകള്‍ പറയുന്നു. നേരത്തെ തന്നെ ഉത്തര കൊറിയയില്‍ നേതാക്കളുടെയോ അടുത്ത ബന്ധുക്കളുടെയോ പേര് ആര്‍ക്കും ഇടാന്‍ അധികാരമില്ലെന്നാണ് റിപോര്‍ടുകള്‍ പറയുന്നത്.
അതേസമയം അടുത്തിടെ വാര്‍ത്തകളില്‍ സജീവമായി കിമ്മിന്റെ മകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സൈനിക പരേഡിലടക്കം മകളുമായിട്ടാണ് കിം പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ജു ഏ ആദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. അന്ന് വെള്ള ജാകറ്റും ചുവന്ന ഷൂസും ധരിച്ച് ഭീമന്‍ ബ്ലാക് ആന്‍ഡ് വൈറ്റ് മിസൈലിന് അരികില്‍ കൂടി അച്ഛനും മകളും നടന്നു പോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട കിമ്മിന്റെ മൂന്നുമക്കളില്‍ ഒരേയൊരാളാണ് ജു ഏ.
ഉത്തര കൊറിയന്‍ നേതാക്കളെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകള്‍ പോലെ തന്നെ ജു ഏയെ ചുറ്റിപ്പറ്റിയും അല്‍പസ്വല്പം നിഗൂഢതകളൊക്കെ നിലനില്‍ക്കുന്നുണ്ട്. ഉത്തര കൊറിയയുടെ അടുത്ത അവകാശി കിമ്മിന്റെ മകളായിരിക്കും എന്ന തരത്തിലുള്ള ചര്‍ചകളും സജീവമാണ്.
Keywords: News,World,international,Korea,Name,Daughter,Top-Headlines,Latest-News, North Korea bans girls from having same name as Kim Jong Un's daughter: Report