Join Whatsapp Group. Join now!
Aster mims 04/11/2022

K Madhavan | കെ മാധവേട്ടന്‍: ചരിത്രപുരുഷന്റെ സ്മാരക മന്ദിരം പോലും അടിച്ചു മാറ്റുന്നു

K Madhavan: Memories of freedom fighter, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നേര്‍ക്കാഴ്ചകള്‍ 

-പ്രതിഭാരാജന്‍

(www.kasargodvartha.com) ഭൂതകാലത്തിന്റെ സിരകളിലൂടെ തിളച്ചു മറിയുന്ന രക്തയോട്ടം, അതാണ് വര്‍ത്തമാന കാലചരിത്രമാവുക. സമയം തെറ്റിയും അനുസരണക്കേടു കാണിച്ചും മേമ്പൊടി ചേര്‍ത്തുമെല്ലാം ചരിത്രം മുന്നോട്ടു സഞ്ചരിച്ചു കൊണ്ടേയിരിക്കും . ഓര്‍ക്കാന്‍ എന്തെങ്കിലും ബാക്കി വെക്കാതെ ഒരു മനുഷ്യനും തിരിച്ചു പോകാനാകില്ല. ചരിത്ര നിര്‍മ്മ്ിതി ഓരോരുത്തരുടേയും നിയോഗമാണ്.
        
Article, Politics, Political Party, CPM, Controversy, Allegation, K Madhavan: Memories of freedom fighter.

മണ്ണടിക്ഷേത്രത്തില്‍ ആശ്രയം തേടിയ വേലുത്തമ്പിദളവ അവിടെയും രക്ഷയില്ലെന്നു കണ്ട് കഠാര നെഞ്ചില്‍ കുത്തിയിറക്കി ആത്മഹത്യ ചെയ്തത് ഇന്ന് ചരിത്രമാണ്. ഇംഗ്ലീഷുകാരെ ഭയന്ന് ദളവയുടെ തല കഴുത്തില്‍ നിന്നും വെട്ടിയെടുത്തു ഒളിപ്പിച്ചത് സ്വന്തം അനിയന്‍. പ്രതികാര ദാഹിയായായ ഇംഗ്ലീഷുകാര്‍ തലയില്ലാത്ത ശരീരമെടുത്തു കണ്ണമ്മൂലയിലെ കഴുമരത്തില്‍ കെട്ടിത്തൂക്കി.

അരിശം തീരും വരെ ആ ജഡം അവിടെ തൂങ്ങിക്കിടന്നു. കാക്കയും കഴുകനും കൊത്തിവലിച്ചു. ഇംഗ്ലീഷുകാര്‍ നാടുപേക്ഷിച്ചു പോയതിനു ശേഷം ശതാബ്ദങ്ങള്‍ കഴിഞ്ഞു മാത്രമാണ് തിരുവനന്തപുരത്തെ ഹജൂര്‍ക്കച്ചേരിയുടെ മുന്‍പില്‍ അദ്ദേഹത്തിന്റെ ഒരു പ്രതിമ സ്ഥാപിക്കാന്‍ ഭരണകൂടത്തിനായത്.

ജനാധിപത്യ ഭരണകൂടം. ഒച്ച് അതിനേക്കാള്‍ വേഗത്തിലിഴയും. ദിവാന്‍ രാജഗോപാലാചാരി സൗജന്യമായി കൊടുത്ത സ്ഥലത്ത് പണിത കെട്ടിടത്തില്‍ രാമകൃഷ്ണപ്പിള്ള പത്രസ്ഥാപനം തുടങ്ങി. ദിവാന്‍ ജനങ്ങള്‍ക്കെതിരായപ്പോള്‍
രാമകൃഷ്ണപ്പിള്ള എഴുതി. ദിവാനല്ല, ഈശ്വരന്‍ തെറ്റു ചെയ്താലും ഞാന്‍ അത് റിപ്പോര്‍ട്ടു ചെയ്യും. അതിന്റെ പേരില്‍ രാജ്യദ്രോഹിയായി. സ്വദേശാഭിമാനി നിരോധിച്ചു. പ്രസ് അടച്ചു പൂട്ടി. നാടു കടത്തപ്പെട്ടു. മറുനാട്ടില്‍ കിടന്നാണ് അദ്ദേഹം ഇല്ലാതായി തീര്‍ന്നത്.

സംവത്സരങ്ങള്‍ കഴിഞ്ഞതിനു ശേഷമാണ് തിരുവനന്തപുരത്തെ അക്കൗണ്ടന്റ് ജനറലാഫീസിന്റെ ഒരു മൂലയില്‍ രാമകൃഷ്ണപ്പിള്ളയുടെ പ്രതിമ ഉയരുന്നത്. അതും പൂര്‍ണകായമല്ല, അരപ്രതിമ. അതിവേഗവും, ബഹുദൂരവും , എല്ലാം ശരിയാകുമെന്നുമൊക്കെ നാം കുറേ കേട്ടതാണ്. വെറുതെ പറഞ്ഞു രസിക്കാവുന്ന പഴഞ്ചൊല്ലുകള്‍. നെപ്പോളിയനു വരെ പ്രതിമയുണ്ടായിരുന്നു എന്നത് ഓര്‍ക്കാന്‍ വേണ്ടി പറഞ്ഞെന്നുമാത്രം.

വഴി നടക്കാനുള്ള സ്വാതന്ത്രം വാങ്ങിത്തരാന്‍ തല്ലു കൊണ്ട യുവാവ് - കെ മാധവേട്ടന് - സ്വന്തം നാട്ടിലെങ്കിലും ഒരു പ്രതിമ ഉയരുമോ, ഉയരാതിരിക്കില്ലെന്ന വിശ്വാസത്തിലാണ് ജനം. അതിന് ഇനി എത്ര കാലം, എത്ര കമ്മ്യൂണിസ്റ്റ് നഗരസഭകള്‍ മാറി മാറി വരേണ്ടി വരും എന്നിടത്തേ സംശയമുള്ളു. സ്വന്തമായി കുടില്‍ കെട്ടി അതില്‍ വസിക്കാനും, സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യാനുമുള്ള അവസരം ലഭിച്ച പൊതു സമുഹത്തിന്റെ ആഗ്രഹം ചരിത്രത്തോടുള്ള നഗരസഭയുടെ വെല്ലുവിളിയാണ്.

എ.സി കണ്ണന്‍ നായരുടെ അര്‍ദ്ധകായ പ്രതിമ കാഞ്ഞങ്ങാട് പബ്ലിക്ക് ലൈബ്രറിയില്‍ നമുക്ക് കാണാം. കാലമെത്ര പോയാലും ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരക മന്ദിരത്തിനു മുമ്പില്‍ മാധവേട്ടനു വേണ്ടിയും ഒരു പ്രതിമ വരും വരാതിരിക്കില്ല. മരിച്ചു കഴിഞ്ഞ മഹാന്മാരുടെ പ്രതിമകളെ ചരിത്രം ആവശ്യപ്പെടുക പതിവാണ്. അവര്‍ക്കുവേണ്ടി കീര്‍ത്തിസ്തംഭങ്ങള്‍ ഉയത്തണമെന്ന് കാലം ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കും. വെറുതെയിരിക്കുന്ന ഒരു അജഞ്ചല ശക്തയല്ലല്ലോ ചരിത്രം.

സ്‌കൂളില്‍ പഠിക്കുന്ന കാലം. കെ കേളപ്പന്‍ പറഞ്ഞു, ഗാന്ധിജി വിളിക്കുന്നു. മാധവേട്ടന്‍ പോയി, ഉപ്പു കുറുക്കി. നിയമ ലംഘന മുദ്രാവാക്യം വിളിച്ചു. ഇഗ്ലീഷുകാര്‍ക്കെതിരെ ഗോബാക്ക് വിളിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഭൂമി കുലുക്കമായിരുന്നു, ഉപ്പുസത്യാഗ്രഹം. ഏറ്റവും താഴേക്കിടയിലുള്ളവനു വരെ ബാധിക്കുന്ന പ്രശ്നം. ഉപ്പ്, ഇന്നത് പെട്രോളായി മാറിയെന്നു മാത്രം. അന്ന് മാധവേട്ടന് വയസ് 16. സമരവളണ്ടറിയന്മാരില്‍ ഏറ്റവും പ്രായം കുറഞ്ഞ ഭടന്‍. ജന്മി കുടിയാന്‍ വിവേചനം ഒഴിവാക്കാന്‍ ജന്മി കുടുംബത്തില്‍ നിന്നും ഒരാള്‍ ഇറങ്ങി വന്നു, മാധവേട്ടന്‍. പോലീസ് പിടിച്ചോണ്ടു പോയി. പിന്നെ കൊടിയ മര്‍ദ്ദനം. ജയില്‍ വാസം.

ആറു മാസത്തെ ജയില്‍ ജീവിതം കഴിഞ്ഞ് 1931 ജനുവരിയില്‍ പുറത്തു വന്നു. കണ്ടാല്‍ കലി കയറുന്ന കര്‍ഷക സംഘത്തിന്റെ ചെങ്കൊടിയുമായി ജന്മിക്കെതിരെ വീണ്ടും സമരം. കുടിയാന്മാരെ സംഘടിപ്പിച്ചു.
അങ്ങനെ സ്വന്തമായ ഭൂമിയിലാണ് നാമിപ്പോള്‍ മണി മന്ദിരങ്ങള്‍ പണിതു വസിക്കുന്നത്. രാജവീഥിയിലൂടെ കൈയ്യും വീശി, ഓട്ടോറിക്ഷയില്‍, ബെന്‍സ് കാറില്‍ സഞ്ചരിക്കുന്നവര്‍ ഓര്‍ക്കുന്നില്ല, ഈ അവകാശം നേടിയെടുക്കാന്‍ തല്ലുകൊണ്ട ഒരു കാഞ്ഞങ്ങാട്ടുകാരന്‍ ചരിത്രപുസ്തകത്തില്‍ മായാതെ കിടക്കുന്നുണ്ടെന്ന്.

1921-ല്‍ തിരുവിതാംകൂറും കൊച്ചിയും കോണ്‍ഗ്രസിന്റെ മലബാര്‍ മേഖലയും ചേര്‍ന്ന് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) രൂപീകരിക്കുമ്പോള്‍ സെക്രട്ടറിയായിരുന്നു മാധവേട്ടന്‍. അവിടുന്നു തന്റെ വഴി ഇതല്ലെന്നു മനസിലാക്കി പുറത്തു ചാടി. വിപ്ലവപാര്‍ട്ടിയോടൊപ്പം ചേര്‍ന്നു. സ്വവര്‍ഗം -ജന്മി വര്‍ഗത്തിനെ തറപററിക്കാന്‍ കര്‍ഷകരോടൊത്തു ചേര്‍ന്ന് രക്തപതാക ഉയര്‍ത്തിപ്പിടിച്ചു. 2016 സെപ്റ്റംബര്‍ 25-ന് 101-ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു.

ആധുനിക കേരള ചരിത്രത്തിലെ ഒരു പരിവര്‍ത്തന കാലഘട്ടത്തിന്റെ വിലപ്പെട്ട രേഖയാണ് മാധവേട്ടന്‍. ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്ത് ഗുണ്ടകളുടെ തല്ലു മേടിച്ചു കൂട്ടിയ ജന്മി. സാവര്‍ണ്യ അവര്‍ണ ജാതിവ്യവസ്ഥയെ അരിഞ്ഞു വീഴ്ത്താന്‍ ശ്രമിച്ച ദേശസ്‌നേഹി. ഹിന്ദു-മുസ്ലീം സംഘര്‍ഷമുണ്ടാക്കി അവ സജീവമായി നിലനിര്‍ത്താന്‍ ശ്രമിച്ചവരെ തിരിച്ചറിഞ്ഞ വ്യക്തിത്വം. മേല്‍ജാതി വര്‍ഗത്തില്‍ ജനിച്ചു താന്‍ പിറന്ന കുലത്തിലെ അപരിഷ്‌കൃതത്വത്തെ ചോദ്യം ചെയ്ത സഖാവ്.

ആ ചരിത്രപുരുഷനെ-മാധവേട്ടനെ- അടയാളപ്പെടുത്താന്‍ ജന്മനാട്ടിലെങ്കിലും അദ്ദേഹത്തിന്റെ ഒരു പൂര്‍ണകായ പ്രതിമയൊരുക്കാന്‍ കക്ഷി രാഷ്ട്രീയത്തിലെ തര്‍ക്കം കാരണം, ഇഴയുന്ന ഫയല്‍ നീക്കം കാരണം സാധിക്കുന്നില്ല. ഏറെ മുറവിളിക്കു ശേഷമാണ് ഗുരുവായൂര്‍ സത്യാഗ്രഹ സ്മാരക സമുച്ഛയമുണ്ടായത്. മാധവേട്ടന്റെ പേരിലാണത്. അതും കൈയ്യേറിയിരിക്കുന്നു. മാധവേട്ടന്റെ പിന്‍തലമുറ അങ്ങോട്ടു തിരിഞ്ഞു നോക്കാറില്ല. അവിടെ വിത്തിടുന്നതും, കൊയ്യുന്നതും, മെതിക്കുന്നതും സിപിഎം.

അവര്‍ ഊതിപ്പാറ്റിയ പതിരായി മാറിയിരിക്കുകയാണ് കാഞ്ഞങ്ങാട്ടെ സിപിഐ. അരുതെന്നു പറയാന്‍ കഴിയാതെ, കാറ്റുവീശിയാല്‍ ലക്ഷ്യമില്ലാതെ പാറുന്ന പതിരു പോലെ പ്രവര്‍ത്തനം. അല്ലെങ്കിലും മൂര്‍ഖനും, നീര്‍ക്കോലിക്കും ഒരേ മാളത്തില്‍ ഒരുമിച്ചു പാര്‍ക്കാനാകില്ലല്ലോ. ഒരു ലൈബ്രറിയുണ്ട്, സിപിഐക്ക്. അതും നാടറയിയുന്നില്ല.

പുതിയക്കോട്ടയില്‍ മാതൃകാ വിദ്യാലയത്തിന്റെ പദവിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളുണ്ട്. അതിനു മാധവേട്ടന്റെ പേരിടണം. സ്മാരക സ്തൂപമുയര്‍ത്തണം. ജനം ഒന്നാകെ ആവശ്യപ്പെട്ടതാണ്. പക്ഷഭേതമന്യേ നഗരസഭയില്‍ പ്രമേയം വന്നു. കേരളത്തിലെ നഗരസഭാ അദ്ധ്യക്ഷന്മാരുടെ അദ്ധ്യക്ഷന്‍ - വിവി രമേശന്‍ - ഉണ്ടായിട്ടും, പതിറ്റാണ്ടുകള്‍ പാരമ്പര്യമുള്ള സ്‌കുളിന് മാധവേട്ടന്റെ പേരിട്ട് ആദരിക്കാന്‍ അര പതിറ്റാണ്ടായിട്ടും നഗരസഭക്കു കഴിഞ്ഞിട്ടില്ല. പിന്നെയല്ലെ, പൂര്‍ണ്ണകായ പ്രതിമ. ഒരേ ശിഖിരത്തിലെ രണ്ടു പുഷ്പ്പങ്ങളാണ് സിപിഐയും സിപിഎമ്മും. ഒരു മാലയില്‍ കോര്‍ത്ത മുന്നണിയായി നഗരസഭ ഭരിക്കുന്നു. ഇന്നു വിചാരിച്ചാല്‍ നാളെ നടക്കും ഇതൊക്കെ. സാധ്യമാകാത്തതിനു കാരണമുണ്ട്. കള്ളനുള്ളതു പുറത്തല്ല, കപ്പലില്‍ തന്നെ.

രാജ്യത്തിനു സ്വാതന്ത്യം വാങ്ങിത്തന്ന, ഇന്നത്തെ കേരളത്തെ കേരളമായി ഉയര്‍ത്തുവാനുള്ള ഭൗതിക സാഹചര്യത്തിനായി പോരാടിയ മാധവേട്ടനെ വരെ കക്ഷിരാഷ്ട്രീയം കഴുത്തിനു പിടിച്ച് ശ്വാസം മുട്ടിക്കുകയാണ്. 101ാം വയസില്‍ ധീരനായി മരിച്ച അദ്ദേഹത്തെ വീണ്ടും കഴുത്തിനു പിടിച്ച് ഞെരിക്കുകയാണ്. സിപിഐ അതു നോക്കി നില്‍ക്കുന്നു. തുച്ഛമായ ലാഭത്തിനു വേണ്ടി തല കുമ്പിട്ടിരിക്കുന്നു. നിത്യാനന്ദ കോട്ടവളപ്പിനടുത്തുള്ള പൊയ്കയില്‍ കണ്ണെത്താത്തത്രയും ദൂരത്തില്‍ പരന്നു കിടക്കുന്ന ആമ്പല്‍ പൊയ്കയുണ്ട്. കാഞ്ഞങ്ങാട് മണ്ഡലത്തിലെ സിപിഎം പ്രവര്‍ത്തകരെ പോലെ പരന്നത്.
കടല്‍ക്കരയില്‍ നിന്നും തുടങ്ങി മലയടുക്കുകള്‍ വരെ നിവര്‍ന്നു കിടക്കുകയാണ് കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലം.

സിപിഎം അവരുടെ ചിലവില്‍ പണിതിട്ട ബഹുനില കെട്ടിടം -കാഞ്ഞങ്ങാട് സീറ്റ് - സിപിഐക്ക് ഇഷ്ടദാനമായി കിട്ടിയതാണ്. കൈവിരലിലെണ്ണാവുന്ന പ്രവര്‍ത്തകര്‍ മാത്രമുള്ള സിപിഐക്ക് സിപിഎം കനിഞ്ഞു നല്‍കിയ മഹറ്. ഇ ചന്ദ്രശേഖരന്‍ എംഎല്‍എക്ക് പദവിയുണ്ട്, പക്ഷെ താക്കോല്‍ കൈയ്യിലില്ല. സിപിഎം പറഞ്ഞാല്‍ വണ്ടി ഓടും. അത് ഏതു ഓട വഴിയിലൂടെയാണെങ്കില്‍പ്പോലും. നിര്‍ത്താന്‍ പറഞ്ഞാല്‍ നിര്‍ത്തും. താക്കോല്‍ പണയം വെച്ച വാഹന ഉടമ. ഒരിക്കല്‍പ്പോലും 'അല്ല, ഇല്ല'എന്നു പറയാനറിയാത്ത മാധവേട്ടന്റെ പ്രസ്ഥാനം മാധവേട്ടനോട് അല്ലാ, ഇല്ല എന്നുരുവിടുന്നു.
              
Article, Politics, Political Party, CPM, Controversy, Allegation, K Madhavan: Memories of freedom fighter.

മുന്നണിയിലെ വല്യേട്ടന്‍ പടുത്തുയര്‍ത്തിയ രാഷ്ട്രീയ ഗോപുരത്തില്‍ വിയര്‍പ്പൊഴുകാത്ത ശീതീകരിച്ച മുറിയില്‍ ഇ ചന്ദ്രശേഖരന്‍ എംഎല്‍എ വിശ്രമിക്കുകയാണ്. കാറ്റിനനുസരിച്ച് തൂറ്റാന്‍ അറിയാത്ത ആളല്ല, മുന്‍ മന്ത്രിയും, പാര്‍ട്ടിയുടെ കേന്ദ്രീകൃത നിയന്ത്രണവുമുള്ള എംഎല്‍എ. ചട്ടഞ്ചാലിലെ പ്രമാണിമാരെ വരെ മുട്ടുകുത്തിച്ച രാഷ്ട്രീയ ഭിഷഗ്വരന്‍. ഇവിടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ കാണുമായിരിക്കും. പക്ഷെ ജനത്തിനു അതറിയേണ്ട കാര്യമില്ല.

ഏതു അമ്പലത്തിലും ഏതു സമയത്തും കയറി ചെല്ലൂമ്പോള്‍ മുന്നില്‍ ഒരുത്തനും കയറിവന്ന് തടസം നില്‍ക്കാതിരിക്കാന്‍ കരുത്തു കാണിച്ച ചെറുപ്പക്കാരന്‍, 16ാം വയസില്‍ തല്ലു കൊണ്ടവന്‍, ചെളിയില്‍ പണിയെടുക്കുന്നവനു വേണ്ടി ജയിലില്‍ പോയ മാധവേട്ടന്‍. അദ്ദേഹത്തെ നിങ്ങള്‍ -കക്ഷിരാഷ്ട്രീയം- മറന്നു പോയെങ്കില്‍ - ഞങ്ങള്‍ ജനങ്ങള്‍ക്ക് മറക്കാനാവില്ലെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഇവിടെ.

നവംബര്‍ ഒന്നിനാണ് ഗുരുവായുര്‍ സത്യാഗ്രഹത്തിന്റെ ഓര്‍മ്മ ദിനം. നമുക്ക് വഴി നടക്കാനായി മാധവേട്ടന്‍ തല്ലു കൊണ്ട ദിവസം. കൈയ്യേറിയ സമര സ്മാരക മന്ദിരം, നിശ്ചലമായിപ്പോയ പുരസ്‌കാര സമര്‍പ്പണം, പുതിയോട്ടയിലെ സ്‌കൂളിന് അദ്ദേഹത്തിന്റെ നാമകരണം എല്ലാം നടക്കണം. ഗുുരുവായൂര്‍ സത്യാഗ്രഹ സ്മാരക മന്ദിരത്തിനു പുനര്‍ജനിയുണ്ടാകണം. അതിനു സാധ്യമല്ലെന്ന ദാര്‍ഷ്ട്യമാണ് നഗരസഭായുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെങ്കില്‍ ജനഹിതത്തിന്റെ പ്രഹരം താങ്ങാന്‍ ഒരേ മരത്തില്‍ പിറന്നു വിഘടിച്ചു നില്‍ക്കുന്ന രണ്ടു ശിഖരങ്ങള്‍. മരത്തിനാണ് അതു ദോഷം വരുത്തുകയെന്ന് ജനം തിരിച്ചറിയുന്നുണ്ട്.

Keywords: Article, Politics, Political Party, CPM, Controversy, Allegation, K Madhavan: Memories of freedom fighter.
< !- START disable copy paste -->

Post a Comment