Join Whatsapp Group. Join now!
Aster mims 04/11/2022

Controversy | 'ചിലരുടെ ആശാസ്യമല്ലാത്ത ചെയ്തികള്‍ മൊത്തം വിദ്യാര്‍ഥികളുടെ സ്ഥിതിയായി തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഇട വന്നതില്‍ മാപ്പ് ചോദിക്കുന്നു': കാസര്‍കോട് ഗവ. കോളജ് മുന്‍ പ്രിന്‍സിപല്‍ ഡോ. എം രമ

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,kasaragod,news,Controversy,Student,Top-Headlines,Kerala,
കാസര്‍കോട്: (www.kasargodvartha.com) ഗവ. കോളജിലെ പ്രശ്നങ്ങളുടെ പേരില്‍ തനിക്കെതിരെ എസ് എഫ് ഐ നടത്തുന്ന അപവാദ പ്രചരണങ്ങള്‍ വിദ്യാര്‍ഥി സമൂഹവും, ബഹുജനങ്ങളും തിരിച്ചറിയണമെന്നും, തള്ളിക്കളയണമെന്നും ആവശ്യപ്പെട്ട് മുന്‍ പ്രിന്‍സിപല്‍ ഡോ. എം രമ. വാര്‍ത്താകുറിപ്പിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.

Dr Rema's statement about controversy,  Kasaragod, News, Controversy, Student, Top-Headlines, Kerala

കുടിവെള്ളത്തിലെ പ്രശ്നം പറയാനെത്തിയ വിദ്യാര്‍ഥികളെ മുറിയില്‍ പൂട്ടിയിട്ടുവെന്ന് ആരോപിച്ച് എസ് എഫ് ഐ തുടങ്ങിയ അക്രമ സമരം തന്നെ പ്രിന്‍സിപല്‍ ചുമതലയില്‍ നിന്ന് നീക്കുന്നതില്‍ കലാശിച്ചെങ്കിലും, അപവാദ പ്രചരണങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. കോളജിലെ പ്രശ്നങ്ങള്‍ അന്വേഷിച്ചുവന്ന ഒരു ചാനല്‍ ലേഖകന് താന്‍ നല്‍കിയ അഭിമുഖം തന്റെ ഭര്‍ത്താവ് പണം കൊടുത്ത് പ്രസിദ്ധീകരിപ്പിച്ചതാണെന്ന പച്ചക്കള്ളമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

കോളജിലെ തന്റെ അനുഭവത്തിലും, അറിവിലും വന്ന കാര്യങ്ങള്‍ താന്‍ ചാനല്‍ ലേഖകനോട് സംസാരിച്ചത് തന്റെ മാത്രം ഉത്തരവാദിത്വത്തിലാണ്. അതിന് മാത്രമുള്ള അറിവും, കഴിവും തനിക്കുണ്ട്. തന്റെ ഭര്‍ത്താവിനെ

പ്രശ്നത്തിലേക്ക് വലിച്ചിഴക്കുന്നത് ദുരുപദിഷ്ടമാണ്. കോളജിന്റെ കാര്യങ്ങള്‍ തങ്ങള്‍ ചര്‍ച ചെയ്യാറില്ല. ഈ മാസം 23 ന് തികച്ചും അക്രമാസക്തമായ സമരമാണ് എസ് എഫ് ഐ തനിക്കെതിരെ നടത്തിയതെന്നും ഡോ. രമ പറയുന്നു.

പൊലീസ് സംരക്ഷണമുണ്ടായിരുന്നെങ്കിലും അതിനിടയില്‍ നേരത്തേ ആസൂത്രണം ചെയ്ത രീതിയില്‍ ആള്‍ക്കൂട്ടം സൃഷ്ടിച്ച് തന്നെ ദേഹോപദ്രവമേല്‍പിച്ച് കൊല്ലാനുള്ള ശ്രമം അവര്‍ നടത്തിയെന്നും മുന്‍ പ്രിന്‍സിപല്‍ ആരോപിച്ചു. അങ്ങനെ പരിക്ഷീണമായ മാനസികാവസ്ഥയില്‍, അന്ന് സമരത്തിന് ശേഷം വൈകുന്നേരം തന്നെ കോളജില്‍ വെച്ച് കണ്ട ചാനല്‍ ലേഖകനോട് വികാരക്ഷോഭത്തോടെ സംസാരിച്ചപ്പോള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ചില പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

കോളജിലെ ചില വിദ്യാര്‍ഥികളുടെ ആശാസ്യമല്ലാത്ത ചെയ്തികളെക്കുറിച്ച് പറഞ്ഞപ്പോള്‍ അത് മൊത്തം വിദ്യാര്‍ഥികളുടെ സ്ഥിതിയായി തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഇട വന്നിട്ടുണ്ടെങ്കില്‍ അത് ഖേദകരമാണ്.

തന്റെ പരാമര്‍ശങ്ങള്‍ കൊണ്ട് കോളജിലെ വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ക്ക് ഉണ്ടായിട്ടുള്ള മാനസിക വിഷമങ്ങള്‍ക്കും, കോളജിന്റെ പ്രതിച്ഛായക്ക് എന്തെങ്കിലും കോട്ടങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അതിനും താന്‍ നിര്‍വ്യാജം മാപ്പു പറയുന്നുവെന്നും ഡോ. രമ അറിയിച്ചു.

തങ്ങളാണ് എല്ലാറ്റിന്റെയും അധികാരികളാണെന്ന ഗര്‍വുമായി കോളജില്‍ എസ് എഫ് ഐ നടത്തുന്ന പ്രവര്‍ത്തനം നാശകരമാണ്. പൊതുവായ ഒരു തീരുമാനവും അവര്‍ക്ക് ബാധകമല്ല. പുറമേ നിന്നുള്ള ആളുകളുടെ രാഷ്ട്രീയ പ്രവര്‍ത്തനം കോളജില്‍ അനുവദിക്കേണ്ടെന്ന് ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്റ്റാഫ് കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും, നേരത്തെ പഠനം പൂര്‍ത്തിയാക്കിപ്പോയ ഇമ്മാനുവലിനെപ്പോലുള്ള ആളുകള്‍ എന്നും കാംപസിലെത്തുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

സത്യത്തില്‍ അവരുടെ ഇടപെടല്‍ കുട്ടികളുടെ പഠനപ്രവര്‍ത്തനത്തിന് തടസമാണ്. നന്നായി പഠിക്കുന്ന, ഉന്നത വിജയം നേടാന്‍ കഴിവുള്ള പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഭാവി നശിപ്പിക്കുകയാണ് ഇമ്മാനുവലിനെ പോലുള്ളവര്‍ ചെയ്യുന്നത്. അക്കാര്യം സൂചിപ്പിച്ചപ്പോള്‍ ഇമ്മാനുവല്‍ പെണ്‍കുട്ടികളെ നശിപ്പിച്ചെന്ന രീതിയില്‍ ആയിപ്പോയിട്ടുണ്ട്. എന്നാല്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല.

അങ്ങനെ ആരെങ്കിലും മാത്രം വിചാരിച്ചാല്‍ പെണ്‍കുട്ടികളെ നശിപ്പിക്കാന്‍ പറ്റുമെന്ന് പറയാനാവില്ല. പെണ്‍കുട്ടികള്‍ക്കും, ആണ്‍കുട്ടികള്‍ക്കും സ്വന്തം നിലയും ഉത്തരവാദിത്വവും മനസിലാക്കി പെരുമാറാന്‍ കഴിയും, കഴിയണം. ഇമ്മാനുവലിന്റെ പേര് ആ നിലയില്‍ പരാമര്‍ശിച്ചതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും മുന്‍ പ്രിന്‍സിപല്‍ അറിയിച്ചു.

കോളജില്‍ 97 ശതമാനം മാര്‍ക്ക് ലഭിച്ച ഉയര്‍ന്ന നിലവാരം ലഭിച്ച കുട്ടികള്‍ക്കാണ് പ്രവേശനം ലഭിക്കുന്നത്. പകുതി സീറ്റുകളില്‍ വിവിധ വിഭാഗങ്ങള്‍ക്ക് സംവരണവുമുണ്ട്. കുഴപ്പക്കാര്‍ എല്ലാ വിഭാഗക്കാരുമുണ്ട്. അങ്ങനെ മാത്രമേ താന്‍ എവിടെയും പറഞ്ഞിട്ടുള്ളു.

സംവരണ പ്രകാരം കോളജിലെത്തിയ മാര്‍ക്ക് കുറഞ്ഞ കുട്ടികളാണ് കുഴപ്പക്കാരെന്ന് പറഞ്ഞ് താന്‍ ജാതിയധിക്ഷേപം നടത്തിയതായി കാണിച്ച് ഇപ്പോള്‍ എസ് എഫ് ഐ ഒരു സംഭാഷണ ശബ്ദ ശകലം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

ഒരു ചാനലിലും, പത്രത്തിലും പ്രസിദ്ധീകരിക്കപ്പെടാത്ത ഒരു ശബ്ദ ശകലമാണത്. ചാനലുകാരന്റെ ഒരു ചോദ്യത്തിന് മറുപടിയായി എല്ലാ കാര്യങ്ങളും വിവരിക്കുന്നതിനിടയില്‍ ഒരു നാക്കുപിഴയായി വന്ന ഒരു വാചകം താന്‍ അപ്പോള്‍ തന്നെ തിരിച്ചറിഞ്ഞ് ഒരിക്കലും പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെടുകയും, അവര്‍ അത് പ്രസിദ്ധീകരിക്കാതെ ഒഴിവാക്കിയതുമാണ്.

എന്നാല്‍ ആ ചാനല്‍ ഓഫീസില്‍ നിന്നും എങ്ങനെയോ ചോര്‍ത്തിയെടുത്ത്
എസ് എഫ് ഐ അത് വ്യാപകമായി പ്രചരിപ്പിക്കുകയാണ്. പിന്നോക്ക വിഭാഗങ്ങളെ തനിക്കെതിരായി തിരിക്കാനുള്ള ഈ ശ്രമം അപലപനീയമാണ്. തന്നെ വ്യക്തിപരമായി അറിയുന്ന ആളുകള്‍ ആരും അത് വിശ്വസിക്കില്ലെന്നും ഡോ. രമ പറയുന്നു.

എങ്കിലും തന്റെ പേരില്‍ അങ്ങനെയൊരു വാര്‍ത്ത വരാന്‍ ഇടയായതില്‍ മാപ്പു പറയുന്നു. കോളജിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ താന്‍ പ്രിന്‍സിപല്‍ ചുമതലയിലുള്ള സന്ദര്‍ഭത്തില്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ദശാബ്ദങ്ങള്‍ പഴക്കമുള്ള ടാങ്കിന് പകരം പുതിയ ടാങ്ക് ഒരു വര്‍ഷം മുമ്പ് പണിത് മോടോര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്ലംബിങ് പണി മുടങ്ങിയിരിക്കുകയാണ്.

അതിനായി മുഖ്യ പരിഗണന നല്‍കി പണം അനുവദിക്കാന്‍ സര്‍കാരിന് എഴുതിയെങ്കിലും പാസായി കിട്ടിയിട്ടില്ല. ഭരണത്തില്‍ സ്വാധീനമുള്ള ചില അധ്യാപകര്‍ അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ക്ക് പണം ലഭ്യമാക്കാന്‍ ഉത്സാഹിക്കുമ്പോള്‍ കുടിവെള്ള പ്രശ്നം അവഗണിക്കപ്പെട്ടതാണ് ഒരു കാരണം. ആ സമീപനം മാറ്റി പുതിയ ടാങ്ക് പ്രവര്‍ത്തനക്ഷമമാക്കാന്‍ സര്‍കാര്‍ സഹായം ലഭിച്ചാല്‍ മാത്രമേ കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ പറ്റുകയുള്ളൂവെന്നും അവര്‍ വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി.

Keywords: Dr Rema's statement about controversy,  Kasaragod, News, Controversy, Student, Top-Headlines, Kerala.

Post a Comment