ദമ്പതികളുടെ 13-ാമത്തെ യാത്രയാണ് ഇത്. സഊദി അറേബ്യയില്‍ നിന്ന് ജോര്‍ദാനിലേക്കും അവിടെ നിന്ന് വീണ്ടും സഊദിയിലെത്തി ബഹ്‌റൈനിലേക്കും തുടര്‍ന്ന് ഖത്വര്‍, യുഎഇ, ഒമാന്‍ എന്നിവിടങ്ങളിലൂടെ യാത്ര ചെയ്യാനാണ് പദ്ധതിയെന്ന് ഹാറൂണ്‍ റഫീഖ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. യാത്രയ്ക്ക് നിശ്ചിത ദിവസങ്ങളൊന്നും ഇവര്‍ തീരുമാനിച്ചിട്ടില്ല. കാലാവസ്ഥയും മറ്റും പരിഗണിച്ച് അതത് സ്ഥലങ്ങളില്‍ നിന്നാണ് തുടര്‍ ദിവസത്തെ യാത്രകള്‍ നിശ്ചയിക്കുന്നത്.
എയറോനോടികല്‍ എന്‍ജിനീയറും ഇന്‍ഡ്യന്‍ വ്യോമസേനയില്‍ സേവനമനുഷ്ഠിക്കുകയും ചെയ്ത പരേതനായ കെപി മുഹമ്മദിന്റെ മകനാണ് ഹാറൂണ്‍ റഫീഖ്. ജവഹര്‍ലാല്‍ നെഹ്റുവിന്റെ വിമാനത്തിന്റെ ചുമതല വഹിച്ചിരുന്ന മുഹമ്മദ് അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്യാറുണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധം, ഇന്‍ഡ്യ - പാകിസ്താന്‍ യുദ്ധം, ഇന്‍ഡ്യ - ചൈന യുദ്ധം എന്നിവയിലും പങ്കെടുത്ത് രാജ്യത്തിന് വേണ്ടി പോരാടിയ പിതാവിന്റെ ചരിത്രം എന്നെന്നും മനസില്‍ കൊണ്ടുനടക്കുന്ന ഹാറൂണിന് യാത്രയാണ് കൂടുതല്‍ ഇഷ്ടം. സഹധര്‍മിണിക്കും യാത്ര പെരുത്ത് ഇഷ്ടമായതിനാല്‍ ലോകം കീഴടക്കാന്‍ ഒപ്പം കൂട്ടിയതും ഭാര്യയെ തന്നെ.
കര്‍ണാടക ഹൈകോടതി ജഡ്ജ് ജസ്റ്റിസ് എഎം ഫാറൂഖ് - ബീഫാത്വിമ ദമ്പതികളുടെ മകളാണ് ഫര്‍സാന. നിയമരംഗത്ത് 45 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ജസ്റ്റിസ് ഫാറൂഖ് വിരമിക്കുന്നതുവരെ കര്‍ണാടക ജുഡീഷ്യല്‍ അകാഡമിയുടെ ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട് . 2008 മുതല്‍ 2013 വരെ കര്‍ണാടക സ്റ്റേറ്റ് അപലേറ്റ് ട്രൈബ്യൂണല്‍ പ്രസിഡന്റുമായിരുന്നു. കാസര്‍കോട് നഗരസഭയുടെ ചെയര്‍മാനും മുസ്ലിം ലീഗ് നേതാവുമായിരുന്ന ടിഇ അബ്ദുല്ലയുടെ സഹോദരിയാണ് ജസ്റ്റിസ് എഎം ഫാറൂഖിന്റെ ഭാര്യ ബീഫാത്വിമ.
കോഴിക്കോടും കാസര്‍കോടുമാണ് ജനനമെങ്കിലും ഹാറൂണും ഫര്‍സാനയും വളര്‍ന്നത് ബെംഗ്‌ളൂറിലാണ്. ഹാറൂണ്‍ 30 വര്‍ഷമായി സഊദി അറേബ്യയില്‍ ഫൈബര്‍ ഒപ്റ്റിക് ബിസിനസ് ചെയ്യുന്നു. ബിഡിഎസ് പൂര്‍ത്തിയാക്കിയ ഫര്‍സാന ഇപ്പോള്‍ പ്രാക്ടീസ് ചെയ്യുന്നില്ല. വിവാഹത്തിന് ശേഷം ലോകത്തെ അനേകം ഇടങ്ങള്‍ നേരിട്ട് അറിയണമെന്നുമുള്ള അടങ്ങാത്ത ആഗ്രഹത്തിന്റെ പുറത്ത് ഇരുവരും ഒരുമിച്ച് യാത്ര തുടങ്ങി. 2010 ല്‍ ആല്‍പ്‌സിലേക്കായിരുന്നു ആദ്യ യാത്ര. യൂറോപ്, ജര്‍മനി, ഓസ്ട്രിയ, സ്ലോവേനിയ, ഇറ്റലി എന്നിവിടങ്ങളിലൂടെ ആദ്യ യാത്രയില്‍ കറങ്ങി. രണ്ടാമത്തെ യാത്ര ദക്ഷിണേന്‍ഡ്യയിലേക്കും മൂന്നാമത്തെ യാത്ര ദക്ഷിണാഫ്രികയിലേക്കുമായിരുന്നു.
നാലാമത്തെ യാത്രയില്‍ വടക്കേ അമേരികയും അഞ്ചാമത്തെ യാത്രയില്‍ ന്യൂസിലന്‍ഡും ആറാമത്തെ യാത്രയില്‍ തെക്കേ അമേരികയും സഞ്ചരിച്ചു. സ്ലോവേനിയ, ബോസ്‌നിയ & ഹെര്‍സഗോവിന, ക്രൊയേഷ്യ, മോണ്ടിനെഗ്രോ, ഇറ്റലി എന്നിവിടങ്ങളിലൂടെ ഏഴാമത്തെ യാത്രയും പൂര്‍ത്തിയാക്കി. എട്ടാമത്തെ യാത്ര - ഐസ്ലാന്‍ഡിലേക്കായിരുന്നു. ഇവിടേക്കുള്ള സഞ്ചാരം ജീവിതത്തിലെ ഏറ്റവും മനോഹരമായിരുന്നുവെന്ന് ഇവര്‍ പറയുന്നു. ജര്‍മനി, ഫ്രാന്‍സ്, ബെല്‍ജിയം, ലക്‌സംബര്‍ഗ് എന്നിവിടങ്ങളിലേക്കായിരുന്നു പിന്നീടുള്ള യാത്ര.
മലേഷ്യ കറങ്ങി പത്താം യാത്ര പൂര്‍ത്തിയാക്കി. 11-ാം യാത്ര ജപാനിലേക്കും 12-ാം യാത്ര യുദ്ധത്തിന് മുമ്പ് റഷ്യയിലേക്കുമായിരുന്നു. ഒരിടവേളയ്ക്ക് ശേഷം ഇപ്പോള്‍ 13-ാം യാത്രയില്‍ എത്തി നില്‍ക്കുന്നു. വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് ജിദ്ദയില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഗള്‍ഫ് മാധ്യമം സീനിയര്‍ റിപോര്‍ടര്‍ ഇബ്രാഹിം ചെമ്മനാട് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. സഊദി അറേബ്യയിലെ ചരിത്രമുറങ്ങുന്ന പ്രദേശങ്ങള്‍ താണ്ടിയാണ് യാത്ര. ബദര്‍ രക്തസാക്ഷികളുടെ സ്മാരകം, മസ്ജിദുല്‍ അരീഷ്, ജബല്‍ മലാഇഖ തുടങ്ങിയ ഇടങ്ങളും ഇവര്‍ സന്ദര്‍ശിച്ചു. ആദ്യ ദിനം 745 കി മീറ്റര്‍ ദൂരമാണ് ഇവര്‍ സഞ്ചരിച്ചത്.
യാത്രയ്ക്കായി ബൈക് തെരഞ്ഞെടുക്കുന്നതിനും ദമ്പതികള്‍ക്ക് പ്രത്യേക കാരണമുണ്ട്. മഴയും മഞ്ഞും നാടിന്റെ മണവുമൊക്കെ ആസ്വദിച്ചും അടുത്തറിഞ്ഞും യാത്ര ചെയ്യാന്‍ ബൈകിലൂടെ മാത്രമേ കഴിയൂവെന്നാണ് ദമ്പതികള്‍ പറയുന്നത്. കാറിലൂടെയുള്ള യാത്ര ചെയ്യുന്നത് നാടുകള്‍ ഒരു ടിവിയില്‍ കാണുന്നത് പോലെയാണെന്ന് ദമ്പതികള്‍ വ്യക്തമാക്കുന്നു. ലക്ഷങ്ങള്‍ വിലയുള്ള യമഹ സൂപര്‍ ടെനെരെ 1200 ബൈകിലാണ് ഇപ്പോഴത്തെ യാത്ര. മകന്‍ ആദില്‍ ബിബിഎ പൂര്‍ത്തിയാക്കി ഇപ്പോള്‍ സൈകോളജി ചെയ്യുന്നു. മകള്‍ അമല്‍ 12-ാം ക്ലാസ് വിദ്യാര്‍ഥിയാണ്. മക്കളുടെ പൂര്‍ണ പിന്തുണയാണ് ഇവര്‍ക്ക് യാത്രയ്ക്ക് കരുത്തേകുന്നത്. ഫര്‍സാനയുടെ മൂത്ത സഹോദരിയുടെ ഭര്‍ത്താവ് മുഹമ്മദ് നവാസ് കര്‍ണാടക ഹൈകോടതി ജഡ്ജാണ്.
ഹാറൂൺ റഫീഖ് - ഡോക്ടർ ഫർസാന ദമ്പതികളുടെ യാത്രാ സംബന്ധമായ കൂടുതൽ വിവരങ്ങൾ ഇവരുടെ വെബ്സൈറ്റിലൂടെയും ഇൻസ്റ്റഗ്രാം പേജിലൂടെയും അറിയാം.
വിലാസം: www(dot)rideforpassion(dot)com
Instagram haroon(dot)rideforpassion
Keywords: Latest-News, World, Top-Headlines, Travel, Travel&Tourism, Tourism, Gulf, Dubai, Kasaragod, Haroon Rafiq KP, Dr Zainaba Farzana, Couple who crossed 6 continents by bike started their 13th journey.
< !- START disable copy paste -->