മംഗ്‌ളുറു: (www.kasargodvartha.com) സര്‍കാര്‍ നടപടി കടുപ്പിച്ചിട്ടും രണ്ട് യുവ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥകള്‍ തമ്മിലുള്ള പോരിന് അറുതിയായില്ല. യുവ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡികെ രവിയുടെ ആത്മഹത്യക്ക് പിന്നില്‍ രോഹിണി സിന്ധൂരി ഐഎഎസ് ആണെന്ന ആരോപണം ഉന്നയിച്ചാണ് ഡി രൂപ മൗഡ്ഗില്‍ സര്‍കാറിന്റെ വിലക്കുകള്‍ ലംഘിച്ചത്. ഇരുവരേയും അവര്‍ വഹിച്ചുപോന്ന പദവികളില്‍ നിന്ന് മാറ്റുകയും എവിടേയും നിയമനം നല്‍കാതിരിക്കുകയും ചെയ്ത സര്‍കാര്‍ മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും വഴിയും മറ്റു മാര്‍ഗേണയും ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് വിലക്ക് ഏര്‍പെടുത്തുകയും ചെയ്തിരുന്നു.
എന്നാല്‍ വിവരാവകാശ പ്രവര്‍ത്തകന്‍ ഗംഗാരാജുവുമായി രൂപ നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപാണ് ബുധനാഴ്ച പുറത്തു വിട്ടത്. സിന്ധൂരി തന്റെ ഔദ്യോഗിക പദവി കുടുംബത്തിന്റെ ഭൂമി ഇടപാടുകള്‍ മെച്ചപ്പെടുത്താന്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് രൂപ ആരോപിക്കുന്നു. തന്റെ ഭര്‍ത്താവ് റവന്യൂ വകുപ്പില്‍ സര്‍വേ തീര്‍പ്പ് -ഭൂരേഖ വിഭാഗം കമീഷണര്‍ മുനിഷ മൗഡ്ഗിലിന്റെ സഹായം ഭൂമി ഇടപാടില്‍ അവര്‍ തേടിയിരുന്നു. (ഈ ഐഎഎസ് ഉദ്യോഗസ്ഥനെയും സര്‍കാര്‍ പകരം തസ്തിക നല്‍കാതെ പദവിയില്‍ നിന്ന് നീക്കിയിട്ടുണ്ട്). 'അവള്‍ അര്‍ബുദം പോലെയാണ്. ആരേയും സ്വാധീനിക്കും. ഡികെ രവി ആത്മഹത്യ ചെയ്യേണ്ടി വന്നതിന്റെ കാരണം വാസ്തവത്തില്‍ അതാണ്', 25 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോയില്‍ പറയുന്നു.
തമ്മില്‍ നടന്ന സംസാരം പുറത്തുവിട്ടതിനെതിരെ കേസ് കൊടുക്കാന്‍ ഒരുങ്ങുകയാണ് ഗംഗാരാജു. ബെംഗളൂരുവില്‍ വാണിജ്യ നികുതി (എന്‍ഫോഴ്‌സ്‌മെന്റ്) വിഭാഗം അഡി.കമീഷണറായിരിക്കെ 2015 മാര്‍ച് 16നായിരുന്നു 34 കാരനായ 2009 ബാച് ഐഎഎസ് ഓഫീസര്‍ ഡികെ രവിയെ ഔദ്യോഗിക വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നത്തെ സിദ്ധാരാമയ്യ സര്‍കാറില്‍ മന്ത്രിയായിരുന്ന കോട്ടയം സ്വദേശി കെജെ ജോര്‍ജിന് എതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയ സംഭവമായിരുന്നു അത്.
എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ആത്മഹത്യ ചെയ്തതാണെന്നാണ് സിബിഐ നടത്തിയ 20 മാസം നീണ്ട അന്വേഷണത്തില്‍ കണ്ടെത്തിയത്. അതോടെ കേസ് അവസാനിക്കുകയും ചെയ്തു. ആത്മഹത്യയിലേക്ക് നയിച്ച മാനസിക സമ്മര്‍ദം സംബന്ധിച്ച വെളിപ്പെടുത്തലാണ് ഇപ്പോള്‍ രൂപ നടത്തിയത്. ആസന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ആയുധമായി കോണ്‍ഗ്രസ് ഭരണത്തില്‍ നടന്ന സംഭവം മറ്റൊരു രീതിയില്‍ ഉപയോഗിക്കാന്‍ ബിജെപിക്ക് വഴി തുറന്നേക്കാം.
Keywords: Latest-News, National, Karnataka, Mangalore, Controversy, Clash, IAS, District Collector, Police-Officer, Top-Headlines, Allegation, Rohini and Roopa, Cold war between Rohini and Roopa continues.