വ്യാഴാഴ്ച രാവിലെ 10.30 മണിയോടെ കരുണാകരനും മകളുടെ ഭർത്താവും വീട് പൂട്ടി തെയ്യം കാണാൻ പോയിരുന്നു. വൈകുന്നേരം മൂന്നു മണിയോടെ വീട് തുറന്ന് നോക്കിയപ്പോഴാണ് വീട്ടിലെ ഒരു കിടപ്പുമുറിയിലെ അലമാരയിൽ നിന്നും സ്വർണ്ണവും പണവും കവർന്നത് ശ്രദ്ധയിൽപ്പെട്ടത്. മറ്റ് മുറികളിലെ അലമാരയിൽ കുറച്ച് സ്വർണ്ണാരണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ആ അലമാരയൊന്നും തുറന്നില്ല.
വീടിനെ കുറിച്ച് നന്നായി അറിയുന്ന ആരോ ആണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന. സാധാരണ വീട്ടുജോലിക്കായി ഒരു സ്ത്രീ വരാറുണ്ടായിരുന്നു. തെയ്യം കാണാൻ വീട്ടുകാർ പോകുന്നത് കാരണം അവരോട് വരേണ്ടെന്ന് അറിയിച്ചതായ വിവരവും പുറത്തുവന്നിട്ടുണ്ട്. വീടിന്റെ താക്കോൽ സൂക്ഷിക്കുന്ന സ്ഥലം കൃത്യമായി അറിയുന്നയാളാണ് മോഷണത്തിന് പിന്നിലെന്ന സൂചന പുറത്തു വന്നതോടെ ഹൊസ്ദുർഗ് പൊലീസ് സംശയമുള്ളവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു വരികയാണ്. വീട് കുത്തി പൊളിക്കുകയോ മറ്റോ ചെയ്യാത്തതു കൊണ്ട് കള്ളൻ ഉള്ളറിയുന്ന ആളാണെന്നാണ് പൊലീസിൻ്റെയും സംശയം.