കഴിഞ്ഞദിവസം ആദിവാസി വിഭാഗത്തിൽ പെട്ടവർ കലക്ടറേറ്റിന്റെ കാർ പോർചിലും കലക്ടറുടെ ചേംബറിനടുത്തും ഉപരോധം സൃഷ്ടിച്ചതോടെയാണ് ഇത്തരത്തിലൊരു നിയന്ത്രണം ഏർപെടുത്തിയതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഓഫീസുകളുടെ സുഗമമായ പ്രവർത്തനം സാധ്യമാക്കുന്നതിനുള്ള നിയന്ത്രണം മാത്രമാണ് ഇതെന്നും ഉദ്യോഗസ്ഥർക്കോ മറ്റ് ജീവനക്കാർക്കോ സർകാരിന്റെ സേവനങ്ങൾ ആവശ്യപ്പെട്ടെത്തുന്ന പൊതുജനങ്ങൾക്കോ നിയന്ത്രണം ഒരുതരത്തിലും ബാധിക്കില്ലെന്നും എഡിഎം എകെ രമേന്ദ്രൻ കാസർകോട് വാർത്തയോട് പറഞ്ഞു.
കലക്ടറോ എഡിഎമോ പൊലീസോ അല്ല നിയന്ത്രണം ഏർപെടുത്തിയിരിക്കുന്നതെന്നും ഓഫീസുകളുടെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥരാകാം നിർദേശം നൽകിയിട്ടുള്ളതെന്നും എഡിഎം പറഞ്ഞു. കവാടങ്ങൾ അടച്ചതോടെ അംഗപരിമിതിയുള്ളവരും വൃദ്ധജനങ്ങളും അടക്കമുള്ള പൊതുജനവും ഏറെ പ്രയാസം അനുഭവിക്കുന്നുണ്ട്. അംഗപരിമിതിയുള്ള നിരവധി പേരും കലക്ടറേറ്റിലും അനുബന്ധ ഓഫീസിലും ജോലി ചെയ്യുന്നുണ്ട്. ഇവർക്കും നിയന്ത്രങ്ങൾ തടസമായി തീർന്നിട്ടുണ്ട്.
മറ്റ് ജീവനക്കാർക്കും നിയന്ത്രണങ്ങൾ പ്രയാസം സൃഷ്ടിക്കുന്നുണ്ടെങ്കിലും ജീവനക്കാരുടെ സംഘടനകളാരും തന്നെ നിലപാട് വ്യക്തമാക്കിയിട്ടില്ല. സുരക്ഷാ ഭീഷണി ഉണ്ടെങ്കിൽ ആവശ്യമായ പൊലീസ് സുരക്ഷാ ഏർപെടുത്തുകയാണ് വേണ്ടതെന്ന് ജീവനക്കാരിൽ ചിലർ ചൂണ്ടിക്കാട്ടുന്നു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ തന്നെ കലക്ടറേറ്റ് വളപ്പിനകത്ത് തന്നെയാണ് പ്രവർത്തിക്കുന്നത്. വിളിപ്പാടകലെ പൊലീസ് സ്റ്റേഷൻ ഉണ്ടായിട്ടും പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള ഇത്തരമൊരു നിയന്ത്രണം ആവശ്യമാണോ എന്ന ചോദ്യമാണ് ഉയരുന്നത്.
നൂറുകണക്കിന് ഓഫീസുകളും ആയിരക്കണക്കിന് ജീവനക്കാരും ഉള്ള സിവിൽ സ്റ്റേഷനിൽ കോവിഡ് സമയത്ത് പോലും ഇത്തരത്തിലുള്ള നിയന്ത്രണം ഉണ്ടായിട്ടില്ലെന്നാണ് ജീവനക്കാർ പറയുന്നത്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന നിയന്ത്രണം എടുത്തുകളയണമെന്നും പകരം സംവിധാനം ഏർപെടുത്തണമെന്നുമാണ് ആവശ്യം ശക്തമായിരിക്കുന്നത്. ജീവനക്കാരെയും പൊതുജനങ്ങളെയും കൂട്ടിലിട്ട് നിയന്ത്രിക്കുന്ന അവസ്ഥ ഉണ്ടാവരുതെന്നും ഇത് ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും വിവിധ ആവശ്യങ്ങൾക്ക് കലക്ട്രേറ്റിലെത്തിയ ഏതാനും പേർ കാസർകോട് വാർത്തയോട് പറഞ്ഞു. അതേസമയം, അംഗപരിമിതർക്കും മറ്റ് അവശത അനുഭവിക്കുന്നവർക്കും താഴത്തെ നിലയിൽ തന്നെ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും നിയന്ത്രണത്തിൽ എന്തെങ്കിലും പരാതി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നുമാണ് എഡിഎം പറയുന്നത്.
Keywords: Kasaragod, News, Kerala, Collectorate, Office, Police, Police Station, Complaint, Top-Headlines, Employees, 6 Grills in Kasaragod Collectorate closed.
< !- START disable copy paste -->