മംഗ്ളുറു: (www.kasargodvartha.com) യുഎഇ താമസക്കാരനും അബുദബി രാജകുടുംബത്തിലെ ജീവനക്കാരനുമെന്ന വ്യാജേന മാസങ്ങളോളം ഡെൽഹിയിലെ പഞ്ചനക്ഷത്ര ഹോടെലിൽ താമസിച്ച് 23 ലക്ഷം രൂപയുടെ ബിൽ അടയ്ക്കാതെ മുങ്ങിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ. ദക്ഷിണ കന്നഡ ജില്ലയിലെ മുഹമ്മദ് ശരീഫ് (41) ആണ് അറസ്റ്റിലായത്. ജനുവരി 19ന് ബെംഗ്ളൂറിൽ നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് ഡെൽഹി പൊലീസ് അറിയിച്ചു.
ന്യൂഡെൽഹിയിലെ ലീല പാലസ് ഹോടെലിൽ നാലു മാസത്തോളം താമസിച്ച് 23,46,413 രൂപ നൽകാതെ കബളിപ്പിച്ചെന്ന മാനജരുടെ പരാതിയിൽ ഡെൽഹി പൊലീസ് പ്രതിക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു. ഇയാൾ ഹോടെൽ മുറിയിൽ നിന്ന് വെള്ളി വസ്തുക്കളും മറ്റ് സാധനങ്ങളും മോഷ്ടിച്ചതായും പരാതിയിൽ പറയുന്നുണ്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒന്നു മുതൽ നവംബർ 20 വരെയാണ് ശരീഫ് പഞ്ചനക്ഷത്ര ഹോടെലിൽ താമസിച്ചതെന്നും ആരെയും അറിയിക്കാതെയാണ് പോയതെന്നും പൊലീസ് പറഞ്ഞു.
'താൻ യുഎഇയിൽ താമസിക്കുന്നതായും അബുദബി രാജകുടുംബാംഗമായ ശെയ്ഖ് ഫലാഹ് ബിൻ സാഇദ് അൽ നഹ്യാന്റെ ഓഫീസിൽ ജോലി ചെയ്യുന്നതായും ശരീഫ് ഹോടെൽ അധികൃതരോട് പറഞ്ഞിരുന്നു. യുഎഇയിലെ പ്രധാന സർകാർ ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തി വ്യാജ ബിസിനസ് കാർഡും യുഎഇ റസിഡന്റ് കാർഡും മറ്റ് രേഖകളും ഇയാൾ നൽകിയിരുന്നു.
ശെയ്ഖിനോട് വ്യക്തിപരമായ അടുപ്പമുണ്ടെന്ന് ഹോടെൽ ജീവനക്കാരോട് പറഞ്ഞ ഇയാൾ വിശ്വാസ്യത നേടിയെടുക്കാനായി പല ഇല്ലാ കഥകളും പറഞ്ഞിരുന്നു. ലീല പാലസിൽ ശരീഫിന്റെ ആകെ ബിൽ തുക ഏകദേശം 35 ലക്ഷം രൂപയായിരുന്നു. എന്നിരുന്നാലും, താമസസമയത്ത് ഇയാൾ 11.5 ലക്ഷം രൂപ മാത്രമാണ് നൽകിയത്. പിന്നീട് 20 ലക്ഷം രൂപയുടെ ചെക് ഹോടെലിന് നൽകി. നവംബറിൽ സമർപിച്ച ചെക് അകൗണ്ടിൽ പണമില്ലാത്തതിനാൽ മടങ്ങി. പരാതിയുടെ അടിസ്ഥാനത്തിൽ ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശരീഫ് പിടിയിലായത്', പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Keywords: Mangalore, news, Kerala, arrest, Arrested, case, Police, Man Who Fled Delhi 5-Star Hotel Leaving ₹ 23 Lakh Bill Arrested.