കോഴിക്കോട്: (www.kasargodvartha.com) സംസ്ഥാന സ്കൂൾ കലോത്സവത്തിന് കോഴിക്കോട്ട് തിരിതെളിഞ്ഞു. ഇനി കലയുടെ വിസ്മയങ്ങള്‍ പെയ്ത് നിറയുന്ന ദിനങ്ങൾക്കാണ് നഗരം സാക്ഷ്യം വഹിക്കുക. ഒഴുകിയെത്തിയ കലാസ്വാദകരെ സാക്ഷിയാക്കി പ്രധാന വേദിയായ വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്തു. മാറുന്ന കാലത്തിലേക്ക് പിടിച്ച കണ്ണാടിയാവുകയാണ് സ്‌കൂള്‍ കലോത്സവമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാര്‍ഥിയുടെ കലാപ്രകടനങ്ങള്‍ അരങ്ങേറുന്ന വേദി എന്നതിനപ്പുറം സാമൂഹിക വിമര്‍ശനത്തിന്റെയും നവീകരണത്തിന്റെയും ചാലു കീറുന്നതിനായി പുതുതലമുറ വിവിധ കലകളെ ഉപയോഗപ്പെടുത്തുന്ന സാംസ്‌കാരിക കൂട്ടായ്മയായി കലോത്സവം മാറുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. സ്പീകര്‍ എഎന്‍ ശംസീര്‍, പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്, തുടങ്ങിയവര്‍ പങ്കെടുത്തു. നര്‍ത്തകിയും സിനിമാതാരവുമായ ആശ ശരത് മുഖ്യാതിഥിയായിരുന്നു.നേരത്തെ രാവിലെ 8.30നു പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു നഗരിയിൽ പതാക ഉയർത്തി.
239 ഇനങ്ങളിലായി 14,000 വിദ്യാർഥികൾ മാറ്റുരയ്ക്കും. 24 സ്റ്റേജുകളിലായാണ് കോഴിക്കോട്ട് കലോത്സവം അരങ്ങേറുന്നത്. ഓരോ വേദികൾക്കും വ്യത്യസ്തമായ പേരുകളാണ് ഇത്തവണ നൽകിയിരിക്കുന്നത്. പ്രധാനവേദിയായ വെസ്റ്റ് ഹില്ലിലെ ക്യാപ്റ്റന്‍ വിക്രം മൈതാനത്തിന് നല്‍കിയിരിക്കുന്ന പേര് അതിരാണിപ്പാടം എന്നാണ്. ഒരു ദേശത്തിന്റെ കഥയിലൂടെ പ്രശസ്തമായ നാടാണ് അതിരാണിപ്പാടം. കോവിഡ് മൂലം നീണ്ട ഇടവേളയ്ക്ക് ശേഷമാണ്, തങ്ങളുടെ സാഹിത്യ-കലാ കഴിവുകൾ പ്രകടിപ്പിക്കുന്നതിനായി വിദ്യാർഥികൾ എത്തുന്നത്.
Keywords: Top-Headlines, Kerala, School-fest, Kerala-School-Kalolsavam, School-Kalolsavam, Kozhikode, Pinarayi-Vijayan, Inauguration, Kerala School Kalolsavam started in Kozhikode.
< !- START disable copy paste -->