കാസർകോട്: (www.kasargodvartha.com) കുണ്ടംകുഴിയിലെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമയും ഡയറക്ടരും പൊലീസ് പിടിയിൽ. ഗ്ലോബൽ ബിസിനസ് ഗ്രൂപ് (GBG) നിധി ലിമിറ്റഡ് സ്ഥാപനത്തിന്റെ ഉടമയും ചെയർമാനുമായ വിനോദ് കുമാർ, ഡയറക്ടർ ഗംഗാധരൻ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം. മറ്റ് ഡയറക്ടർമാരെയും കസ്റ്റഡയിലെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
നിക്ഷേപത്തട്ടിപ്പ് ആരോപണം പുറത്തുവന്നതോടെ ജിബിജി ചെയർമാൻ ഡി വിനോദ് കുമാർ ഒളിവിൽ പോയിരുന്നു. ഇതിനിടെ ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ വിനോദ് കുമാർ തിങ്കളാഴ്ച കാസർകോട് പ്രസ്‌ക്ലബിൽ വാർത്താസമ്മേളനം വിളിച്ചിരുന്നു. എന്നാൽ പ്രസ് ക്ലബിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ ഇയാളെ ബേഡകം പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വാർത്താസമ്മേളനത്തിനായി എത്തിയ ഡയറക്ടർ ബോർഡ് അംഗങ്ങളിൽ ഒരാളായ ഗംഗാധരനെ പ്രസ് ക്ലബിന് സമീപത്ത് വെച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കുണ്ടംകുഴിയിലെ ജിബിജി നിധി എന്ന സ്ഥാപനം കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതായി പരാതിയുള്ളത്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലായി 5500 ൽ അധികം നിക്ഷേപകർ ഇരയായിട്ടുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. നിലവിൽ 18 പരാതികളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. ഇനിയും കൂടുതൽ പേർ പരാതിയുമായി എത്തുമെന്നാണ് പൊലീസ് കരുതുന്നത്. നിക്ഷേപത്തിന് 80 ശതമാനത്തിന് മുകളിൽ പലിശ വാഗ്ദാനം ചെയ്ത് 400 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.
2020ൽ ആരംഭിച്ച സ്ഥാപനം തുടക്കത്തിൽ കൃത്യമായി പലിശ നൽകിയാണ് നിക്ഷേപകരെ വിശ്വാസത്തിൽ എടുത്തത്. പിന്നീട് നിക്ഷേപകർക്ക് പണം ലഭിക്കാതെ വന്നതോടെയാണ് പലരും പരാതിയുമായി രംഗത്തുവന്നത്. ആദ്യഘട്ടത്തിൽ സ്ഥാപനത്തിൽ നിന്നുള്ള ഭീഷണി, പണം കിട്ടുമെന്നുള്ള ഉറപ്പ് തുടങ്ങിയവ കാരണം ഇരകൾ പരാതി നൽകാൻ തയ്യാറായില്ലെന്നും പണം കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് പലരും പരാതിയുമായി വന്നതെന്നും പൊലീസ് പറയുന്നു.
Keywords: Kasaragod, News, Kerala, Fraud, Press meet, Case, Arrest, Arrested, Police, Investment fraud case: owner and director in police custody.