ദുബൈ: (www.kasargodvartha.com) ദുബൈയില്‍ പ്രവാസി യുവാവിനെ ആളുമാറി മര്‍ദിച്ചെന്ന സംഭവത്തില്‍ അഞ്ചുപേര്‍ക്ക് തടവ് ശിക്ഷ. ഒരു വര്‍ഷം വീതമാണ് ഇവര്‍ക്ക് ദുബൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇവരെ യുഎഇയില്‍ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചതെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.
എതിര്‍ സംഘത്തില്‍പ്പെട്ട ആളാണെന്ന് തെറ്റിദ്ധരിച്ചാണ് ആഫ്രികക്കാരുടെ സംഘം യുവാവിനെ വടികള്‍ ഉള്‍പെടെയുള്ളവയുമായി മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു. ദുബൈയിലെ മുസഫ ഏരിയയിലായിരുന്നു സംഭവം. പരിസരത്ത് ആദ്യം ആഫ്രികക്കാരായ രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടിയിരുന്നു. പ്രദേശത്ത് നിയമവിരുദ്ധമായി മദ്യം വില്‍ക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് ഏറ്റുമുട്ടലില്‍ കലാശിച്ചതെന്നും റിപോര്‍ടുകള്‍ പറയുന്നു.
സംഘര്‍ഷം അവസാനിച്ച ശേഷം അല്‍പം കഴിഞ്ഞ് പ്രവാസി യുവാവ് തനിച്ച് അതുവഴി നടന്നുവരികയായിരുന്നു. ആ സമയത്ത് അവിടെ നിലയുറപ്പിച്ചിരുന്ന ഒരു സംഘം, മറ്റേ സംഘത്തില്‍പെട്ട ആളാണെന്ന് തെറ്റിദ്ധരിച്ച് ഇയാളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി.
Keywords: Dubai, News, Gulf, World, Top-Headlines, court, court-order, Dubai: Five jailed for assaulting man.