കോഴിക്കോട്: (www.kasargodvartha.com) സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആഘോഷ ലഹരിയിലാണ് കോഴിക്കോട് നഗരം. വിദ്യാർഥികളുടെ ആദ്യ ജില്ലാ സംഘം തിങ്കളാഴ്ച രാവിലെ ഒൻപതിന് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. ജനുവരി മൂന്ന് മുതൽ ഏഴ് വരെയാണ് കലോത്സവം നടക്കുന്നത്. രാവിലെ 10 മണിക്ക് ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ ഫോർ ബോയ്സ് സ്‌കൂളിൽ രജിസ്‌ട്രേഷൻ ആരംഭിച്ചു. 239 ഇനങ്ങളിൽ പങ്കെടുക്കുന്ന 14,000 ത്തോളം വിദ്യാർഥികൾക്ക് കോഴിക്കോട് നഗരം ആതിഥേയത്വം വഹിക്കും.
പാർക്കിംഗ് ശ്രദ്ധിക്കുക
പാർക്കിംഗ് കാര്യക്ഷമമാക്കാൻ നഗരത്തിൽ സൗകര്യപ്രദമായ 20 സ്ഥലങ്ങൾ പൊലീസ് നിശ്ചയിച്ചിട്ടുണ്ട്. വെസ്റ്റ്ഹിൽ ഗവൺമെന്റ് ടെക്‌നിക്കൽ സ്‌കൂൾ, ഗവൺമെന്റ് പോളിടെക്‌നിക് കോളേജ് എന്നിവയുടെ മൈതാനം വിക്രം മൈതാനത്തെ പ്രധാന വേദിയിലേക്ക് വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി സജ്ജീകരിച്ചിട്ടുണ്ട്. നഗരത്തിലെ 18 സ്‌കൂളുകളുടെ മൈതാനത്ത് പാർക്കിങ്ങിന് സൗകര്യമൊരുക്കിയിട്ടുണ്ട്.
ഗതാഗത നിയന്ത്രണങ്ങൾ
കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാൻ ജനുവരി മൂന്ന് മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടാവും. കണ്ണൂർ ഭാഗത്തുനിന്ന് നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ വെസ്റ്റ്ഹിൽ-ചുങ്കം ജങ്ഷനിൽ നിന്ന് വഴിതിരിച്ചുവിടും. സിറ്റി ബസിന് നിയമങ്ങളിൽ ഇളവ് ഉണ്ടാകും. കുറ്റിയാടി-പേരാമ്പ്ര ഭാഗത്തുനിന്ന് വരുന്ന ബസുകൾ പൂളാടിക്കുന്ന് ജങ്ഷനിൽ നിന്ന് വേങ്ങേരി-അരയിടത്തുപാലം വഴി ബസ് സ്റ്റാൻഡിലേക്ക് പോകണം.
കണ്ണൂർ ഭാഗത്തുനിന്ന് വരുന്ന ഭാരവാഹനങ്ങൾ വെങ്ങളം ജങ്ഷനിൽനിന്ന് വേങ്ങേരി-മലാപ്പറമ്പ് വഴി നഗരത്തിലേക്ക് പോകണം. കണ്ണൂർ ഭാഗത്തുനിന്ന് വലിയങ്ങാടി ഭാഗത്തേക്കുള്ള ട്രക്കുകൾ കോഴിക്കോട് ബീച്ച് റോഡിലൂടെ പോകണം. തളി റോഡിന് സമീപം വൺവേ ഗതാഗതം ഏർപ്പെടുത്തും. തളി റോഡ് മുതൽ പൂന്താനം ജംക്ഷൻ വരെ വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കും. ജയലക്ഷ്മി ജംക്ഷനും ചാലപ്പുറത്തും ഇടയിൽ വൺവേ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കോടതി റോഡ്, കോൺവെന്റ് റോഡ്, ബാലാജി ജംഗ്ഷൻ എന്നിവിടങ്ങളിലും സമാനമായ നിയന്ത്രണങ്ങൾ ഉണ്ടാകും. കലോത്സവ വാഹനങ്ങൾക്ക് ന്യായമായ ഇളവ് നൽകാനും പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഓട്ടോറിക്ഷ നിരക്കിൽ ഇളവ്
കലോത്സവത്തിനെത്തുന്ന മത്സരാർത്ഥികൾക്ക് ഓട്ടോറിക്ഷ നിരക്കിൽ ഇളവ് നൽകും. കലോത്സവവുമായി ബന്ധപ്പെട്ട ഗതാഗത കമ്മറ്റിയുടെ സ്റ്റിക്കർ പതിച്ച് ഓടുന്ന തെരഞ്ഞെടുക്കപ്പെട്ട ഓട്ടോറിക്ഷകളിലാണ് ഇളവ് നൽകുക. യാത്ര ഇനത്തിൽ മീറ്റർ തുകയിൽ നിന്ന് മൂന്ന് രൂപ ഇളവ് നൽകും. രാത്രി കാല സർവീസിന് അമിത ചാർജ് നിശ്ചയിച്ച പരിധി രാത്രി 10 മണിയിൽ നിന്ന് 11.30ലേക്ക് നീട്ടാനും കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് വിളിച്ചു ചേർത്ത ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ നേതാക്കളുടെ യോഗത്തിൽ ധാരണയായിട്ടുണ്ട്.
Keywords: Top-Headlines, Kerala, Art-Fest, School-fest, Kerala-School-Kalolsavam, Kerala, Students, Contractors, Kozhikode, Concession in autorickshaw fare for contestants attending Kerala School Kalolsavam.