പത്തനംതിട്ട: (www.kasargodvartha.com) വെണ്ണികുളത്ത് ദുരന്തനിവാരണ അതോറിറ്റിയുടെ മോക് ഡ്രിലിനിടെ വെള്ളത്തില്‍ വീണ് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന യുവാവ് മരിച്ചു. മോക് ഡ്രിലില്‍ പങ്കെടുത്ത നാട്ടുകാരില്‍ ഒരാളായ കല്ലൂപ്പാറ പാലത്തിങ്കല്‍ സ്വദേശിയായ കാക്കരക്കുന്നേല്‍ ബിനു സോമന്‍ (34) ആണ് മരിച്ചത്.
മണിമലയാറ്റില്‍ മുങ്ങിത്താഴ്ന്ന യുവാവിനെ അഗ്‌നിരക്ഷാസേനയുടെ സ്‌ക്രൂബ ടീം കരയ്‌ക്കെടുത്ത് തിരുവല്ലയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. രാത്രി 8.10 നാണ് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ബിനു സോമന്റെ മരണം സ്ഥിരീകരിച്ചത്.
വ്യാഴാഴ്ച രാവിലെയാണ് വെണ്ണിക്കുളം പടുതോട് പാലത്തിന് സമീപത്ത് വെച്ച് ബിനു സോമന്‍ അപകടത്തില്‍പെട്ടത്. ഉരുള്‍പൊട്ടല്‍ പ്രളയ രക്ഷാപ്രവര്‍ത്തനങ്ങളുടെ തയ്യാറെടുപ്പുകള്‍ വിലയിരുത്താനാണ് ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാന വ്യാപകമായി മോക് ഡ്രില്‍ സംഘടിപ്പിച്ചത്.
എല്ലാ കൊല്ലവും വെള്ളപ്പെക്കത്തില്‍ അപകടങ്ങളുണ്ടാവുന്ന പടുതോട് പാലത്തിന് സമീപത്താണ് രാവിലെ ഒന്‍പത് മണിയോടെ മോക് ഡ്രില്‍ തുടങ്ങിയത്. നീന്തല്‍ അറിയാവുന്ന നാട്ടുകാരുടെ സഹകരണവും ദുരന്ത നിവാരണ അതോരിറ്റി തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിനു സോമനും മറ്റ് മൂന്ന് പേരും പ്രതീകാത്മക അപകട രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.
എന്‍എഡിആര്‍എഫ്, അഗ്‌നിശമന സേന എന്നിവരുടെ നിര്‍ദേശ പ്രകാരം വെള്ളത്തില്‍ വീണവരെ രക്ഷിക്കുന്ന രീതി പരീക്ഷിക്കുന്നതിനിടയാലാണ് ബിനു ആഴത്തിലുള്ള കയത്തില്‍ വീണ് ഒഴുക്കില്‍പെട്ടത്. അരമണിക്കൂറോളം വെള്ളത്തില്‍ മുങ്ങി താഴ്‌ന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. സമയോജിതമായി രക്ഷപെടുത്തുന്നതില്‍ എന്‍ഡിആര്‍എഫിനും ഫയര്‍ഫോഴ്‌സിനും വീഴ്ച വന്നെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. മോക് ഡ്രിലിന് ഉപയോഗിച്ച ഉപകരണങ്ങളും ബോടുകളും തകരാറിലായിരുന്നെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്.