മംഗ്ളുറു: (www.kasargodvartha.com) നാലാം ക്ലാസ് വിദ്യാർഥിയെ ഇരുമ്പ് വടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗഡഗ് നര്‍ഗുണ്ട് ഹഡലി ഗ്രാമത്തിൽ ഗവ. മോഡല്‍ പ്രൈമറി സ്‌കൂളിലെ മുത്തപ്പ യെല്ലപ്പ ഹഡലിയാണ് (41) അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ച ഇയാളുടെ മർദനമേറ്റ വിദ്യാർഥി ഭരത് ബാരകേരി (ഒമ്പത്) തിങ്കളാഴ്ച മരിച്ചിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ മുത്തപ്പയെ കേസ് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തതെന്ന് ഗഡക് ജില്ലാ പൊലീസ് സൂപ്രണ്ട് ശിവപ്രസാദ് ദേവരാജു പറഞ്ഞു. മരിച്ച കുട്ടിയുടെ മാതാവും ഇതേ സ്കൂളിൽ അധ്യാപികയുമായ ഗീത ബാരക്കേരിയോടുള്ള അരിശമാണ് പ്രതി പ്രകടിപ്പിച്ചതെന്നാണ് പ്രാഥമിക സൂചന.
'ഈയിടെ സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും പഠന വിനോദ യാത്ര നടത്തിയിരുന്നു. ഗീത ടീചർ എല്ലാവരുമായും അടുത്തിടപഴകിയത് മുത്തപ്പക്ക് ഇഷ്ടമായില്ല. ഇതേപ്പറ്റി ചോദിക്കുക കൂടി ചെയ്തതോടെ ടീചർ പ്രതിയിൽ നിന്ന് അകലം പാലിച്ചു. മർദനമേറ്റ കുട്ടി നിലവിളിച്ച് അമ്മയുടെ അടുത്തേക്കാണ് ഓടിച്ചെന്നത്. കാരണം തിരക്കിയപ്പോൾ അവരേയും ക്രൂരമായി മർദിക്കുകയായിരുന്നു. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന അധ്യാപിക അപകടനില തരണം ചെയ്തിട്ടില്ല', എസ് പി പറഞ്ഞു.
Keywords: Karnataka: Teacher arrested for class 4 student's murder in Gadag, Karnataka,news,Mangalore,Top-Headlines,Arrested,Assault,case,Student.